ഈ വർഷം ഏറ്റവും ലാഭം നൽകിയത് സിൽവർ ഇ.ടി.എഫ്; ഇനി സൂക്ഷിക്കണമെന്ന് വിദഗ്ധർ
text_fieldsമുംബൈ: നിക്ഷേപകർക്ക് ഈ വർഷം ഏറ്റവും അധികം നേട്ടം സമ്മാനിച്ച ആസ്തിയായി സിൽവർ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് (ഇ.ടി.എഫ്). 160 ശതമാനത്തിലേറെ ലാഭമാണ് സിൽവർ ഇ.ടി.എഫ് നൽകിയത്. നിലവിൽ 12 സിൽവർ ഇ.ടി.എഫുകളാണ് നിക്ഷേപ കമ്പനികൾ വാഗ്ദാനം ചെയ്യുന്നത്. ഇതിൽ ഏഴ് ഇ.ടി.എഫുകളും 162 ശതമാനം റിട്ടേൺ നൽകി. നാല് ഇ.ടി.എഫുകൾ 161 ശതമാനവും ഒരു ഇ.ടി.എഫ് 160 ശതമാനവും വളർച്ച കൈവരിച്ചു. ആദിത്യ ബിർല സൺ ലൈഫ് സിൽവർ ഇ.ടി.എഫാണ് നിക്ഷേപകരെ സമ്പന്നരാക്കിയതിൽ ഒന്നാം സ്ഥാനത്ത്. ആദിത്യ 162 ശതമാനം ലാഭം നൽകിയപ്പോൾ 161 ശതമാനവുമായി നിപോൺ ഇന്ത്യയും 160 ശതമാനവുമായി എഡിൽവീസും തൊട്ടുപിന്നിലുണ്ട്.
1979ന് ശേഷം ആദ്യമായാണ് വെള്ളി വില 140 ശതമാനത്തിലേറെ കുതിച്ചുയരുന്നതെന്ന് മേത്ത ഇക്വിറ്റീസിലെ കമ്മോഡിറ്റീസ് വൈസ് പ്രസിഡന്റ് രാഹുൽ കലൻട്രി പറഞ്ഞു. ഡിമാൻഡ് കുതിച്ചുയർന്നതും സെൻട്രൽ ബാങ്കുകൾ പലിശ നിരക്ക് കുറച്ചതുമാണ് വില റെക്കോഡ് മുന്നേറ്റം കൈവരിക്കാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.
റോയിട്ടേസിന്റെ റിപ്പോർട്ട് പ്രകാരം ഭൗതിക രൂപത്തിലുള്ള വെള്ളിക്ക് കടുത്ത ക്ഷാമം നേരിടുന്നതും യു.എസ് ഭരണകൂടം അപൂർവ ധാതുക്കളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തിയതും വ്യവസായ മേഖലയിൽനിന്നുള്ള ഡിമാൻഡ് ഉയർന്നതുമാണ് വില ഔൺസിന് 75 ഡോളറിന് മുകളിലേക്ക് ഉയർന്നതിന്റെ കാരണം.
അതേസമയം, മികച്ച നേട്ടം സ്വന്തമാക്കിയ ദീർഘകാല നിക്ഷേപകർക്ക് ഭാഗികമായി ലാഭമെടുക്കാമെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെട്ടു. ഊഹക്കച്ചവടം കാരണമല്ല വെള്ളി വില 130 ശതമാനത്തിന് മുകളിലേക്ക് ഉയർന്നതെന്ന് ചോയിസ് വെൽത് സി.ഇ.ഒ നികുഞ്ച് സറഫ് പറഞ്ഞു. യഥാർഥ ഡിമാൻഡ് കാരണമാണ് സ്വർണം പോലെ വെള്ളി വിലയും കുതിച്ചുയരുന്നത്. വൻ നേട്ടം സ്വന്തമാക്കിയവർക്ക് ഭാഗികമായി വെള്ളി വിറ്റ് ലാഭമെടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
25 മുതൽ 33 വരെ ശതമാനം വരെ വെള്ളി വിൽക്കുകയും വില ഇടിയുമ്പോൾ വാങ്ങുകയും ചെയ്യാം. വിലയിൽ ഹ്രസ്വകാല ഇടിവുണ്ടാകുമെങ്കിലും അഞ്ച് വർഷത്തേക്ക് വെള്ളിയിൽ നിക്ഷേപം തുടരാവുന്നതാണ്. എന്നാൽ, വൈകാരികമായി തീരുമാനമെടുക്കുന്നതും വില ഉയരുമ്പോൾ വാങ്ങിക്കൂട്ടുന്നതും ഇടിയുമ്പോൾ പരിഭ്രാന്തരാകുന്നതും ഒഴിവാക്കണമെന്നും അദ്ദേഹം ഉപദേശിച്ചു.
അതേസമയം, വെള്ളി വിലയിലും സിൽവർ ഇ.ടി.എഫിലും അടുത്ത വർഷം സമാന കുതിപ്പുണ്ടാകില്ലെന്ന് അംഗീകൃത ഫിനാൻഷ്യൽ പ്ലാനറും ഫിനാൻഷ്യൽ റേഡിയൻസ് സ്ഥാപകനുമായ രാജേഷ് മിനോച്ച പറഞ്ഞു. വൻ ലാഭത്തിനുള്ള വഴി എന്നതിന് പകരം നിക്ഷേപം വൈവിധ്യവത്കരിക്കുന്നതിനുള്ള മാർഗമായാണ് വെള്ളിയെ ഇന്ത്യൻ നിക്ഷേപകൻ കാണേണ്ടത്. ഭാവിയിൽ വെള്ളിയിൽനിന്നുള്ള ലാഭം കുറയാനും വിലയിടിയാനും സാധ്യതയുണ്ട്. വൻ തുക ഒരുമിച്ച് നിക്ഷേപിക്കുന്നതിന് പകരം ചെറിയ തുകക്ക് വെള്ളി ഘട്ടംഘട്ടമായി വാങ്ങിക്കുന്നതാണ് ഉത്തമമെന്നും രാജേഷ് മിനോച്ച കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

