എണ്ണ ഇറക്കുമതി കുറഞ്ഞു; ഇന്ത്യക്കുള്ള ഡിസ്കൗണ്ട് ഇരട്ടിയാക്കി റഷ്യ
text_fieldsമുംബൈ: ഇന്ത്യൻ കമ്പനികൾക്ക് എണ്ണ വിലയിൽ ഇരട്ടി ഡിസ്കൗണ്ട് നൽകി റഷ്യ. ഒരു ബാരൽ അസംസ്കൃത എണ്ണക്ക് എട്ട് ഡോളർ വരെയാണ് ഡിസ്കൗണ്ട് നൽകിയത്. കഴിഞ്ഞ ഒക്ടോബറിൽ റഷ്യൻ എണ്ണ കമ്പനികളായ റോസ്നെഫ്റ്റിനും ലുകോയിലിനുമെതിരെ യു.എസ് ഉപരോധം പ്രഖ്യാപിച്ചതിന് ശേഷമാണ് കൂടുതൽ ഡിസ്കൗണ്ട് നൽകിയത്. വില ഗണ്യമായി കുറഞ്ഞതോടെ ഉപരോധം ബാധിക്കാത്ത കമ്പനികളിൽനിന്ന് ഇന്ത്യയിലേക്ക് എണ്ണ കയറ്റുമതി വർധിക്കുമെന്നാണ് സൂചന.
ഫിൻലൻഡിലെ സെന്റർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയറാണ് ഇതു സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. ഒക്ടോബർ 23ന് റഷ്യയിലെ ഏറ്റവും വലിയ എണ്ണ വിതരണക്കാരായ റോസ്നെഫ്റ്റിനും ലുകോയിലിനുമെതിരെ ഉപരോധം ഏർപ്പെടുത്താനുള്ള യുഎസ് തീരുമാനത്തിന് ശേഷം, ഒരു ബാരൽ യുറൽസ് ക്രൂഡ് ഓയിലിന് രണ്ട് മുതൽ നാല് ഡോളർ വരെ ഡിസ്കൗണ്ട് നൽകി. ഉപരോധം പ്രാബല്യത്തിൽ വന്ന നവംബറിൽ ഇളവ് ബാരലിന് 6.6 ഡോളറാവുകയും ചെയ്തു.
ഇന്ത്യക്ക് വിൽക്കുന്ന എണ്ണ വിലയിലെ ഡിസ്കൗണ്ട് ഇനിയും ഉയരുമെന്ന് രഹസ്യ വൃത്തങ്ങൾ പറഞ്ഞു. കൂടുതൽ ഡിസ്കൗണ്ട് നൽകിയില്ലെങ്കിലും ഇന്ത്യയുടെ എണ്ണ ഇറക്കുമതി വർധിക്കും. ഇന്ത്യ മറ്റു വിപണികളിൽനിന്ന് എണ്ണ വാങ്ങുന്നത് ഹ്രസ്വകാലത്തേക്ക് വർധിപ്പിച്ചിട്ടുണ്ടെങ്കിലും റഷ്യ നൽകുന്ന വിലയിൽ മറ്റൊരു രാജ്യത്തിനും വിതരണം ചെയ്യാൻ കഴിയില്ലെന്നും രഹസ്യ വൃത്തങ്ങൾ വ്യക്തമാക്കി.
ഇന്ത്യക്കുള്ള വിലക്കിഴിവ് ബാരലിന് എട്ട് ഡോളർ വരെയായി ഉയർന്നതായി പെട്രോളിയം മേഖലയിലെ വിദഗ്ധനും ഇക്ര ലിമിറ്റഡിലെ സീനിയർ വൈസ് പ്രസിഡന്റുമായ പ്രശാന്ത് വസിഷ്ഠ് പറഞ്ഞു. അതേസമയം, ഡിസംബറിൽ, ഇന്ത്യയുടെ പ്രതിദിന റഷ്യൻ എണ്ണ ഇറക്കുമതി 1.2 ദശലക്ഷം ബാരലായി കുറഞ്ഞുവെന്നാണ് നവിക വ്യാപാര ഗവേഷണ സ്ഥാപനമായ കെപ്ലറിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. നവംബറിൽ 1.8 ദശലക്ഷം ബാരൽ എണ്ണയാണ് ദിനംപ്രതി വാങ്ങിയത്. 2022ൽ യുക്രെയ്ൻ യുദ്ധം തുടങ്ങിയതിന് പിന്നാലെ റഷ്യൻ എണ്ണയുടെ വില ബാരലിന് 30 വരെ കുറച്ചിരുന്നു. ഇന്ത്യയും ചൈനയുമാണ് ഈ വിലക്കുറവ് നേട്ടമാക്കി ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

