ഇനി തുച്ഛമായ വിലയ്ക്ക് ചൈനീസ് മുളക്; ഇന്ത്യയുടെ കുത്തക തകരുന്നു
text_fieldsമുംബൈ: ഭക്ഷണത്തിന് എരിവും രുചിയും പകർന്ന ഇന്ത്യയുടെ മുളകും ജീരകവും ലോക വിപണിക്ക് വേണ്ടാതാവുന്നു. മുളകും ജീരകവും വ്യാപകമായി കൃഷി ചെയ്ത് തുച്ഛമായ വിലയ്ക്ക് ചൈന കയറ്റുമതി ചെയ്യാൻ തുടങ്ങിയതാണ് തിരിച്ചടിയാകുന്നത്. സുഗന്ധ വ്യഞ്ജനങ്ങളുടെ വ്യാപാരത്തിൽ ലോകത്ത് ഇന്ത്യയുടെ കുത്തക തകർക്കുന്നതാണ് ചൈനയുടെ നീക്കം.
രണ്ട് വർഷമായി മുളകും ജീരകവും കൃഷി ചെയ്യുന്ന ചൈന ഇന്ത്യയുടെ പല വിപണികളിലും പിടിച്ചെടുത്തതായി കാർഷിക രംഗത്തെ പ്രമുഖ കമ്പനിയായ ബിഗ് ഹാറ്റ് വൈസ് പ്രസിഡന്റ് സന്ദീപ് വൊഡെപള്ളി പറഞ്ഞു. ഇന്ത്യയിൽനിന്ന് വൻതോതിൽ ഇറക്കുമതി ചെയ്ത് പ്രാദേശികമായി സംസ്കരിച്ചും ചൈന സുഗന്ധവ്യഞ്ജനങ്ങൾ വിലക്കുറവിൽ വിൽക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
സുഗന്ധ വ്യഞ്ജന കയറ്റുമതിയിൽ ഇന്ത്യയുടെ നട്ടെല്ലാണ് മുളക്. അതായത് മൊത്തം കയറ്റുമതിയുടെ നാലിലൊന്നിൽ കൂടുതൽ വരും മുളക് കയറ്റുമതി. 2024-25ൽ മുളകുപൊടിയുടെ കയറ്റുമതി മുൻ വർഷത്തെ അപേക്ഷിച്ച് 35 ശതമാനം വർധിച്ച് 80.6 ദശലക്ഷം കിലോഗ്രാമായി. അതുപോലെ, മുളക് കയറ്റുമതി 19 ശതമാനം ഉയർന്ന് ഏഴ് ലക്ഷം ടണ്ണായി. എന്നാൽ, കയറ്റുമതിയിൽനിന്നുള്ള വരുമാനം 11 ശതമാനം ഇടിഞ്ഞതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ആഗോള വിപണിയിൽ ഇന്ത്യൻ മുളക് കടുത്ത മത്സരം നേരിടുന്നുവെന്നാണ് ഈ കണക്കുകൾ നൽകുന്ന സൂചന. ആന്ധ്രപ്രദേശും തെലങ്കാനയും കർണാടകയുമാണ് മുളകിന്റെ പ്രധാന ഉത്പാദകർ. മാത്രമല്ല, കലാവസ്ഥയും ആഗോള വിപണിയിലെ വിലക്കുറവും കാരണം ഉത്പാദനത്തിൽ 35 ശതമാനം ഇടിവുണ്ടായി.
2023-24 വർഷം മുളക് കയറ്റുമതി വരുമാനം മുൻ വർഷത്തെ അപേക്ഷിച്ച് 15 ശതമാനം ഉയർന്നിരുന്നു. ജീരക കയറ്റുമതിയിലും ശക്തമായ വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. 2024-25 ൽ കയറ്റുമതി 39 ശതമാനം വർധിച്ച് 229,881 ടണ്ണായി. തൊട്ടുമുമ്പത്തെ സാമ്പത്തിക വർഷം 165,269 ടണ്ണായിരുന്നു കയറ്റുമതി. അതേസമയം, കഴിഞ്ഞ വർഷം ആഭ്യന്തര ഉത്പാദനത്തിൽ എട്ട് ശതമാനം കുറവുണ്ടായെന്നാണ് കണക്ക്.
രണ്ട് വ്യത്യസ്ത മുളക് ഇനങ്ങളാണ് ചൈന കയറ്റുമതി ചെയ്യുന്നതെന്ന് വ്യാപാരികൾ പറയുന്നു. പാപ്രികയും തേജയും. അധികം എരിവില്ലാത്ത കൂടുതൽ നിറം നൽകുന്നതാണ് പാപ്രിക. എന്നാൽ, വേദന സംഹാരി ഓയിൻമെന്റ് അടക്കമുള്ളവയിൽ ഉപയോഗിക്കാൻ കഴിയുന്ന തേജ, നല്ല എരിവുള്ള ഇനമാണ്. ഇന്ത്യയിൽനിന്ന് വൻ തോതിൽ മുളക് ഇറക്കുമതി ചെയ്ത് സംസ്കരിച്ചാണ് ചൈന മറ്റു ലോക വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്നത്. ചൈന സ്വന്തമായി കൃഷി ചെയ്ത് കയറ്റുമതി ചെയ്യാൻ തുടങ്ങിയതിന്റെ ആഘാതം അടുത്ത രണ്ട് സീസണോടെ വ്യക്തമാകുമെന്ന് കയറ്റുമതിക്കാരനായ പ്രകാശ് അഗർവാൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

