ഡോളർ ഒന്നിന് 92! രൂപയുടെ മൂല്യം റെക്കോഡ് തകർച്ചയിൽ
text_fieldsപ്രതീകാത്മക ചിത്രം
മുംബൈ: യു.എസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 92ൽ എത്തി. വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽനിന്ന് വൻതോതിൽ പണം പിൻവലിക്കുന്നതും ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങളുമാണ് രൂപയുടെ കനത്ത തകർച്ചയ്ക്ക് പ്രധാന കാരണം. ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനയും അമേരിക്കൻ ബോണ്ട് യീൽഡിലെഉയർച്ചയും ഡോളർ കൂടുതൽ കരുത്താർജിക്കാൻ കാരണമായി. ഇത് രൂപയുൾപ്പെടെയുള്ള വികസ്വര രാജ്യങ്ങളിലെ കറൻസികളെ തളർത്തി.
ഇന്ത്യൻ ഓഹരി വിപണിയിലെ തകർച്ചയും രൂപയുടെ മൂല്യമിടിയാൻ കാരണമായിട്ടുണ്ട്. വിദേശ നിക്ഷേപകർ ഓഹരികൾ വിറ്റൊഴിയുന്നത് ഡോളറിനായുള്ള ആവശ്യം വർധിപ്പിച്ചു. ആഗോള വിപണിയിൽ ഡോളർ ഇൻഡക്സ് ഉയർന്നുനിൽക്കുന്നത് രൂപക്ക് വെല്ലുവിളിയാകുന്നുണ്ട്. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന പ്രധാന വസ്തുവായ ക്രൂഡ് ഓയിലിന്റെ വില വർധിക്കുമ്പോൾ കൂടുതൽ ഡോളർ ചെലവാക്കേണ്ടി വരുന്നത് രൂപയുടെ മൂല്യത്തെ ബാധിക്കുന്നുണ്ട്. യു.എസ് ഫെഡറൽ റിസർവ് പലിശ നിരക്കുകളിൽ വരുത്തുന്ന മാറ്റങ്ങൾ നിക്ഷേപകരെ കൂടുതലായി ഡോളറിലേക്ക് ആകർഷിക്കുന്നു.
രൂപയുടെ മൂല്യമിടിയുന്നത് ഇറക്കുമതി ചെലവേറുന്നതിന് കാരണമാകും. വിദേശത്തുനിന്ന് വരുന്ന ഇലക്ട്രോണിക്സ്, സ്വർണം, അസംസ്കൃത എണ്ണ ഉൾപ്പെടെയുള്ള സാധനങ്ങളുടെ വില വർധിക്കും. വിദേശത്ത് പഠിക്കുന്ന വിദ്യാർഥികൾക്കും വിദേശ യാത്ര നടത്തുന്നവർക്കും കൂടുതൽ പണം ചെലവാക്കേണ്ടി വരും. എന്നാൽ ഗൾഫ് രാജ്യങ്ങളിലും മറ്റും ജോലി ചെയ്യുന്ന പ്രവാസികൾക്ക് നാട്ടിലേക്ക് പണമയക്കുമ്പോൾ കൂടുതൽ തുക ലഭിക്കും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വിപണിയിൽ ഇടപെടുകയും ഡോളർ വിറ്റഴിച്ച് രൂപയുടെ മൂല്യം പിടിച്ചുനിർത്താൻ ശ്രമിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ആഗോള സാഹചര്യങ്ങൾ പ്രതികൂലമായി തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

