വെടിനിർത്തലിനു പിന്നാലെ വിപണിയിൽ കുതിപ്പ്; 2,200 പോയിന്‍റ് ഉയർന്ന് സെൻസെക്സ്
text_fieldsഅതിർത്തിയിലെ സംഘർഷങ്ങൾക്ക് അയവ് വന്നതോടെ ഇന്ത്യൻ ഓഹരി വിപണിയിൽ കുതിപ്പ്. സെൻസെക്സ് 2,000 പോയിന്റിലധികം ഉയർന്നു. നിഫ്റ്റി 24,600 കടന്നതോടെ നിക്ഷേപകരുടെ പ്രതീക്ഷയും ഉയർന്നിട്ടുണ്ട്. സെൻസെക്സ് 2,089.33 പോയിന്റ് അഥവാ 2.62 ശതമാനം ഉയർന്ന് 81,543.80 ലും എൻ.എസ്.ഇ നിഫ്റ്റി 669.3 പോയിന്റ് അഥവാ 2.78 ശതമാനം ഉയർന്ന് 24,677.30 എന്ന നിലയിലുമാണ് വിപണി ആരംഭിച്ചത്.
നാല് ദിവസത്തെ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്ക് ശേഷം ശനിയാഴ്ച വൈകിട്ടാണ് ഇന്ത്യയും പാകിസ്താനും സൈനിക നടപടികൾ അവസാനിപ്പിച്ചത്. വെടിനിർത്തൽ തീരുമാനത്തിന്‍റെ പ്രതിഫലനമാണ് വിപണിയിൽ കാണുന്നത്. തിങ്കളാഴ്ച ആദ്യ വ്യാപാര സെഷനിൽ അദാനി എന്റർപ്രൈസസ് , ജിയോ ഫിനാൻഷ്യൽ സർവീസസ്, ട്രെന്റ്, ശ്രീറാം ഫിനാൻസ്, ആക്സിസ് ബാങ്ക് എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ ഓഹരികൾ.
സ്വിറ്റ്സർലൻഡിൽ യു.എസും ചൈനയും തമ്മിലുള്ള ഉന്നതതല വ്യാപാര ചർച്ചകൾ അവസാനിച്ചത് നിക്ഷേപകരുടെ ശുഭാപ്തി വിശ്വാസത്തെ കൂട്ടിയിട്ടുണ്ട്. ഇരു രാജ്യങ്ങളും ചർച്ച വിജയിച്ച രീതിയിലുള്ള സൂചനകളാണ് നൽകിയത്. അമേരിക്കൻ വ്യാപാര കമ്മി കുറയ്ക്കുന്നതിന് ഉതകുന്ന കരാറിനെ കുറിച്ച് യു.എസ് ഉദ്യോഗസ്ഥർ സംസാരിച്ചപ്പോൾ ചൈനീസ് ഉദ്യോഗസ്ഥർ സമവായ പദ്ധതികൾ മുന്നോട്ട് വെച്ചതായാണ് സൂചന. തിങ്കളാഴ്ച ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവന പുറത്തിറക്കുമെന്ന് ചൈനയുടെ വൈസ് പ്രീമിയർ ഹീ ലൈഫെങ് പറഞ്ഞു, ഇതോടെ സന്തോഷ വാർത്ത പ്രതീക്ഷിക്കാൻ തുടങ്ങിയതും വ്യാപാരത്തിൽ പ്രതിഫലിക്കുന്നുണ്ട്.
ഏഷ്യൻ വിപണികളിൽ നിന്നുള്ള സൂചനകളും യു.എസ് വിപണിയിലെ മുന്നേറ്റവും ആഭ്യന്തര ഓഹരി വിപണികളെ സ്വാധീനിച്ചു. ജനീവയിൽ നിന്നുള്ള സംയുക്ത പ്രസ്താവന വരുന്നതിന് മുമ്പ്, യു.എസ് ഓഹരികൾ രണ്ട് ശതമാനത്തിലേറെ ഉയർന്നു, ലോകത്തെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള വ്യാപാര തർക്കത്തിന് പരിഹാരം കാണുമെന്ന ആഗോള ശുഭാപ്തിവിശ്വാസത്തിന്റെ സൂചനയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

