മിനിറ്റുകൾക്കകം നിക്ഷേപകർക്ക് നഷ്ടം അഞ്ചുലക്ഷം കോടി; ഓഹരി വിപണിയിൽ തകർച്ചയോടെ തുടക്കം
text_fieldsമുംബൈ: പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ ഓഹരി വിപണിയിൽ തകർച്ചയോടെ തുടക്കം. പുതിയ ആഴ്ചയിലെ വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ സെൻസെക്സും നിഫ്റ്റിയും ഒരു ശതമാനത്തോളം ഇടിഞ്ഞു. വ്യാപാരം ആരംഭിച്ചതിന് പിന്നാലെ 9.21ഓടെ സെൻസെക്സ് 1066.36 പോയിന്റ് ഇടിഞ്ഞ് 72,516.86ലെത്തി. നിഫ്റ്റി 316.30 പോയിന്റ് ഇടിഞ്ഞ് 22,503.30 ലുമെത്തി. അഞ്ചുലക്ഷം കോടിയാണ് മിനിറ്റുകൾക്കകം നിക്ഷേപകർക്ക് നഷ്ടമായത്.
ഭാരത് ഇലക്ട്രോണികസ്, റിലയൻസ് ഇൻഡസ്ട്രീസ്, പവർ ഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് എന്നിവയുടെ ഓഹരികൾ നേട്ടത്തിലാണ് വ്യാപാരം. ആക്സിസ് ബാങ്കിന്റെ ഓഹരിയാണ് വിപണിയിൽ കനത്ത നഷ്ടം നേരിടുന്നത്. കൊട്ടക് മഹീന്ദ്ര, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ട്രെന്റ് ലിമിറ്റഡ്, ബജാജ് ഫിൻസെർവ് തുടങ്ങിയവയുടെ ഓഹരികളാണ് നഷ്ടത്തിൽ വ്യാപാരം തുടരുന്നത്.
യു.എസ് -ഇറാൻ യുദ്ധമാണ് വിപണിയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്. പ്രതിസന്ധി ഒരു മാസത്തിലധികമായി നീളുന്നതും സമീപഭാവിയിൽ ഇത് അവസാനിക്കുമോ എന്ന ആശങ്കയുമാണ് നിക്ഷേപകരെ സമ്മർദ്ദത്തിലാക്കുന്നത്. ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നതും വിപണിയെ ബാധിക്കുന്നുണ്ട്. ഹുർമുസ് കടലിടുക്കിലെ പ്രതിസന്ധിയെ തുടർന്ന് ഇന്ത്യയിലേക്കുള്ള അസംസ്കൃത എണ്ണ ഇറക്കുമതിയിലെ അനിശ്ചിതത്വമാണ് പ്രധാന കാരണം. ലോകത്തിലെ മൂന്നാമത്തെ വലിയ അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.
വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ ഇന്ത്യൻ ഓഹരികൾ നിരന്തരം വിറ്റഴിച്ചുകൊണ്ടിരിക്കുന്നതും വോളറ്റാലിറ്റി സൂചികയായ, ഇന്ത്യ വോളറ്റിലിറ്റി ഇൻഡക്സ് (ഇന്ത്യ VIX) 28ന് മുകളിൽ ഉയർന്നതും ഇന്ത്യൻ ഓഹരി വിപണിയിൽ സമ്മർദ്ദത്തിന് കാരണമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

