ഏപ്രിൽ വരെ കാത്തിരിക്കൂ, എസ്.ബി.ഐ ഫണ്ട്സ് ഓഹരി സ്വന്തമാക്കാം
text_fieldsമുംബൈ: രാജ്യത്തെ ഏറ്റവും വലിയ അസറ്റ് മാനേജ്മെന്റ് കമ്പനിയായ എസ്.ബി.ഐ ഫണ്ട്സ് മാനേജ്മെന്റ് പ്രഥമ ഓഹരി വിൽപനക്ക് (ഐ.പി.ഒ) ഒരുങ്ങുന്നു. ഫെബ്രുവരി പകുതിയോടെ ഐ.പി.ഒ അപേക്ഷ സമർപ്പിക്കും. ഏപ്രിൽ മാസത്തിൽ ചെറുകിട നിക്ഷേപകർക്ക് ഐ.പി.ഒയിലൂടെ ഓഹരികൾ സ്വന്തമാക്കാം. 1.2 ബില്ല്യൻ ഡോളറിന്റെ അതായത് 11,028 കോടി രൂപയാണ് എസ്.ബി.ഐ ഫണ്ട് മാനേജ്മെന്റ് ഓഹരി വിപണിയിൽനിന്ന് സമാഹരിക്കുക.
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) യും ഫ്രഞ്ച് അസറ്റ് മാനേജർ അമുണ്ടിയും ചേർന്നുള്ള സംയുക്ത സംരംഭമാണ് എസ്.ബി.ഐ ഫണ്ട്സ് മാനേജ്‌മെന്റ്. എസ്.ബി.ഐക്ക് 61.9 ശതമാനം ഓഹരികളും അമുണ്ടിക്ക് 36.4 ശതമാനം ഓഹരികളുമാണ് കമ്പനിയിലുള്ളത്. ബാക്കിയുള്ള ഓഹരികൾ ജീവനക്കാരുടെയും സ്വകാര്യ നിക്ഷേപകരുടെയും കൈവശമാണ്. കഴിഞ്ഞ നവംബറിലാണ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാനുള്ള പദ്ധതി പ്രഖ്യാപിച്ചത്. ഐ.പി.ഒയിലൂടെ എസ്.ബി.ഐ 6.3 ശതമാനവും അമുണ്ടി 3.7 ശതമാനവും ഓഹരിയാണ് വിൽക്കുക.
ഡിസംബർ വരെയുള്ള കണക്ക് പ്രകാരം 12.5 ലക്ഷം കോടി രൂപയുടെ ആസ്തി കൈകാര്യം ചെയ്യുന്ന കമ്പനിയാണ് എസ്.ബി.ഐ ഫണ്ട്സ്. 2025 സാമ്പത്തിക വർഷം കമ്പനി 2,531 കോടി രൂപയുടെ അറ്റാദായം നേടിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം അറ്റാദായം 2,062 കോടിയായിരുന്നു. ഫെബ്രുവരിയിലോ മാസത്തിന്റെ പകുതിയോടെയോ അപേക്ഷ സമർപ്പിക്കുകയും ഏപ്രിലിൽ ഐ.പി.ഒ വിപണിയിൽ എത്തിക്കുകയുമാണ് ലക്ഷ്യമെന്നും എന്നാൽ, മറ്റു ചില ഘടകങ്ങളെ ആശ്രയിച്ചായിരിക്കും പദ്ധതി യാഥാർഥ്യമാകുകയെന്നും എസ്.ബി.ഐ ഫണ്ട്സുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. സാധാരണ ഐ.പി.ഒക്ക് അനുമതി നൽകാൻ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) രണ്ടോ മൂന്നോ മാസങ്ങൾ എടുക്കാറുണ്ട്. അതുകൊണ്ട്, ഐ.പി.ഒ എപ്പോൾ വിപണിയിലെത്തുമെന്ന് കൃത്യമായി പറയാൻ കഴിയില്ല. നിലവിൽ ഓഹരി വിപണിയിലെ സാഹചര്യംകൂടി കണക്കിലെടുത്തായിരിക്കും ഐ.പി.ഒ തുടങ്ങുകയെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
സെബിയുടെ ഓഹരി പങ്കാളിത്ത നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഐ.പി.ഒയിലൂടെ എസ്.ബി.ഐയും അമുണ്ടിയും ഓഹരി വിൽക്കുന്നത്. എസ്.ബി.ഐ ഫണ്ട്സിന് വിവിധ ബാങ്കുകൾ കണക്കാക്കിയ വാല്യൂവേഷൻ വിശകലനം ചെയ്യുകയാണെന്നും അന്തിമ തീരുമാനം എടുത്ത ശേഷമായിരിക്കും സെബിക്ക് അപേക്ഷ സമർപ്പിക്കുകയെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
ആഗോള അനിശ്ചിതാവസ്ഥയുടെ പശ്ചാത്തലത്തിൽ ഓഹരി വിപണി കനത്ത ഇടിവ് നേരിട്ടെങ്കിലും ഐ.പി.ഒകൾക്ക് നിക്ഷേപകരിൽനിന്ന് വൻ സ്വീകരണമാണ് ലഭിക്കുന്നത്. പ്രൈം ഡാറ്റബേസിന്റെ കണക്ക് പ്രകാരം 2024ൽ ഐ.പി.ഒയിലൂടെ 91 കമ്പനികൾ 1.6 ലക്ഷം കോടി രൂപ സമാഹരിച്ചപ്പോൾ കഴിഞ്ഞ വർഷം 103 കമ്പനികൾ കണ്ടെത്തിയത് 1.76 ലക്ഷം കോടി രൂപയാണ്. എസ്.ബി.ഐ ഫണ്ട്സിന്റെ എതിരാളിയായ ഐ.സി.ഐ.സി.ഐ പ്രൂഡൻഷ്യൽ അസറ്റ് മാനേജ്‌മെന്റിന്റെ 1.2 ബില്ല്യൻ ഡോളറിന്റെ ഐ.പി.ഒ കഴിഞ്ഞ മാസം ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിരുന്നു. അതുപോലെ, കനറ റോബെക്കോ അസറ്റ് മാനേജ്‌മെന്റ് കമ്പനിയും ഒക്ടോബറിൽ ലിസ്റ്റ് ചെയ്തിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

