പൊന്ന് വിൽക്കുന്നിടത്ത് സചിനെന്തു കാര്യം!, പക്ഷേ, കുതിക്കുന്ന സ്വർണവിലയെക്കുറിച്ച് ഇതിഹാസതാരം പറയുന്നതിൽ കാര്യമുണ്ട്...
text_fieldsമുംബൈ: സ്വർണ വില കുതിച്ചുയരുമ്പോൾ ഇന്ത്യയിലെ ലക്ഷക്കണക്കിന് ഉപഭോക്താക്കളെ പോലെ ഇന്ത്യയുടെ ഇതിഹാസ ക്രിക്കറ്റ് താരം സചിൻ ടെണ്ടുൽക്കറും ആശങ്കയിലാണ്. ഒരു പവൻ സ്വർണം വാങ്ങാൻ ഒരു ലക്ഷം രൂപയോളം നൽകണമല്ലോയെന്നല്ല സചിന്റെ സങ്കടം. മറിച്ച്, സ്വർണത്തിന്റെ ഇറക്കുമതി കൂടുന്നത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകർക്കുമെന്നാണ്. അതുകൊണ്ട് ‘പഴയ സ്വർണം മാറ്റി പുതിയത് വാങ്ങൂ’ എന്ന് അദ്ദേഹം കുടുംബങ്ങളോട് ആവശ്യപ്പെടുന്നു. സ്വകാര്യ ജ്വല്ലറി കമ്പനി തയാറാക്കിയ പരസ്യ വിഡിയോയിലാണ് അഭ്യർഥനയുമായി ടെണ്ടുൽക്കർ രംഗത്തെത്തിയത്. ‘‘ആവശ്യമായ സ്വർണത്തിന്റെ ഭൂരിഭാഗവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. പക്ഷെ, നിങ്ങൾ പഴയത് നൽകിയാണ് പുതിയത് വാങ്ങുന്നതെങ്കിൽ സ്വർണം ഇറക്കുമതി ചെയ്യേണ്ട ആവശ്യമേ വരില്ല. സ്വർണം ഇറക്കുമതി കുറക്കുന്നത് രാജ്യത്തെ സാമ്പത്തികമായി ശക്തമാക്കും‘‘- ടെണ്ടുൽക്കർ പറയുന്നു.
സചിൻ പറയുന്നത് ശരിയാണ്. സ്വർണം ഇറക്കുമതി ചെയ്യുന്നതിനാൽ ഇന്ത്യയുടെ വിദേശ വ്യാപാര കമ്മി വർധിച്ചുകൊണ്ടിരിക്കുകയാണ്. അതായത്, കയറ്റുമതിയിലൂടെ ഇന്ത്യ സമ്പാദിക്കുന്നതിനേക്കാൾ എത്രയോ അധികം ഡോളറാണ് സ്വർണം ഇറക്കുമതിക്ക് നൽകുന്നത്. ഇങ്ങനെ തുടർന്നാൽ, രൂപയുടെ മൂല്യമിടിയും. മാത്രമല്ല, വിദേശ ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും കൂടുതൽ പണം നൽകേണ്ടിയും വരും.
ഏറ്റവും കൂടുതൽ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ ചൈനയാണ് ഒന്നാം സ്ഥാനത്തെങ്കിൽ തൊട്ടുപിന്നിലാണ് ഇന്ത്യ. വേൾഡ് ഗോൾഡ് കൗൺസിൽ കണക്ക് പ്രകാരം 857 ടൺ സ്വർണമാണ് കഴിഞ്ഞ വർഷം ചൈനയിലെ ഉപഭോക്താക്കൾ വാങ്ങിയത്. നമ്മൾ 803 ടൺ സ്വർണം വാങ്ങിയിട്ടുണ്ട്. 15 വർഷത്തിനിടെ രണ്ട് രാജ്യങ്ങളും ചേർന്ന് വാങ്ങിക്കൂട്ടിയത് ലോകത്ത് മൊത്തം ഉപഭോഗത്തിലുള്ള സ്വർണത്തിന്റെ പകുതിയിലേറെയാണ്.
ഈ വർഷം ജൂൺ അവസാനത്തോടെ ഇന്ത്യയിലെ കുടുംബങ്ങൾ ആഭരണങ്ങളും മറ്റുമായി സ്വന്തമാക്കിയിരിക്കുന്നത് 34,600 ടൺ സ്വർണമാണ്. 3.8 ലക്ഷം കോടി ഡോളർ അതായത് 33.77 ലക്ഷം കോടി രൂപയാണ് ഇത്രയും സ്വർണത്തിന്റെ വില. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ (ജി.ഡി.പി) 89 ശതമാനം വരുമിതെന്ന് മോർഗൻ സ്റ്റാൻലിയിലെ സാമ്പത്തിക വിദഗ്ധരായ ഉപാസന ചച്രയും ബാനി ഗംഭീറും പറയുന്നു.
പത്ത് വർഷങ്ങൾക്ക് മുമ്പ് രഘുറാം രാജൻ റിസർവ് ബാങ്ക് ഗവർണറായിരുന്ന കാലത്താണ് ഇന്ത്യക്കാർ ഇത്രയേറെ സ്വർണം വാങ്ങിക്കൂട്ടിയത്. പക്ഷെ, 15 വർഷം മുമ്പത്തെ അപേക്ഷിച്ച് ഇന്ത്യക്കാരുടെ സ്വർണ ഉപഭോഗത്തിൽ 20 ശതമാനത്തോളം കുറവുണ്ടായെന്നാണ് വേൾഡ് ഗോൾഡ് കൗൺസിൽ റിപ്പോർട്ട്. പണപ്പെരുപ്പം നിയന്ത്രിക്കാൻ കഴിഞ്ഞതാണ് ഈ മാറ്റത്തിന് കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

