Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റഷ്യൻ എണ്ണ കുറച്ച് റിലയൻസ്; പകരം വാങ്ങിയത് സൗദിയിൽനിന്ന്

text_fields
bookmark_border
റഷ്യൻ എണ്ണ കുറച്ച് റിലയൻസ്; പകരം വാങ്ങിയത് സൗദിയിൽനിന്ന്
cancel
Listen to this Article

മുംബൈ: യു.എസ് സമ്മർദത്തെ തുടർന്ന് റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നത് ഗണ്യമായി വെട്ടിക്കുറച്ച് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ എണ്ണക്കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസ്. റോസ്നെഫ്റ്റ്, ലുകോയിൽ തുടങ്ങിയ റഷ്യൻ എണ്ണ കമ്പനികൾക്കുമേൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉപരോധം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി. ഈ കമ്പനികളിൽനിന്ന് എണ്ണ ഇറക്കുമതി പൂർണമായും അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് റിലയൻസ്. റഷ്യൻ എണ്ണ വാങ്ങുന്നത് യു.എസിലേക്കും യൂറോപിലേക്കുമുള്ള റിലയൻസിന്റെ കയറ്റുമതിയെ ബാധിക്കുമെന്ന് സൂചനകളു​ണ്ടായിരുന്നു.

ഒക്ടോബറിൽ ദിനംപ്രതി 5,34,000 ബാരൽ എണ്ണയാണ് റിലയൻസ് റഷ്യയിൽനിന്ന് ഇറക്കുമതി ചെയ്തിരുന്നത്. സെപ്റ്റംബറിൽ വാങ്ങിയതിനേക്കാൾ 23 ശതമാനം കുറവാണിത്. മാത്രമല്ല, ഏപ്രിൽ-സെപ്റ്റംബർ കാലയളവിലെ ശരാശരിയെക്കാൾ 23 ശതമാനം താഴെയാണെന്നും നാവിക വ്യാപാരം നിരീക്ഷിക്കുന്ന കെപ്ലർ കമ്പനി പറയുന്നു. റിലയൻസിന്റെ മൊത്തം റഷ്യൻ എണ്ണയുടെ പങ്ക് 56 ശതമാനത്തിൽനിന്ന് 43 ശതമാനത്തിലേക്കും ഇടിഞ്ഞു. ഉപരോധം നിലവിൽ വരുന്ന നവംബർ 21ഓടെ റോസ്നെഫ്റ്റ്, ലുകോയിൽ കമ്പനികളുടെ എണ്ണ വാങ്ങുന്നത് പൂർണമായും അവസാനിപ്പിക്കും.

റഷ്യക്ക് പകരം സൗദി അറേബ്യയിൽനിന്നും ഇറാഖിൽനിന്നുമാണ് റിലയൻസ് കഴിഞ്ഞ മാസം ഏറ്റവും അധികം എണ്ണ ഇറക്കുമതി ചെയ്തത്. സൗദി എണ്ണയുടെ അളവ് 87 ശതമാനവും ഇറാഖ് എണ്ണയുടെ അളവ് 31 ശതമാനവും ഉയർന്നു. സെപ്റ്റംബറിൽ റിലയൻസ് വാങ്ങിയ മൊത്തം എണ്ണയിൽ 26 ശതമാനമായിരുന്നു ഇരുരാജ്യങ്ങളുടെയും പങ്ക്. എന്നാൽ, ഒക്ടോബറിൽ 40 ശതമാനമായി ഉയർന്നു. അതുപോലെ, യു.എസിൽനിന്നുള്ള എണ്ണ ഇറക്കുമതി ഇരട്ടിയാക്കി. അഞ്ച് ശതമാനം ഇറക്കുമതിയിൽനിന്ന് പത്ത് ശതമാനത്തിലേക്കാണ് വർധിച്ചത്.

ആഗസ്റ്റിൽ ട്രംപ് ഇന്ത്യക്കെതിരെ 50 ശതമാനം നികുതി പ്രഖ്യാപിച്ചതോടെയുണ്ടായ വ്യാപാര അനിശ്ചിതാവസ്ഥയും യൂറോപ്യൻ യൂനിയൻ ജൂലായിൽ പ്രഖ്യാപിച്ച ഉപരോധവുമാണ് ഒക്ടോബറിലെ ഇറക്കുമതിയിൽ ഇടിവുണ്ടാകാൻ കാരണമെന്ന് റിലയൻസ് വൃത്തങ്ങൾ അറിയിച്ചു. അതേസമയം, റോസ്നെഫ്റ്റിന് പകുതിയോളം ഓഹരി പങ്കാളിത്തമുള്ള നയാര എനർജി കഴിഞ്ഞ മാസം അധികം റഷ്യൻ എണ്ണയാണ് ഇറക്കുമതി ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - reliance lowering import of russian crude oil
Next Story