9,49,50,50,00,00,000 രൂപ...; ലോകത്തിലെ ആദ്യ ട്രില്ല്യണയർ ആകാൻ ഇലോൺ മസ്ക്, ട്രില്ല്യൺ ഡോളറിന് എന്തുവാങ്ങാം?
text_fieldsന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും സമ്പന്നനായ ഇലോൺ മസ്‌ക് ഇതുവരെ ആരും കൈവരിച്ചിട്ടില്ലാത്ത മറ്റൊരു സാമ്പത്തിക നാഴികകല്ല് കൂടി കൈവരിക്കാൻ ഒരുങ്ങുന്നു. ചരിത്രത്തിലാദ്യമായി ഒരു ട്രില്യൺ ഡോളർ (നിലവിലെ വിനിമയ നിരക്കിൽ 9,49,50,50,00,00,000 രൂപ, അതായത് ഏകദേശം 94.95 ലക്ഷം കോടി രൂപ) സമ്പത്തിനുടമയാകാനുള്ള സാധ്യത ഉയർന്നതായാണ് റിപ്പോർട്ടുകൾ.
മസ്‌കിന്റെ ബഹിരാകാശ കമ്പനിയായ സ്‌പേസ്‌എക്‌സിന്റെ ഓഹരി വിപണി പ്രവേശനം (ഐ.പി.ഒ) അടുത്ത ദിവസങ്ങളിൽ നടക്കാനിരിക്കെ കമ്പനിയുടെ മൂല്യം 1.7 മുതൽ 1.8 ട്രില്യൺ ഡോളർ വരെ ഉയരുമെന്നാണ് വിലയിരുത്തൽ. നിലവിൽ മസ്‌കിന്റെ സമ്പത്തിന്റെ വലിയൊരു പങ്കും അദ്ദേഹത്തിന്റെ കമ്പനികളായ ടെസ്ലയും സ്‌പേസ്‌എക്‌സും ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ ഓഹരി പങ്കാളിത്തത്തിലാണ്. സ്‌പേസ്‌എക്‌സിന്റെ വിപണി മൂല്യം കുതിച്ചുയരുന്നതോടെ അദ്ദേഹത്തിന്റെ ആസ്തി ഒരു ട്രില്യൺ ഡോളർ കടക്കുമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തൽ.
ഒരു ട്രില്ല്യൺ ഡോളറിന് എന്തുവാങ്ങാം?
പല രാജ്യങ്ങളുടെ വാർഷിക ജി.ഡി.പിയേക്കാൾ ഉയർന്ന തുകയാണ് ഒരു ട്രില്യൺ ഡോളർ. ഈ സമ്പത്ത് ഉപയോഗിച്ച് ലക്ഷക്കണക്കിന് വീടുകളോ ആയിരക്കണക്കിന് സ്വകാര്യ ജെറ്റുകളോ സ്വന്തമാക്കാനാകും.
വാൾ സ്ട്രീറ്റും നിരവധി പ്രമുഖ കോർപറേഷനുകളും സ്ഥിതി ചെയ്യുന്ന ആഗോള സാമ്പത്തിക കേന്ദ്രമായ മാൻഹട്ടന്റെ വാർഷിക സാമ്പത്തിക ഉൽപ്പാദനവുമായി താരതമ്യപ്പെടുത്താവുന്നത് ഈ കണക്ക്. ഫെഡറൽ റിസർവിന്റെ ഡാറ്റ പ്രകാരം 2024 ൽ മാൻഹട്ടന്റെ സമ്പദ്‌വ്യവസ്ഥയുടെ മൂല്യം ട്രില്യൺ ഡോളറിൽ കൂടുതലായിരുന്നു.
മാത്രമല്ല, മസ്കിന്റെ സഹ ശതകോടീശ്വരന്മാരുമായുള്ള താരതമ്യമാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്, ഒറാക്കിൾ സ്ഥാപകൻ ലാറി എലിസൺ, ഗൂഗ്ൾ സഹസ്ഥാപകരായ ലാറി പേജ്, സെർജി ബ്രിൻ എന്നിവരുൾപ്പെടെ ലോകത്തിലെ ഏറ്റവും ധനികരായ നിരവധി സംരംഭകരുടെ മൊത്തം ആസ്തി കണക്കുകൂട്ടിയാൽ ഏകദേശം 1.09 ട്രില്യൺ ഡോളറാണ്. ഇത് മസ്കിന് പ്രതീക്ഷിക്കുന്ന സമ്പത്തിനേക്കാൾ അൽപ്പം കൂടുതലാണെന്ന് മാത്രം.
യു.എസിലെ മൂന്നാമത്തെ വലിയ നഗരവും എണ്ണ, വാതക വ്യവസായത്തിന്റെ പ്രധാന കേന്ദ്രവുമായ ഹൂസ്റ്റണിലെ എല്ലാ റെസിഡൻഷ്യൽ, കൊമേഴ്‌സ്യൽ സ്വത്തുക്കളുടെയും മൂല്യത്തേക്കാൾ മസ്കിന്റെ പ്രതീക്ഷിക്കുന്ന സമ്പത്ത് കൂടുതലായിരിക്കും. ടെക്സസ് നഗരത്തിലെ എല്ലാ സ്വത്തുക്കളുടെയും ആകെ മൂല്യം ഏകദേശം 879 ബില്യൺ ഡോളറാണ്.
ലോകത്തിലെ ഏറ്റവും വലിയ സ്‌പോർട്‌സ് ഫ്രാഞ്ചൈസികളുടെ മൊത്തം മൂല്യത്തേക്കാൾ വളരെ കൂടുതലായിരിക്കും മസ്കിന്റെ സമ്പത്ത്. ഫോർബ്‌സിന്റെ കണക്കനുസരിച്ച്, ലോകത്തിലെ ഏറ്റവും മൂല്യമുള്ള 50 സ്‌പോർട്‌സ് ടീമുകളുടെ മൊത്തം മൂല്യം ഏകദേശം 353 ബില്യൺ ഡോളറാണ്. ലോകത്തിലെ മിക്കവാറും എല്ലാ പ്രധാന പ്രഫഷണൽ സ്‌പോർട്‌സ് ടീമുകളെയും വാങ്ങാൻ മസ്കിന്റെ സമ്പത്ത് മതിയാകും.
അതേസമയം, മസ്കിന്റെ സമ്പത്ത് മുഴുവൻ പണമായല്ല. ഓഹരികളുടെയും കമ്പനികളുടെ വിപണി മൂല്യത്തിന്റെയും അടിസ്ഥാനത്തിലുള്ള ‘നെറ്റ്‌വർത്ത്’ കണക്കാണ് ഒരു ട്രില്ല്യൺ ഡോളർ. ഓഹരി വിലകളിലെ മാറ്റങ്ങൾക്കനുസരിച്ച് ഈ മൂല്യവും ഉയരുകയോ താഴുകയോ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

