Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒരു കുറിപ്പോ ചിത്രമോ മതി; നിങ്ങളുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ തട്ടിപ്പുകാർക്ക് വഴികാട്ടിയാകുന്നതെങ്ങനെ?

text_fields
bookmark_border
ഒരു കുറിപ്പോ ചിത്രമോ മതി; നിങ്ങളുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ തട്ടിപ്പുകാർക്ക് വഴികാട്ടിയാകുന്നതെങ്ങനെ?
cancel

മിക്ക തട്ടിപ്പുകളും പെട്ടെന്നൊരു സംശയാസ്പദമായ ഫോൺ കോളിലൂടെയോ പണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഇമെയിലിലൂടെയോ അല്ല ആരംഭിക്കുന്നത്. പലപ്പോഴും ആഴ്ചകൾക്ക് മുമ്പേ തന്നെ ഇതിനുള്ള അടിത്തറയിട്ടിട്ടുണ്ടാകും. അതിനായി അവർ ഉപയോഗിക്കുന്നത് ഒരു വ്യക്തി പോലും തിരിച്ചറിയാതെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന വിവരങ്ങളാണ്.

പിറന്നാൾ ആശംസകൾ, കുട്ടിയുടെ ആദ്യ സ്കൂൾ ദിനത്തിലെ ചിത്രം, അല്ലെങ്കിൽ ജോലി മാറ്റത്തെക്കുറിച്ച് ലിങ്ക്ഡ്ഇനിൽ പങ്കുവെക്കുന്ന അപ്‌ഡേറ്റുകൾ എന്നിവയൊക്കെ സാധാരണയായി തോന്നാം. എന്നാൽ ഒരു തട്ടിപ്പുകാരനെ സംബന്ധിച്ചിടത്തോളം ഈ ഓരോ പോസ്റ്റും ഓരോ സൂചനകളാണ്. ഓൺലൈനിൽ പങ്കുവെക്കുന്ന വിവരങ്ങൾ ഇരകളെക്കുറിച്ച് കൃത്യമായി മനസിലാക്കാനും തട്ടിപ്പുകൾ കൂടുതൽ വിശ്വസനീയമാക്കാനും സഹായിക്കും. എ.ഐ ഇതിന്‍റെ അപകട സാധ്യതകൾ വർധിപ്പിക്കുന്നു.

നിങ്ങളുടെ ജന്മദിനം, പഠിച്ച സ്കൂൾ, കുടുംബാംഗങ്ങളുടെ പേരുകൾ, വളർത്തുമൃഗത്തിന്റെ പേര് എന്നിവപോലും തടട്ടിപ്പുകാർക്ക് പഴുതൊരുക്കുന്നു. സുരക്ഷാ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളായോ പാസ്‌വേഡുകൾ കണ്ടെത്താനുള്ള സൂചനകളായോ ഇവ ഉപയോഗിക്കപ്പെടാറുണ്ട്. ഈ വിവരങ്ങൾ ഉപയോഗിച്ച് നിങ്ങളായോ അല്ലെങ്കിൽ നിങ്ങൾക്ക് പ്രിയപ്പെട്ട മറ്റൊരാളായോ തട്ടിപ്പുകാർക്ക് ആൾമാറാട്ടം നടത്താം.

ഉദാഹരണത്തിന്, നിങ്ങളുടെ കുട്ടിയുടെ പേര്, സ്കൂൾ, സമീപകാലത്തെ പ്രവർത്തനങ്ങൾ എന്നിവയൊക്കെ അറിയാവുന്ന ഒരു തട്ടിപ്പുകാരന്, നിങ്ങളുടെ ഒരു കുടുംബാംഗമെന്ന വ്യാജേന സന്ദേശം അയക്കാൻ കഴിയും. പെട്ടെന്നുണ്ടായ ഒരു ആവശ്യം, പണമടയ്ക്കൽ, അല്ലെങ്കിൽ വ്യക്തിഗത വിവരങ്ങൾ ചോദിക്കൽ എന്നിവ ഇതിൽ ഉൾപ്പെടാം. ഇത്തരം സന്ദേശങ്ങൾ വളരെ വിശ്വസനീയമായി തോന്നുന്നു എന്നതിലാണ് അപകടം ഒളിഞ്ഞിരിക്കുന്നത്. സംശയം തോന്നാത്ത വിധം നിങ്ങളുടെ ജീവിതത്തെക്കുറിച്ച് ആവശ്യത്തിന് വിവരങ്ങൾ തട്ടിപ്പുകാരൻ നേരത്തെ തന്നെ ശേഖരിച്ചിട്ടുണ്ടാകും.

കമ്പനിയിൽ പണമിടപാടുകൾ നടത്തുന്നത് ആരെന്ന് ലിങ്ക്ഡ്ഇൻ വഴി കണ്ടെത്താം

ലിങ്ക്ഡ്ഇൻ പോലെയുള്ള പ്രഫഷണൽ പ്ലാറ്റ്‌ഫോമുകൾ ഒരു സ്ഥാപനത്തിന്‍റെ ഘടന മനസ്സിലാക്കാനും, എളുപ്പത്തിൽ തട്ടിക്കൂടാൻ കഴിയുന്ന ജീവനക്കാരെ തിരിച്ചറിയാനും തട്ടിപ്പുകാരെ സഹായിക്കുന്നു. തസ്തികകൾ, മേലധികാരികളുമായുള്ള ബന്ധം, പുതിയ നിയമന പ്രഖ്യാപനങ്ങൾ, ജോലിയുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകൾ എന്നിവ വഴി കമ്പനിയിൽ പണമിടപാടുകൾ നടത്തുന്നത് ആര്, ഇടപാടുകൾ അംഗീകരിക്കുന്നത് ആര്, അടുത്തിടെ ജോലിയിൽ പ്രവേശിച്ചത് ആര് എന്നിവയൊക്കെ തട്ടിപ്പുകാർക്ക് മനസ്സിലാക്കാൻ സാധിക്കും.

കമ്പനിയിലെ ആന്തരിക നടപടിക്രമങ്ങൾ പഠിച്ചുവരുന്നതിനാൽ പുതിയ ജീവനക്കാർ ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകാൻ സാധ്യത കൂടുതലാണ്. ഒരു മുതിർന്ന ഉദ്യോഗസ്ഥനായി അഭിനയിച്ച് അടിയന്തിരമായി ഒരു പണമിടപാട് നടത്താൻ തട്ടിപ്പുകാരന് ആവശ്യപ്പെടാം. അല്ലെങ്കിൽ സാമ്പത്തിക കാര്യങ്ങളോ അക്കൗണ്ടുകളോ കൈകാര്യം ചെയ്യുന്ന ജീവനക്കാരെ ലക്ഷ്യമിട്ട് വ്യാജ ബാങ്ക് അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യിക്കാൻ ശ്രമിച്ചേക്കാം. പരസ്യമായി നൽകിയിട്ടുള്ള ജോലി സംബന്ധമായ ഇമെയിൽ വിലാസങ്ങൾ പോലും ഇരകളെ കണ്ടെത്തുന്നതിനും വിശ്വസനീയമായ സന്ദേശങ്ങൾ തയ്യാറാക്കുന്നതിനും ആക്രമണകാരികളെ സഹായിക്കും.

സോഷ്യൽ മീഡിയ തട്ടിപ്പുകളിൽ എ.ഐ

ചോർത്തപ്പെട്ട പാസ്‌വേഡുകളും എ.ഐ ടൂളുകളും ഓൺലൈനിൽ ലഭ്യമായ വിവരങ്ങളുമായി കൂടിച്ചേരുമ്പോൾ അത് കൂടുതൽ അപകടകരമായി മാറുന്നു. പഴയ ഡാറ്റാ ചോർച്ചകളിൽ പുറത്തുവന്ന പാസ്‌വേഡുകൾ ഇപ്പോഴും ഓൺലൈനിൽ പ്രചരിക്കുന്നുണ്ടാകാം. ഒന്നിലധികം അക്കൗണ്ടുകൾക്ക് ഒരേ പാസ്‌വേഡ് ഉപയോഗിക്കുന്ന ആളുകളുടെ ഒരു അക്കൗണ്ട് വിവരങ്ങൾ ചോർന്നാൽ, അത് മറ്റ് സേവനങ്ങളിലേക്കും തട്ടിപ്പുകാർക്ക് വഴി തുറക്കുന്നു.

എ.ഐ ഈ പ്രശ്നത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നു. ഒരു വ്യക്തിയുടെ ശബ്ദത്തിന്റെ ചെറിയൊരു റെക്കോർഡിങ് (വിഡിയോകളിൽ നിന്നോ, അഭിമുഖങ്ങളിൽ നിന്നോ, സോഷ്യൽ മീഡിയ പോസ്റ്റുകളിൽ നിന്നോ ലഭിക്കുന്നത്) ഉപയോഗിച്ച് 'വോയ്‌സ്-ക്ലോണിങ്' സാങ്കേതികവിദ്യയിലൂടെ അവരുടെ ശബ്ദം അതേപടി അനുകരിക്കാൻ കഴിയും. ഈ ശബ്ദാനുകരണം ഉപയോഗിച്ച് പണം ചോദിക്കുന്ന കുടുംബാംഗമായോ, ജീവനക്കാരനോട് പണമടയ്ക്കാൻ നിർദ്ദേശിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥനായോ തട്ടിപ്പുകാരന് സംസാരിക്കാൻ കഴിയും.

തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാൻ സോഷ്യൽ മീഡിയ പൂർണ്ണമായി ഒഴിവാക്കുക എന്നത് പ്രായോഗികമല്ല, ആവശ്യവുമില്ല. പരസ്യമായി ലഭ്യമായ വിവരങ്ങൾ എന്തൊക്കെയാണെന്ന് മനസ്സിലാക്കുകയും അവ ദുരുപയോഗം ചെയ്യുന്നത് പരിമിതപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കുകയുമാണ് വേണ്ടത്.

വീട്ടിലും ജോലിസ്ഥലത്തും ദൈനംദിന ജീവിതത്തിൽ ലളിതമായ പരിശോധനാ ശീലങ്ങൾ വളർത്തിയെടുക്കാം. നിങ്ങളുടെ പ്രൈവസി സെറ്റിങ്സുകൾ പരിശോധിക്കുക. സോഷ്യൽ മീഡിയയിൽ വ്യക്തിഗത വിവരങ്ങൾ, കുടുംബ ചിത്രങ്ങൾ, ജന്മദിനങ്ങൾ, മറ്റ് സംവേദനക്ഷമമായ വിവരങ്ങൾ എന്നിവ കാണാൻ കഴിയുന്നവരുടെ എണ്ണം പരിമിതപ്പെടുത്തുക.

കുടുംബാംഗമാണെന്ന് അവകാശപ്പെടുന്ന ആരെങ്കിലും അടിയന്തിരമായി പണം അയക്കാൻ ആവശ്യപ്പെട്ടാൽ, അയക്കുന്നതിന് മുമ്പ് അവരുടെ സാധാരണ നമ്പറിലേക്ക് വിളിച്ച് ഉറപ്പുവരുത്തുക. ഇത്തരം ആവശ്യങ്ങൾ പരിശോധിക്കാൻ കുടുംബങ്ങൾക്കിടയിൽ ഒരു 'രഹസ്യ കോഡ് വാക്ക്' നിശ്ചയിക്കാവുന്നതാണ്.

ജോലിസ്ഥലത്ത്, പുതിയ പണമിടപാട് ആവശ്യങ്ങളോ ബാങ്ക് വിവരങ്ങളിലെ മാറ്റങ്ങളോ മറ്റൊരു മാധ്യമത്തിലൂടെ വിളിച്ച് ഉറപ്പാക്കുക. സംശയാസ്പദമായ സന്ദേശത്തിൽ നൽകിയിരിക്കുന്ന കോൺടാക്റ്റ് വിവരങ്ങൾക്ക് പകരം വിശ്വസനീയമായ കോൺടാക്റ്റ് നമ്പർ ഉപയോഗിക്കുക.

ഓരോ അക്കൗണ്ടിനും വ്യത്യസ്തമായ പാസ്‌വേഡുകൾ ഉപയോഗിക്കുകയും മൾട്ടി-ഫാക്ടർ ഓതന്റിക്കേഷൻ (MFA) എനേബിൾ ചെയ്യുകയും ചെയ്യുക. ഒരു ഓതന്റിക്കേറ്റർ ആപ്പോ സെക്യൂരിറ്റി കീ യോ ഉപയോഗിക്കുന്നത് പാസ്‌വേഡുകളെ മാത്രം ആശ്രയിക്കുന്നതിനേക്കാൾ കൂടുതൽ സുരക്ഷ നൽകും.

ഇരകളെ പെട്ടെന്ന് തീരുമാനമെടുക്കാൻ സമ്മർദ്ദത്തിലാക്കുക എന്നതാണ് തട്ടിപ്പുകാർ ഉപയോഗിക്കുന്ന ഏറ്റവും സാധാരണമായ തന്ത്രങ്ങളിലൊന്ന്. ഒരു കുടുംബാംഗം അപകടത്തിലാണെന്ന് വിളിക്കുന്നയാൾ അവകാശപ്പെട്ടേക്കാം. അല്ലെങ്കിൽ ബോസിന്റെ പേരിൽ വരുന്ന ഇമെയിലിൽ ഉടനടി പണം ട്രാൻസ്ഫർ ചെയ്യാൻ ആവശ്യപ്പെട്ടേക്കാം. ചോദ്യങ്ങൾ ചോദിക്കാനോ കാര്യങ്ങൾ സ്വയം പരിശോധിക്കാനോ സമയം നൽകാതിരിക്കുകയാണ് ഇതിന്‍റെ ലക്ഷ്യം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - scam through social media posts
Next Story