യു.എസ് -ഇറാൻ സമാധാന കരാറും എണ്ണവിലയും; നേട്ടം കൊയ്ത് ഓഹരി വിപണി, സെൻസെക്സ് 1,100 പോയന്റിലേറെ ഉയർന്നു
text_fieldsമുംബൈ: ആഗോള വിപണികളിലെ അനുകൂല സാഹചര്യങ്ങളും പശ്ചിമേഷ്യയിലെ സംഘർഷം കുറയുമെന്ന പ്രതീക്ഷയും ഇന്ത്യൻ ഓഹരി വിപണിക്ക് ഉണർവേകി. തിങ്കളാഴ്ച വ്യാപാരത്തിന്റെ തുടക്കത്തിൽ ബി.എസ്.ഇ സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു. നിഫ്റ്റി 24,000 പോയിന്റ് നിലവാരത്തോട് അടുത്തെത്തി. രാവിലെ 9.25ന് സെൻസെക്സ് 1097.05 പോയന്റ് ഉയർന്ന് 76,625.00ത്തിലെത്തി. നിഫ്റ്റി 333.90 പോയന്റ് ഉയർന്ന് 23,955.95ലുമാണ് വ്യാപാരം.
അമേരിക്ക–ഇറാൻ സമാധാന ധാരണയുമായി ബന്ധപ്പെട്ട വാർത്തകൾക്ക് പിന്നാലെ അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞതാണ് വിപണിക്ക് അനുകൂലമായത്. ഇന്ത്യ പോലുള്ള എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്ക് ഇത് ഗുണകരമാണെന്ന വിലയിരുത്തലിൽ നിക്ഷേപകർ വ്യാപകമായി ഓഹരികൾ വാങ്ങി. ബാങ്കിങ്, ഓയിൽ മാർക്കറ്റിങ്, വിമാനക്കമ്പനികൾ, ടയർ, പെയിന്റ് മേഖലകളിലെ ഓഹരികൾ വിപണിയിൽ ശക്തമായ മുന്നേറ്റം രേഖപ്പെടുത്തി.
സെൻസെക്സും നിഫ്റ്റിയും മാത്രമല്ല, മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകളും ഉയർന്ന നിലയിലാണ് വ്യാപാരം. എണ്ണവില കുറയുന്നത് പണപ്പെരുപ്പ സമ്മർദ്ദം കുറക്കാനും രൂപയുടെ നില മെച്ചപ്പെടുത്താനും സഹായിക്കുമെന്ന പ്രതീക്ഷയാണ് വിപണിയിലെ പോസിറ്റീവ് മനോഭാവത്തിന് കാരണം.
യു.എസ്- ഇറാൻ സംഘർഷം അവസാനിപ്പിക്കാനും ഹുർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാനും ആഗോള എണ്ണ വിതരണത്തിലെ തടസ്സങ്ങൾ ഒഴിവാക്കാനും പ്രാരംഭ കരാറിലെത്തിയതായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇറാൻ വിദേശകാര്യ ഉപമന്ത്രിയും പറഞ്ഞതിന് പിന്നാലെയാണ് വിപണിയിലെ മുന്നേറ്റം. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 4.59 ശതമാനം ഇടിഞ്ഞ് 83.32 ഡോളറിലെത്തി. ഡബ്ല്യൂ.ടി.ഐ ക്രൂഡ് ഓയിൽ 5.02 ശതമാനം ഇടിഞ്ഞ് 80.62 ഡോളറിലുമെത്തി.
എണ്ണവിലയിലെ ഇടിവ് ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരായ ഇന്ത്യക്ക് ഗുണകരമാകും. പണപ്പെരുപ്പം, കറന്റ് അക്കൗണ്ട് കമ്മി, രൂപയുടെ മൂല്യം എന്നിവയിലെ സമ്മർദ്ദം കുറയും. ഇത് വിപണിയെയും അനുകൂലമായി ബാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

