മരണത്തിന് മുമ്പ് അമ്മ സമ്മാനിച്ചത് കോടികളുടെ സ്വത്തുക്കൾ; നോയൽ ടാറ്റ ഏറ്റവും വലിയ ഓഹരി ഉടമ
text_fieldsമുംബൈ: ടാറ്റ ഗ്രൂപ്പിന്റെ മുൻ ഡയറക്ടറായിരുന്ന സിമോൺ ടാറ്റ വിട പറഞ്ഞത് കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ മകന്റെ പേരിൽ എഴുതിവെച്ച്. ടാറ്റ ട്രസ്റ്റ് ചെയർമാനായ നോയൽ ടാറ്റക്കാണ് ഓഹരികൾ നൽകിയത്. മരണത്തിന് വർഷങ്ങൾക്ക് മുമ്പ് തന്നെ സ്വത്തുക്കൾ നോയലിന് കൈമാറുന്നതായി വിൽപത്രത്തിൽ എഴുതിവെച്ചിരുന്നു. അമ്മയുടെ ഓഹരികൾകൂടി സ്വന്തമായതോടെ ഏറ്റവും അധികം ഓഹരിയുള്ള ടാറ്റ കുടുംബാംഗമായി നോയൽ മാറി. ഓഹരികൾക്ക് പുറമെ, സ്വിറ്റ്സർലൻഡിലെയും മുംബൈയിലെയും എസ്റ്റേറ്റുകളും സിമോൺ മകന് നൽകിയിട്ടുണ്ട്.
ടാറ്റ മോട്ടോർസും ടി.സി.എസും ടാറ്റ സ്റ്റീലും അടക്കം വൻകിട കമ്പനികളുടെ ഉടമയായ ടാറ്റ സൺസിൽ നോയലിന്റെ ഓഹരി പങ്കാളിത്തം ഒരു ശതമാനമാണ്. നേരത്തെ 2,055 ഓഹരികളാണ് നോയലിനുണ്ടായിരുന്നത്. അമ്മയുടെ ഓഹരികൾകൂടി ലഭിച്ചതോടെ 4,058 ഓഹരികളുടെ ഉടമയായി അദ്ദേഹം. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് സിമോൺ ടാറ്റ അന്തരിച്ചത്.
അതേസമയം, മൊത്തം 2011 ഓഹരികളുണ്ടായിരുന്നതിൽ 2003 എണ്ണം മാത്രമാണ് നോയലിന്റെ പേരിലേക്ക് സിമോൺ മാറ്റിയത്. ബാക്കിയുള്ള ഓഹരികൾ ആർക്ക് നൽകിയെന്നത് ദുരൂഹമായി തുടരുകയാണ്. നോയലിന്റെ മക്കൾക്ക് സമ്മാനമായി നൽകിയോ എന്ന കാര്യവും വ്യക്തമല്ല.
180 ബില്ല്യൻ ഡോളർ അതായത് 16.2 ലക്ഷം കോടി രൂപയുടെ ആസ്തിയുള്ള സ്ഥാപനമാണ് ടാറ്റ സൺസ്. അന്തരിച്ച മുൻ ചെയർമാൻ രത്തൻ ടാറ്റക്ക് 3,368 ഓഹരികളുണ്ടായിരുന്നു. 0.83 ശതമാനമാണിത്. അദ്ദേഹത്തിന്റെ വിൽപത്ര പ്രകാരം ഈ ഓഹരികൾ രത്തൻ ടാറ്റ എൻഡോവ്മെന്റ് ഫൗണ്ടേഷനും രത്തൻ ടാറ്റ എൻഡോവ്മെന്റ് ട്രസ്റ്റിനും അവകാശപ്പെട്ടതാണ്.
മറ്റൊരു അർധ സഹോദരനായ ജിമ്മി ടാറ്റക്കും ടാറ്റ സൺസിൽ 3,262 (0.81ശതമാനം) ഓഹരികളുണ്ട്. ഈ ഓഹരികൾ ഏകദേശം 1,684 കോടിയിലേറെ രൂപ വിലമതിക്കുമെന്നാണ് റിപ്പോർട്ട്. ടാറ്റ സൺസ് ഓഹരികൾ വിപണിയിൽ വ്യാപാരം ചെയ്യാത്തതിനാൽ വില സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലഭ്യമല്ല.
സിമോൺ, രത്തൻ, നോയൽ, ജിമ്മി എന്നിവർക്കെല്ലാം വ്യവസായിയായിരുന്ന നേവൽ ടാറ്റയിൽനിന്ന് പാരമ്പര്യ സ്വത്തായി ലഭിച്ചതാണ് ഓഹരികൾ. അദ്ദേഹത്തിന്റെ ആദ്യ ഭാര്യയായിരുന്ന സൂനൂ കമിസാരിയാത്താണ് രത്തനും ജിമ്മിക്കും ജന്മം നൽകിയത്. നേവലിന്റെ രണ്ടാം ഭാര്യയായ സിമോണിന്റെ മൂന്നാമത്തെ മകനാണ് നോയൽ.
എന്നാൽ, ഫ്രെഡി മേത്ത, ഹോമി സേത്ന, ദർബാരി സേത് തുടങ്ങിയ സേവന കാലാവധി കഴിഞ്ഞ ഡയറക്ടർമാരിൽനിന്ന് വാങ്ങിക്കൂട്ടിയാണ് രത്തൻ ടാറ്റ ഓഹരി പങ്കാളിത്തം വർധിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

