ഇന്ധനക്ഷാമം രൂക്ഷം; ഇന്ത്യയിൽനിന്ന് പെട്രോൾ ഇറക്കുമതി ചെയ്ത് റഷ്യ
text_fieldsമോസ്കോ: ഊർജ കേന്ദ്രങ്ങളിൽ യുക്രെയ്ൻ നടത്തിയ ആക്രമണങ്ങൾക്കു പിന്നാലെ ഇന്ധനക്ഷാമം രൂക്ഷമായ റഷ്യ, ഇന്ത്യയിൽനിന്ന് പെട്രോൾ വാങ്ങുന്നു. കടുത്ത ഇന്ധനക്ഷാമം പരിഹരിക്കുന്നതിനായി ഇന്ത്യയിൽനിന്ന് കടൽമാർഗം റഷ്യ പെട്രോൾ ഇറക്കുമതി ചെയ്തു തുടങ്ങിയതായി വ്യവസായ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
രാജ്യത്തെ പ്രധാന എണ്ണ ശുദ്ധീകരണ ശാലകളെ ലക്ഷ്യമിട്ട് നടത്തിയ യുക്രെയ്ൻ ഡ്രോൺ ആക്രമണത്തിൽ കേന്ദ്രങ്ങളുടെ പ്രവർത്തനം താറുമാറായി. നിലവിൽ റഷ്യയിൽ പ്രെട്രോൾ വിൽപനക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ പമ്പുകളിൽ നീണ്ട നിരയാണ്. പെട്രോളിന്‍റെ വില റെക്കോർഡ് നിലയിലേക്ക് ഉയരുകയും ചെയ്തു. പ്രെട്രോൾ ഇറക്കുമതിക്കായി മറ്റു രാജ്യങ്ങളുമായി ആശയവിനിമയം നടത്തുന്നതായി ക്രെംലിൻ വ്യക്തമാക്കി. അതേസമയം, എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് റഷ്യയുടെ ഊർജ മന്ത്രാലയമോ കേന്ദ്ര പെട്രോളിയം മന്ത്രാലയമോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇന്ത്യയിൽ നിന്ന് കുറഞ്ഞത് 60,000 മെട്രിക് ടൺ പെട്രോൾ റഷ്യയിലേക്ക് അയച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. 30,000 മുതൽ 40,000 ടൺ വരെ ശേഷിയുള്ള രണ്ട് ടാങ്കറുകൾ അയച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ബെലറൂസ് ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽനിന്ന് പ്രതിമാസം 400,000 ടൺ പെട്രോൾ ഇറക്കുമതി ചെയ്യാൻ റഷ്യ ആലോചിക്കുന്നുണ്ട്. വേനൽക്കാലത്ത് റഷ്യയിൽ പ്രതിദിനം കുറഞ്ഞത് 110,000 ടൺ പെട്രോൾ ആവശ്യമാണ്. ഏത് ഇന്ത്യൻ റിഫൈനറിയാണ് റഷ്യക്ക് പെട്രോൾ നൽകുന്നതെന്ന് വ്യക്തമല്ല. എണ്ണ ശുദ്ധീകരണ ശാലകൾക്കു നേരെയുണ്ടായ യുക്രെയ്നിന്‍റെ ഡ്രോൺ ആക്രമണത്തെ തുടർന്ന് ചില മേഖലകളിൽ ഇന്ധനക്ഷാമം നേരിടുന്നതായി പ്രസിഡന്റ് വ്ലാദിമിർ പുടിൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
മെയ് മാസത്തെ ആദ്യ പകുതിയുമായി താരതമ്യം ചെയ്യുമ്പോൾ ജൂണിന്റെ ആദ്യ പകുതിയിൽ ബെലറൂസിൽനിന്ന് മൂന്നിരട്ടിയാണ് (70,000 ടൺ) റഷ്യയിലേക്ക് എണ്ണ ഇറക്കുമതി ചെയ്തത്. യുക്രെയ്ൻ ഡ്രോൺ ആക്രമണങ്ങൾ മൂലമുണ്ടായ ഇന്ധനക്ഷാമം പരിഹരിക്കുന്നതിനായി റഷ്യൻ പാർലമെന്റ് കഴിഞ്ഞയാഴ്ച നികുതി നിയമത്തിൽ ഭേദഗതികൾ വരുത്തിയിരുന്നു. കൂടാതെ, ഇന്ത്യയിൽനിന്നുള്ള യാത്ര ചെലവും വിലയും കണക്കാക്കി ഇന്ധന ഇറക്കുമതിക്ക് സബ്‌സിഡികളും പ്രഖ്യാപിച്ചിട്ടുണ്ട്.
ഹുർമുസ് കടലിടുക്കിലെ നിയന്ത്രണങ്ങളെ തുടർന്ന് രാജ്യത്തെ ഊർജപ്രതിസന്ധി നേരിടാനായി ഇന്ത്യൻ റിഫൈനറികൾ മൂൻകൂട്ടി റഷ്യൻ ക്രൂഡ് ഓയിൽ വൻതോതിൽ വാങ്ങിക്കൂട്ടിയിരുന്നു. അമേരിക്ക റഷ്യൻ എണ്ണ വാങ്ങുന്നതിനുള്ള നിയന്ത്രണത്തിൽ ഇളവും നൽകി. ജൂണിൽ ഇന്ത്യയുടെ റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി റെക്കോർഡ് ഉയരത്തിലെത്തിയെന്നാണ് കണക്കുകൾ പറയുന്നത്. ജൂണിൽ ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയുടെ പകുതിയിലധികവും റഷ്യൻ എണ്ണയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. മെയ് മാസത്തിൽ ഇത് 36.5% ആയിരുന്നു. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരായ ഇന്ത്യ, ജൂണിൽ റഷ്യയിൽനിന്ന് പ്രതിദിനം ഏകദേശം 2.70 ദശലക്ഷം ബാരൽ എണ്ണയാണ് ഇറക്കുമതി ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

