ഇന്ത്യക്ക് വൈകാരികമായ വിഷയം ഒഴിവാക്കി; വ്യാപാര കരാറിന് ഇനി ദിവസങ്ങൾ മാത്രം
text_fieldsമുംബൈ: ഇന്ത്യയും യൂറോപ്യൻ യൂനിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിൽ ചർച്ച നടത്തിയത് വൈകാരികമായ ഒരു സുപ്രധാന വിഷയം മാറ്റിനിർത്തി. ഇന്ത്യയെ സംബന്ധിച്ച് ഏറെ വൈകാരികമായ കാർഷിക മേഖലയാണ് വ്യാപാര കരാറിൽനിന്ന് മാറ്റിനിർത്തിയത്. ചില വിഷയങ്ങളിൽകൂടി സമവായം കണ്ടെത്തിയാൽ ഇരുവിഭാഗങ്ങളും തമ്മിലുള്ള വ്യാപാര ചർച്ച പൂർത്തിയാകും. യൂറോപ്യൻ യൂനിയന്റെ ഉന്നതതല സംഘം ജനുവരി അവസാനം ഇന്ത്യയിലെത്തി കരാറിൽ ഒപ്പിടുമെന്നാണ് സൂചന.
24 സുപ്രധാന നയങ്ങളിലാണ് ഇന്ത്യയും യൂറോപ്യൻ യൂനിയനും തമ്മിൽ വ്യാപാര കരാർ ചർച്ച നടക്കുന്നതെന്നും ഇതിൽ 20 മേഖലകളിൽ തീരുമാനമായതായും വാണിജ്യ മന്ത്രാലയം സെക്രട്ടറി രാജേഷ് അഗ്രവാൾ പറഞ്ഞു. ചില വിഷയങ്ങളിൽ ചർച്ച തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ദിവസവും കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഉന്നതതല സംഘം ഇന്ത്യയിലെത്തുന്നതിന് മുമ്പ് ചർച്ച പൂർത്തിയാക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇരു വിഭാഗത്തിനും വൈകാരികമായ കാർഷിക ഉത്പന്നങ്ങളുടെ ഇറക്കുമതി വിഷയം സ്വതന്ത്ര വ്യാപാര കരാറിൽനിന്ന് മാറ്റി നിർത്തിയതായും അദ്ദേഹം പറഞ്ഞു. കരാറിൽനിന്ന് കാർഷിക മേഖലയെ മാറ്റിനിർത്തിയെന്ന യൂറോപ്യൻ യൂനിയൻ വ്യാപാര വിഭാഗം ഡയറക്ടർ ജനറൽ സബിൻ വെയൻഡിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു രാജേഷ് അഗ്രവാൾ.
യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ ലൂയിസ് സാന്റോസ് ഡകോസ്റ്റ, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ദെർ ലെയൻ തുടങ്ങിയവരാണ് ജനുവരി 25 മുതൽ 27 വരെ ഇന്ത്യ സന്ദർശിക്കുന്ന ഉന്നതതല സംഘത്തിലുണ്ടാകുക. ഇവരായിരിക്കും ഈ വർഷത്തെ റിപബ്ലിക് ദിന ആഘോഷങ്ങളിലെ മുഖ്യ അതിഥികൾ.
സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ കൂടുതൽ സജീവമാക്കാൻ വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയൽ കഴിഞ്ഞ ആഴ്ച ബ്രസൽസ് സന്ദർശിച്ച് യൂറോപ്യൻ യൂനിയൻ വ്യാപാര കമ്മീഷണർ മരോസ് സെവ്കോവിച്ചുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
നിലവിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ യൂറോപ്യൻ യൂനിയനുമായി 2022 ജൂലൈ മുതൽ വ്യാപാര ചർച്ചകൾ നടക്കുന്നുണ്ട്. ഇതിനകം 14 ഘട്ട ചർച്ചകൾ പൂർത്തിയാക്കിയതായാണ് റിപ്പോർട്ട്. ഇന്ത്യയും യൂറോപ്യൻ യൂനിയനും തമ്മിൽ 90.7 ബില്ല്യൻ ഡോളറിന്റെ വ്യാപാരമാണ് നടക്കുന്നത്. ഇന്ത്യ 51. ബില്ല്യൻ ഡോളറിന്റെ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുമ്പോൾ യൂറോപ്യൻ യൂനിയൻ 39.7 ബില്ല്യൻ ഡോളറിന്റെ ഇറക്കുമതി നടത്തുന്നുവെന്നാണ് കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

