പുരപ്പുറ സോളാർ പവർ സേവർ മാത്രമല്ല വരുമാനത്തിനുള്ള വഴിയും
text_fieldsപുരപ്പുറ സോളാറിനെ വൈദ്യുതി ബിൽ കുറക്കാനുള്ള ഒരു ഉപാധിയായി മാത്രമല്ല ഇപ്പോൾ കണക്കാക്കുന്നത്. ആകർഷകമായ വരുമാനം ഉണ്ടാക്കാനും, വസ്തുവകകളുടെ മൂല്യം വർധിപ്പിക്കാനും, വർധിച്ചുവരുന്ന വൈദ്യുതി നിരക്കുകളിൽ നിന്ന് വീടുകളെയും ബിസിനസ് സ്ഥാപനങ്ങളെയും സംരക്ഷിക്കാനും കഴിയുന്ന ഒരു ദീർഘകാല സാമ്പത്തിക ആസ്തിയായി ഇത് മാറിക്കൊണ്ടിരിക്കുകയാണെന്ന് വ്യവസായ വിദഗ്ധർ പറയുന്നു.
സർക്കാർ ആനുകൂല്യങ്ങൾ, എളുപ്പത്തിലുള്ള സാമ്പത്തിക സഹായങ്ങൾ, വീടുകളിലോ വാണിജ്യ സ്ഥാപനങ്ങളിലോ സ്വന്തമായി വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിന്‍റെ ദീർഘകാല സാമ്പത്തിക നേട്ടങ്ങളെക്കുറിച്ചുള്ള വർധിച്ചുവരുന്ന അവബോധം എന്നിവയുടെ പിന്തുണയോടെ ഇന്ത്യയിലെ പുരപ്പുറ സോളാർ വിപണി കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ഈ മാറ്റം വന്നിരിക്കുന്നത്.
കുറഞ്ഞ വൈദ്യുതി ബില്ലാണ് പുരപ്പുറ സോളാറിന്‍റെ ഏറ്റവും വലിയ നേട്ടം. പുരപ്പുറ സോളാർ പാനലുകൾ സ്ഥാപിച്ചുകഴിഞ്ഞാൽ, അവ പകൽ മുഴുവൻ വൈദ്യുതി ഉൽപ്പാദിപ്പിക്കുകയും അതുവഴി ഗ്രിഡ് വൈദ്യുതിയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ഉപഭോക്താക്കളെ സഹായിക്കുകയും ചെയ്യും. സോളാർ സിസ്റ്റങ്ങൾക്ക് സാധാരണയായി 20 വർഷത്തിലധികം ആയുസുള്ളതിനാലും ഇതിന് വലിയ അറ്റകുറ്റപ്പണികൾ ആവശ്യമില്ലാത്തതിനാലും, വൈദ്യുതി ബില്ലിലെ ലാഭം പതിറ്റാണ്ടുകളോളം തുടരും. സിസ്റ്റത്തിന്‍റെ ആയുസിനുള്ളിൽ ലഭിക്കുന്ന ഈ ലാഭം പലപ്പോഴും ഇതിന്‍റെ പ്രാരംഭ ഇൻസ്റ്റലേഷൻ ചെലവിനേക്കാൾ കൂടുതലായിരിക്കും.
വർധിച്ചുവരുന്ന വൈദ്യുതി നിരക്കുകളിൽ നിന്നുള്ള സംരക്ഷണമാണ് മറ്റൊരു പ്രധാന നേട്ടം. ഉയർന്ന ഇന്ധനച്ചെലവ്, അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള ചെലവുകൾ, വർധിച്ചുവരുന്ന ആവശ്യകത എന്നിവ കാരണം വൈദ്യുതി നിരക്ക് കാലക്രമേണ വർധിക്കാൻ സാധ്യതയുണ്ട്. സ്വന്തമായി വൈദ്യുതിയുടെ വലിയൊരു ഭാഗം ഉൽപ്പാദിപ്പിക്കുന്നതിലൂടെ വീടുകൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും ഗ്രിഡിനെ ആശ്രയിക്കുന്നത് കുറക്കാനും ദീർഘകാല ഊർജ ചെലവുകളുടെ കാര്യത്തിൽ കൂടുതൽ വ്യക്തത ഉറപ്പാക്കാനും കഴിയും.
ചെലവിൽ നിന്ന് നിക്ഷേപത്തിലേക്ക്
പുരപ്പുറ സോളാർ എന്നത് പണം ലാഭിക്കാനുള്ള മാർഗം എന്നതിൽ നിന്ന് നിലവിൽ വരുമാനം ഉണ്ടാക്കാനുള്ള മാർഗമായി മാറി കഴിഞ്ഞുവെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. 2025ൽ ഇന്ത്യയിലെ പുതിയ പുരപ്പുറ സോളാർ കണക്ഷനുകൾ 7.1 ഗിഗാവാട്ടിലെത്തി. മുൻവർഷത്തെ 3.2 ഗിഗാവാട്ടിൽ നിന്ന് ഇരട്ടിയിലധികം വർധനവാണിത്. ഇതോടെ മൊത്തം ഇൻസ്റ്റാൾ ചെയ്ത ശേഷി 20 ഗിഗാവാട്ടിന് മുകളിലായി. പി.എം സൂര്യ ഘർ പദ്ധതിയിൽ നാലിൽ മൂന്ന് ഭാഗവും വീടുകളിലെ ഇൻസ്റ്റാളേഷനുകളാണ്.
വാണിജ്യ, വ്യാവസായിക ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഈ സാമ്പത്തിക നേട്ടം കൂടുതൽ ആകർഷകമാണ്. ബിസിനസുകൾക്ക് അവരുടെ നിക്ഷേപം നാലോ അഞ്ചോ വർഷത്തിനുള്ളിൽ തിരിച്ചുപിടിക്കാൻ കഴിയുമെന്നും, അതിനുശേഷം ഏകദേശം രണ്ട് പതിറ്റാണ്ടോളം വളരെ കുറഞ്ഞ ചെലവിൽ സിസ്റ്റം വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത് തുടരുമെന്നാണ് കമ്പനികൾ പറയുന്നത്. ഇതിൽ നിന്നുള്ള വരുമാനം 15% മുതൽ 25% വരെയാകാം. ഇത് സ്ഥിര നിക്ഷേപങ്ങൾ അല്ലെങ്കിൽ വാണിജ്യ വാടക വരുമാനം പോലുള്ള പരമ്പരാഗത നിക്ഷേപ മാർഗങ്ങളേക്കാൾ വളരെ കൂടുതലാണ്.
ദീർഘകാലാടിസ്ഥാനത്തിൽ സമ്പത്ത് സൃഷ്ടിക്കുന്ന ആസ്തി
സർക്കാർ സബ്‌സിഡികളുടെയും മറ്റ് സാമ്പത്തിക സഹായങ്ങളുടെയും പിന്തുണയോടെ ഒരു സോളാർ സിസ്റ്റത്തിന്‍റെ ആയുസിലുടനീളമുള്ള മൊത്തം ലാഭം അതിന്‍റെ ഇൻസ്റ്റാളേഷൻ ചെലവിനേക്കാൾ കൂടുതലായിരിക്കുമെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു . ഊർജക്ഷമതയുള്ളതും പരിസ്ഥിതി സൗഹൃദവുമായ വീടുകളും വാണിജ്യ കെട്ടിടങ്ങളും വാങ്ങാൻ ആളുകൾ കൂടുതലായി താല്പര്യപ്പെടുന്നതിനാൽ സോളാർ ഇൻസ്റ്റാളേഷനുകൾക്ക് വസ്തുവകകളുടെ മൂല്യം വർധിപ്പിക്കാനും കഴിയും.
സാമ്പത്തിക നേട്ടങ്ങൾക്ക് പുറമെ, വൈദ്യുതി ഗ്രിഡിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിലൂടെ ഊർജ സ്വയംപര്യാപ്തത കൈവരിക്കാനും പുരപ്പുറ സോളാർ സഹായിക്കുന്നു. ഇതിന്‍റെ ഉപയോഗം വർധിക്കുന്നതിനനുസരിച്ച് പുരപ്പുറ സോളാറിനെ ഒരു ചെലവായി കണക്കാക്കുന്നതിന് പകരം തുടർച്ചയായ ലാഭം നൽകുന്ന ഒരു ദീർഘകാല നിക്ഷേപമായി ആളുകൾ കാണാൻ തുടങ്ങുമെന്നാണ് വിദഗ്ധർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

