യു.എസ് ഉപരോധം നിലവിൽ വന്നു; റഷ്യൻ എണ്ണ വാങ്ങുന്നത് പൂർണമായും നിർത്തി റിലയൻസ്
text_fieldsമുംബൈ: റഷ്യൻ എണ്ണ വാങ്ങുന്നത് പൂർണമായും അവസാനിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ എണ്ണ കമ്പനിയായ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. ഗുജറാത്തിലെ ജാംനഗറിലുള്ള പ്രത്യേക സാമ്പത്തിക മേഖലയിലെ കമ്പനിയുടെ റിഫൈനറിയാണ് നവംബർ 20 മുതൽ എണ്ണ വാങ്ങുന്നത് പൂർണമായും നിർത്തിയത്. വ്യാഴാഴ്ച വൈകി കമ്പനി ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിക്കുകയായിരുന്നു. റോസ്നെഫ്റ്റ്, ലുകോയിൽ തുടങ്ങിയ റഷ്യൻ കമ്പനികൾക്കെതിരെ യു.എസ് പ്രഖ്യാപിച്ച ഉപരോധം വെള്ളിയാഴ്ച പ്രാബല്യത്തിൽ വരുന്നതിന്റെ മണിക്കൂറുകൾക്ക് മുമ്പാണ് റിലയൻസ് തീരുമാനം.
റോസ്നെഫ്റ്റ്, ലുകോയിൽ കമ്പനികളാണ് റഷ്യൻ എണ്ണയുടെ 70 ശതമാനവും ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്നത്. ദിനംപ്രതി അഞ്ച് ലക്ഷം ബാരൽ എണ്ണ ഇറക്കുമതി ചെയ്യാൻ റോസ്നെഫ്റ്റുമായാണ് റിലയൻസിന് കരാറുണ്ടായിരുന്നത്. ഭൂരിഭാഗം കമ്പനികളും റഷ്യൻ എണ്ണ വാങ്ങുന്നത് അവസാനിപ്പിച്ചതോടെ ഇന്ത്യക്കെതിരെ ചുമത്തിയ 25 ശതമാനം അധിക തീരുവ യു.എസ് പിൻവലിച്ചേക്കുമെന്നാണ് സൂചന. മാത്രമല്ല, മാസങ്ങളായി നീളുന്ന ഇന്ത്യ-യു.എസ് വ്യാപാര ചർച്ച ഉടൻ യാഥാർഥ്യമാകാനും കമ്പനികളുടെ നടപടി സഹായിക്കും.
യൂറോപ്യൻ യൂനിയൻ ഉപരോധം അടുത്ത വർഷം ജനുവരി 21 ന് പ്രാബല്യത്തിൽ വരുന്നതിന്റെ മുന്നോടിയായി റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി പൂർണമായും അവസാനിപ്പിക്കുകയാണെന്ന് റിലയൻസ് അറിയിച്ചു. അതേസമയം, ഉപരോധം പ്രഖ്യാപിക്കുന്നതിന് മുമ്പ് ആവശ്യപ്പെട്ട റഷ്യൻ എണ്ണയുടെ വിതരണം ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. നവംബർ 20ന് ശേഷം എത്തുന്ന റഷ്യൻ എണ്ണ ആഭ്യന്തര വിപണിക്ക് വേണ്ടിയുള്ള റിഫൈനറിയിൽ സംസ്കരിക്കുമെന്നും റിലയൻസ് വ്യക്തമാക്കി.
റഷ്യയുടെ എണ്ണ സംസ്കരിച്ച് യൂറോപ്യൻ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിന് യൂറോപ്യൻ യൂനിയൻ ജൂലായിൽ ഉപരോധം പ്രഖ്യാപിച്ചിരുന്നു. ഈ വർഷം ജൂൺ വരെ 21.66 ദശലക്ഷം ടൺ സംസ്കരിച്ച എണ്ണയാണ് യൂറോപിലേക്ക് റിലയൻസ് കയറ്റുമതി ചെയ്തിരുന്നത്. ഡീസൽ, പെട്രോൾ, ജെറ്റ് എണ്ണ, നാഫ്ത തുടങ്ങിയവയാണ് റിലയൻസിന്റെ ഉത്പന്നങ്ങൾ. യൂറോപിലേക്കാണ് കമ്പനിയുടെ 28 ശതമാനം എണ്ണ ഉത്പന്നങ്ങളും കയറ്റുമതി ചെയ്യുന്നത്.
യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യക്കുമേൽ സമ്മർദം ചെലുത്തുന്നതിന് വേണ്ടിയാണ് റോസ്നെഫ്റ്റിനും ലുകോയിലിനുമെതിരെ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉപരോധം ഏർപ്പെടുത്തിയത്. 2022 ഫെബ്രുവരിയിൽ യുക്രെയ്നെതിരെ യുദ്ധം തുടങ്ങിയ ശേഷം റഷ്യയുടെ എണ്ണ ഏറ്റവും കൂടുതൽ വാങ്ങിയ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. മൊത്തം എണ്ണ ഇറക്കുമതിയുടെ 30-35 ശതമാനം റഷ്യയിൽനിന്നായിരുന്നു. ചൈനയാണ് റഷ്യൻ എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താവ്. റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിലാണ് ഇന്ത്യക്കെതിരെ യു.എസ് 25 ശതമാനം അധിക നികുതി ചുമത്തിയത്. ഈ വർഷം അവസാനത്തോടെ റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ അസംസ്കൃത എണ്ണ ഇറക്കുമതി പൂർണമായും അവസാനിക്കുമെന്ന് വ്യാപാര ചർച്ചകളുടെ പശ്ചാത്തലത്തിൽ ട്രംപ് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

