Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസാരിയുടുത്ത്...

സാരിയുടുത്ത് പായലെടുക്കാൻ കടലിലേക്ക് ചാടുന്ന രാമേശ്വരത്തെ സ്ത്രീകൾ

text_fields
bookmark_border
സാരിയുടുത്ത് പായലെടുക്കാൻ കടലിലേക്ക് ചാടുന്ന രാമേശ്വരത്തെ സ്ത്രീകൾ
cancel

രാമേശ്വരത്തെ ഒരു ശനിയാഴ്ച. മങ്ങാട് ഗ്രാമത്തിലെ കടൽത്തീരത്ത് എം. ലക്ഷ്മിയും മറ്റ് അഞ്ച് സ്ത്രീകളും ഒത്തുകൂടുന്നു. ഓരോരുത്തരുടെയും തോളിലോ കൈയിലോ ഒരു ഷർട്ടോ ടി ഷർട്ടോ ഉണ്ട്. സാരിക്ക് മുകളിലൂടെ ഈ വലിയ ഷർട്ടുകളും ടിഷർട്ടുകളും ധരിച്ചാണ് ഇവരുടെ വരവ്. കാലിൽ വല പോലുള്ള ഷൂവും, കട്ടിയുള്ള തുണികൊണ്ടുള്ള കൈയുറകളും ധരിച്ചിട്ടുണ്ട് എല്ലാവരും. കണ്ണിൽ വെള്ളം കയറാതിരിക്കാനുള്ള കണ്ണടയുമുണ്ട് കൈയിൽ. അതിലൊരു സ്ത്രീ കടലിലേക്കിറങ്ങാൻ കൂടെയുള്ളവർക്ക് നിർദേശം നൽകി.

തലതാഴ്ത്തി സൂര്യന്‍റെ വെളിച്ചത്തിൽ തിളങ്ങുന്ന ആഴം കുറഞ്ഞ വെള്ളത്തിലേക്ക് അവർ ഓരോരുത്തരായി നടന്നിറങ്ങി. ചിലർ കുനിഞ്ഞ് ഉപരിതലത്തിന് താഴെ നിന്ന് പച്ചപ്പ് പോലുള്ള സസ്യങ്ങൾ ഒരു പിടി കോരിയെടുത്തു. മറ്റു ചിലർ ശ്വാസം അടക്കിപ്പിടിച്ച് ഒരു മിനിറ്റോളം വെള്ളത്തിനടിയിലേക്ക് മുങ്ങുകയും, ശേഖരിച്ച പായലുമായി തിരികെ പൊങ്ങുകയും ചെയ്യുന്നു. കണ്ടെത്തുന്ന ഓരോ പായലും അവരുടെ അരയിൽ കെട്ടിയിരിക്കുന്ന പ്ലാസ്റ്റിക് ചാക്കുകളിലേക്ക് മാറ്റുന്നു.

തമിഴ്നാട്ടിലെ രാമേശ്വരദ്വീപിന് ചുറ്റുമുള്ള സ്ത്രീകൾ തലമുറകളായി ചെയ്തുവരുന്ന ജോലിയാണ് കടൽപ്പായൽ ശേഖരിക്കൽ. പ്രഫഷണൽ ഉപകരണങ്ങളൊന്നുമില്ലാതെ, ചിലപ്പോൾ ആറ് അടി വരെ ആഴത്തിൽ മുങ്ങി അവർ കൂർത്ത പാറകളിൽ നിന്ന് പായലെടുക്കും. വിൽക്കുന്ന ഓരോ കിലോക്കും അവർക്ക് 50 മുതൽ 70 രൂപ വരെ ലഭിക്കുന്നു.

കടൽപ്പായലും അതിന്‍റെ ഉപയോഗവും

സമുദ്രത്തിലെ ആവാസവ്യവസ്ഥയിൽ, പ്രത്യേകിച്ച് പവിഴപ്പുറ്റുകൾക്ക് ചുറ്റുമാണ് കടൽപ്പായലുകൾ സമൃദ്ധമായി കാണപ്പെടുന്നത്. സുഷിയുടെ പുറത്തുള്ള പൊതിയായോ ഫേസ് മാസ്കുകൾ, സെറമുകൾ, ഷാംപൂകൾ എന്നിവയിലെ ചേരുവയായോ ആണ് ഇത് ഉപയോഗിക്കുന്നത്. രാമേശ്വരത്തെ ചുറ്റിക്കിടക്കുന്ന മന്നാർ ഉൾക്കടലിൽ 70 ഇനം കടൽപ്പായലുകൾ കാണപ്പെടുന്നു. ഈ സ്ത്രീകൾ ശേഖരിക്കുന്ന കടൽപ്പായൽ ഉണക്കി തെക്കുകിഴക്കൻ ഏഷ്യയിലേക്ക് കയറ്റി അയക്കുന്നു. അവിടെ ഇത് പാചകം ചെയ്യാനും 'അഗർ'എന്ന പദാർഥം ഉണ്ടാക്കാനുമാണ് കടൽപ്പായൽ ഉപയോഗിക്കുന്നത്. ജാപ്പനീസ്, ചൈനീസ് പാചകരീതികളിൽ കടൽപ്പായലിന്‍റെ രുചിയും പോഷകമൂല്യവും വളരെക്കാലമായി പ്രകീർത്തി നേടി‍യവയാണ്.

രാമേശ്വരത്ത് എപ്പോഴാണ് കടൽപ്പായൽ ശേഖരണം തുടങ്ങിയതെന്ന് കൃത്യമായി അറിയില്ല. എങ്കിലും രാമേശ്വരത്തെ സ്ത്രീകൾക്ക് അവരുടെ ജീവിതത്തിന്‍റെ ഭാഗമാണിത്. വനിതാ കടൽപ്പായൽ ശേഖരണക്കാരുടെ സംഘടന രൂപീകരിച്ചതിനും പരിസ്ഥിതി സംരക്ഷണത്തിനും കാലിഫോർണിയയിൽ 2015ലെ സീകോളജി സമ്മാനം നേടിയ ലക്ഷ്മി പറയുന്നു: "എന്‍റെ മുത്തശ്ശിയുടെ മുത്തശ്ശി ഈ ആചാരം എന്‍റെ മുത്തശ്ശിക്ക് കൈമാറി, അവർ അത് എന്‍റെ അമ്മക്കും, അമ്മ എനിക്കും കൈമാറി. എന്‍റെ മുത്തശ്ശി പോലും എന്നോടൊപ്പം കടലിൽ വരുമായിരുന്നു. ഞാൻ എന്‍റെ മകളെ 30 വർഷത്തിലേറെയായി ഈ ജോലിയിൽ നിന്ന് മാറ്റിനിർത്തി, ഒടുവിൽ ദാരിദ്ര്യം അവളെയും ഇതിലേക്ക് തള്ളിവിട്ടു."

കുട്ടിക്കാലത്ത് വെള്ളത്തിനടിയിൽ പോകാൻ തനിക്ക് ഭയമുണ്ടായിരുന്നതായി ലക്ഷ്മി ഓർക്കുന്നു. അപകടകാരികളായ സമുദ്രജീവികളെ അവൾ ഭയപ്പെട്ടിരുന്നു. എന്നാൽ 15ാം വയസ്സിൽ കടൽപ്പായൽ ശേഖരിക്കാനായി താൻ ആദ്യമായി ഒറ്റക്ക് ഡൈവിങ് നടത്തിയപ്പോൾ അത് മാറി. "കടൽത്തടി മുഴുവൻ മണൽ നിറഞ്ഞതാണെന്നാണ് ഞാൻ കരുതിയിരുന്നത്. എന്നാൽ ഞാൻ അടിയിലെ പാറകളും കടൽപ്പായലും, പ്രത്യേകിച്ച് പവിഴപ്പുറ്റുകളും അടുത്തറിഞ്ഞു. എനിക്ക് അത്ഭുതം തോന്നി," അവൾ ഓർക്കുന്നു.

പ്രാദേശികമായി 'കടൽപ്പായൽ' കദർപാസി എന്നാണ് അറിയപ്പെടുന്നത്. ആഴത്തിലുള്ള വിടവുകളിൽ നിന്ന് കടൽപ്പായൽ മാന്തിയെടുക്കുമ്പോൾ തെന്നി വീണും മറ്റും പരിക്ക് പറ്റാറുണ്ടെന്ന് തൊഴിലാളികൾ പറയുന്നു. ലക്ഷ്മിയുടെ കൈയിൽ വർഷങ്ങളായി ഇത്തരത്തിൽ പരിക്കേറ്റതിന്‍റെ പാടുകൾ കാണാം.

അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിൽ പ്രതികരിക്കാൻ സ്ത്രീകൾ സാധാരണയായി പരസ്പരം അടുത്ത് നിൽക്കും. കടൽ പാമ്പുകൾ, കാറ്റ്ഫിഷ് തുടങ്ങിയ അപകടകാരികളായ ജീവികൾ കടലിനടിയിലുണ്ട്. മികച്ച സുരക്ഷാ ഉപകരണങ്ങൾ ഉണ്ടെങ്കിലും തങ്ങൾക്ക് അതിന്‍റെ ചെലവ് താങ്ങാൻ കഴിയില്ലെന്ന് സ്ത്രീകൾ പറയുന്നു. ഒരു ജോടി കണ്ണടക്ക് ഏകദേശം 200 രൂപ വരും, അവർ ധരിക്കുന്ന ഷർട്ടുകൾ അവരുടെ ഭർത്താക്കന്മാരിൽ നിന്നോ മക്കളിൽ നിന്നോ കടം വാങ്ങിയതാണ്. ഈ ഷർട്ടുകൾ വെള്ളത്തിനടിയിൽ ജോലി ചെയ്യുന്നത് എളുപ്പമാക്കുകയും പരുക്കൻ പ്രതലങ്ങളിൽ നിന്ന് ചില സംരക്ഷണം നൽകുകയും ചെയ്യുന്നു. "ഇവ പൂർണ്ണ സുരക്ഷ ഉറപ്പുനൽകുന്നില്ലെങ്കിലും, ഒന്നുമില്ലാത്തതിനേക്കാൾ ഭേദമാണ് എന്തെങ്കിലും," അമൃത പറയുന്നു.

സുനാമിയുടെ ഓർമകളും പ്രതിസന്ധികളും

തൊഴിലിൽ ഏഴ് വർഷം മാത്രം പരിചയമുള്ള ഇന്ദുമതി കടൽപ്പായൽ 30 കിലോ വരെയാണ് ശേഖരിക്കുന്നത്. "അത് തന്നെ മലകയറുന്നത് പോലെയാണ് അനുഭവപ്പെടുന്നത്," അവർ സമ്മതിക്കുന്നു. തങ്ങൾ ചെറുപ്പകാലത്ത് മത്സരിച്ച് കടൽപ്പായൽ ശേഖരിക്കുമായിരുന്നുവെന്ന് ചിലർ പറഞ്ഞു. "വേറെയാരെങ്കിലും രണ്ട് ചാക്ക് നിറച്ചാൽ, മൂന്നെണ്ണം ശേഖരിക്കാൻ എനിക്ക് തോന്നും," ഉഷ പറയുന്നു. ഈ ജോലി ചെയ്യുന്നതിനിടയിൽ ജീവൻ നഷ്ടപ്പെട്ട ഒരേയൊരു സ്ത്രീയെ മാത്രമേ അവർക്കറിയൂ.

വരുമാനവും മറ്റ് പ്രതിസന്ധികളും

കടൽപ്പായൽ ശേഖരണം സ്ത്രീകൾക്ക് ആവശ്യമായ അധിക വരുമാനവും സാമ്പത്തിക സ്വാതന്ത്ര്യവും നൽകുന്നുണ്ട്. മാസം അവർക്ക് ശരാശരി 10,000 രൂപ ലഭിക്കുന്നു. "ഞങ്ങൾ മീൻ പിടിക്കുന്നു, കടൽപ്പായൽ ശേഖരിക്കുന്നു, മറ്റ് പല കാര്യങ്ങളും ചെയ്യുന്നു. ഒരു പുരുഷന് ചെയ്യാൻ കഴിയുന്നതെല്ലാം ഞങ്ങൾക്ക് ചെയ്യാൻ കഴിയും," അമൃത പറയുന്നു.

മാറുന്ന കാലത്തിനൊത്ത്

തലമുറകളായി കൈമാറിവരുന്ന ഈ തൊഴിൽ മാറുന്ന കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ പാടുപെടുന്നുണ്ട്. 2000ന്‍റെ തുടക്കം മുതൽ, ഏകദേശം 3,600 സസ്യജാലങ്ങളുടെയും ജന്തുജാലങ്ങളുടെയും ആവാസകേന്ദ്രമായ മന്നാർ ഉൾക്കടൽ മറൈൻ നാഷണൽ പാർക്കിന്‍റെ സംരക്ഷിത ജലാശയങ്ങളിൽ വിളവെടുപ്പ് നടത്തുന്നതിന് സ്ത്രീകൾക്ക് നിയന്ത്രണങ്ങൾ വർധിച്ചു വരുന്നുണ്ട്. ഇന്ത്യൻ കോസ്റ്റ് ഗാർഡ് അവരെ ചിലപ്പോൾ തടയാറുണ്ടെങ്കിലും, അവർ പ്രദേശവാസികളായതിനാൽ സാധാരണയായി വിട്ടയക്കാറുണ്ട്.

പണ്ട് ലഭിച്ചിരുന്നതിനേക്കാൾ കുറഞ്ഞ അളവിലാണ് ഇപ്പോൾ കടൽപ്പായൽ ലഭിക്കുന്നത്. അതിനാൽ പണ്ടത്തെപോലെ സ്ത്രീകൾ ഇനി എല്ലാ ദിവസവും കടലിൽ ഇറങ്ങാറില്ല. ദ്വീപുകൾക്കനുസരിച്ച് ദിനചര്യകളും വ്യത്യാസപ്പെടും. മങ്ങാട്ടിലെയും രാമേശ്വരദ്വീപിലെ അടുത്തുള്ള ഗ്രാമങ്ങളിലെയും സ്ത്രീകൾ മാർച്ച് മാസത്തിനും സെപ്റ്റംബർ മാസത്തിനുമിടയിൽ വിളവെടുപ്പ് നടത്തുമ്പോൾ, പമ്പൻ തുടങ്ങിയ ദ്വീപുകളിലെ സ്ത്രീകൾ ഓരോ മാസവും അമാവാസിയുടെ ആറ് ദിവസങ്ങൾക്ക് മുമ്പും ശേഷവും വിളവെടുപ്പ് നടത്തുന്നു. "പമ്പനിൽ, ഞങ്ങൾ മാസത്തിൽ 12 ദിവസമായി വിളവെടുപ്പ് പരിമിതപ്പെടുത്താൻ തീരുമാനിച്ചു. കടൽപ്പായൽ വളരാൻ ഞങ്ങൾ മതിയായ സമയം നൽകുന്നില്ലെന്ന് ഞങ്ങൾ മനസ്സിലാക്കി. ഇതിന് ഒരു ഇടവേള നൽകുന്നത് പരിസ്ഥിതിക്കും ഞങ്ങൾക്കും ഒരുപോലെ സഹായിക്കുന്നു," ലക്ഷ്മി വിശദീകരിക്കുന്നു. ഒരു കിലോയ്ക്ക് 50-70 രൂപ നിരക്കിൽ കടൽപ്പായൽ ഉണക്കി അവർ വ്യാപാരികൾക്ക് നൽകും.

പുതിയ തലമുറയിൽ കടൽപ്പായൽ ശേഖരണത്തോടുള്ള താൽപ്പര്യം കുറഞ്ഞുവരികയാണ്. പത്താം ക്ലാസിന് ശേഷം പഠനം നിർത്തിയ ഇന്ദുമതിക്ക് തന്‍റെ കുട്ടികൾ ഈ തൊഴിലിൽ ഏർപ്പെടില്ല എന്ന കാര്യത്തിൽ വ്യക്തതയുണ്ട്. "എന്റെ പെൺമക്കൾ പഠിക്കും. ഇത് ചെയ്യുന്ന എന്‍റെ കുടുംബത്തിലെ അവസാനത്തെ ആളായിരിക്കും ഞാൻ." അവർ പറഞ്ഞു.

തന്‍റെ രണ്ട് പെൺമക്കളും നല്ല വിദ്യാഭ്യാസം നേടിയവരാണെന്ന് ധനലക്ഷ്മി അഭിമാനത്തോടെ പറയുന്നു. ഒരാൾ അധ്യാപികയും മറ്റേയാൾ ലാബ് ടെക്നീഷ്യനുമാണ്. "ഇരുവരും ഇംഗ്ലീഷ് നന്നായി സംസാരിക്കും." അവളുടെ മകൻ ഉപരിപഠനം തുടർന്നില്ല, പകരം മത്സ്യബന്ധനത്തിലേക്ക് തിരിഞ്ഞു. എങ്കിലും, ഈ ജോലി ചെയ്യാൻ തയ്യാറുള്ളവർ എപ്പോഴും ഉണ്ടാകുമെന്ന് സ്ത്രീകൾ വിശ്വസിക്കുന്നു. മത്സ്യബന്ധന കുടുംബങ്ങളിലേക്ക് വിവാഹം കഴിച്ചുവരുന്ന സ്ത്രീകൾ കടൽപ്പായൽ ശേഖരണം സ്വമേധയാ ഏറ്റെടുക്കാറുണ്ട്. ദാരിദ്ര്യമാണ് ഇതിനു കാരണം.

(ഡെക്കാൻ ഹെറാൾഡ് ലേഖനം അടിസ്ഥാനമാക്കി തയാറാക്കിയത്)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TamilnadurameswaramBusiness Newsseaweed
News Summary - seaweed collecting women in rameswaram
Next Story