ചരിത്രം തിരുത്തി എസ്.ഐ.പി; മൂന്ന് ലക്ഷം കോടി കടന്ന് നിക്ഷേപം
text_fieldsമുംബൈ: രാജ്യത്തെ മ്യൂച്ച്വൽ ഫണ്ട് നിക്ഷേപത്തിന്റെ ചരിത്രം തിരുത്തിക്കുറിച്ച് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനുകൾ (എസ്.ഐ.പി). ആദ്യമായി ഈ വർഷം എസ്.ഐ.പി നിക്ഷേപം മൂന്ന് ലക്ഷം കോടി രൂപ കടന്നു. മ്യൂച്ച്വൽ ഫണ്ട് കമ്പനികളുടെ അസോസിയേഷനാണ് (ആംഫി) ഇതു സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.
ഈ വർഷം ജനുവരി മുതൽ നവംബർ വരെയുള്ള കാലയളവിൽ 3.04 ലക്ഷം കോടി രൂപയാണ് എസ്.ഐ.പികളിലേക്ക് ഒഴുകിയെത്തിയത്. കഴിഞ്ഞ വർഷം ലഭിച്ചിരുന്നത് 2.69 ലക്ഷം കോടി രൂപയാണ്. യു.എസ് താരിഫിന്റെയും ആഗോള വ്യാപാര അനിശ്ചിതാവസ്ഥകളുടെയും പശ്ചാത്തലത്തിൽ ഓഹരി വിപണി കനത്ത ചാഞ്ചാട്ടം നേരിട്ടപ്പോഴാണ് നിക്ഷേപകർ എസ്.ഐ.പികളിലേക്ക് മാറിയത്.
അതേസമയം, ഓഹരി വിപണിയിലെ സ്മാർട്ട് മണി എന്നറിയപ്പെടുന്ന ലംപ്സം നിക്ഷേപം (ഒരുമിച്ച് വലിയ തുക) ഈ വർഷം ഗണ്യമായി കുറഞ്ഞു. കൃത്യമായ സമയം മനസ്സിലാക്കിയാണ് നിക്ഷേപകർ ഓഹരി വിപണിയിൽ ലംപ്സം നിക്ഷേപം നടത്താറുള്ളത്. ഒക്ടോബർ വരെയുള്ള കണക്കു പ്രകാരം 3.9 ലക്ഷം കോടി രൂപയുടെ ലംപ്സം നിക്ഷേപമാണ് എസ്.ഐ.പികളിലൂടെ ലഭിച്ചത്. കഴിഞ്ഞ വർഷം 5.9 ലക്ഷം കോടി രൂപ ഒഴുകിയെത്തിയ വിഭാഗത്തിന് വൻ ഇടിവ് നേരിടുകയായിരുന്നു.
ഈ വർഷത്തെ ആദ്യ 10 മാസങ്ങളിൽ ആക്ടിവ് ഓഹരി സ്കീമുകളിലേക്ക് ഒഴുകിയ മൊത്തം ഫണ്ടിൽ 37 ശതമാനവും എസ്.ഐ.പി നിക്ഷേപമായിരുന്നു. കഴിഞ്ഞ വർഷം 27 ശതമാനമായിരുന്നു. എസ്.ഐ.പി നിക്ഷേപം പ്രധാനമായും ഓഹരി ഫണ്ടുകളിലേക്കാണ് നീക്കിവെക്കാറുള്ളത്. ചാഞ്ചാട്ടം ശക്തമായ ഓഹരി അടക്കമുള്ള ആസ്തികളിൽ നിക്ഷേപിക്കുന്നവർക്ക് ഏറ്റവും മികച്ച വഴിയെന്ന് വിദഗ്ധർ നിർദേശിക്കുന്നതാണ് എസ്.ഐ.പി.
സമ്പത്ത് കെട്ടിപ്പടുക്കാനുള്ള ഇന്ത്യക്കാരുടെ ദീർഘകാല നിക്ഷേപ ശീലമായി എസ്.ഐ.പികൾ മാറിയതായി ആംഫി ചീഫ് എക്സികുട്ടിവ് വെങ്കട്ട് ചലസാനി പറഞ്ഞു. വിപണിയിലെ ചാഞ്ചാട്ടത്തിനിടയിലും അച്ചടക്കം പാലിക്കാനും വിവിധ ഘട്ടങ്ങളിൽ ഓഹരി പങ്കാളിത്തം വർധിപ്പിക്കാനും നിക്ഷേപകനെ സഹായിക്കുന്നതാണ് എസ്.ഐ.പികളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്നാൽ, നിക്ഷേപം വർധിച്ചെങ്കിലും ആക്ടിവ് എസ്.ഐ.പി അക്കൗണ്ടുകളുടെ എണ്ണം ഈ വർഷം ഗണ്യമായി കുറഞ്ഞതായാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. നവംബറിൽ ആക്ടിവ് എസ്.ഐ.പി അക്കൗണ്ടുകളുടെ എണ്ണം 100 ദശലക്ഷമാണ്. കഴിഞ്ഞ ഡിസംബറിൽ 103 ദശലക്ഷം അക്കൗണ്ടുകളാണുണ്ടായിരുന്നത്. ഓഹരി വിപണിയിലെ ശക്തമായ തിരുത്തലാണ് അക്കൗണ്ടുകളുടെ എണ്ണം കുറയാൻ കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

