ചൈന ടെക്നോളജി നൽകില്ല; ബാറ്ററി സെൽ നിർമാണ പദ്ധതി റിലയൻസ് നിർത്തിവെച്ചു
text_fieldsമുംബൈ: ഇലക്ട്രിക് വാഹനങ്ങളിൽ ഉപയോഗിക്കുന്ന ലിഥിയം അയേൺ ബാറ്ററികളുടെ സെല്ലുകൾ നിർമിക്കാനുള്ള പദ്ധതി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് നിർത്തിവെച്ചു. സാങ്കേതിക വിദ്യ കൈമാറാൻ ചൈന തയാറാകാതിരുന്നതിനെ തുടർന്നാണ് നീക്കം ഉപേക്ഷിച്ചത്. നിലവിൽ റിലയൻസിന് ഏറ്റവും അധികം വരുമാനം ലഭിക്കുന്നത് എണ്ണ സംസ്കരണത്തിലൂടെയാണ്. എങ്കിലും പ്രകൃത സൗഹൃദ ഊർജ മേഖലയിലേക്ക് ചുവടുമാറ്റാൻ 10 ബില്ല്യൻ ഡോളർ പദ്ധതി റിലയൻസ് പ്രഖ്യാപിച്ചിരുന്നു. പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച റിലയൻസ് ഓഹരി വില 1.3 ശതമാനം ഇടിഞ്ഞു. ഈ വർഷം ഏഴ് ശതമാനം നഷ്ടമാണ് റിലയൻസ് ഓഹരി നേരിട്ടത്.
ഈ വർഷം ലിഥിയം അയേൺ ബാറ്ററി സെല്ലുകളുടെ നിർമാണം തുടങ്ങാനായിരുന്നു മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് തീരുമാനിച്ചിരുന്നത്. സെൽ നിർമാണത്തിനുള്ള സാങ്കേതിക വിദ്യയുടെ ലൈസൻസ് ലഭിക്കാൻ ലിഥിയം അയേൺ ഫോസ്ഫേറ്റ് വിതരണക്കാരായ ചൈനീസ് കമ്പനി ഷിയാമെൻ ഹിഥിയം എനർജി സ്റ്റോറേജ് ടെക്നോളജി കോർപറേഷനുമായി റിലയൻസ് ചർച്ച നടത്തുകയും ചെയ്തു. എന്നാൽ, സാങ്കേതിക വിദ്യകൾ വിദേശ കമ്പനികളുമായി പങ്കുവെക്കുന്നതിന് ചൈനീസ് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഷിയാമെൻ കമ്പനി പദ്ധതിയിൽനിന്ന് പിന്മാറുകയായിരുന്നു. പദ്ധതിക്ക് തിരിച്ചടി നേരിട്ടതോടെ നിലവിലുള്ള ബാറ്ററി എനർജി സ്റ്റോറേജ് സംവിധാനങ്ങളിൽ (ബി.ഇ.എസ്.എസ്) കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ റിലയൻസ് നിർബന്ധിതരാക്കിയിരിക്കുകയാണ്.
ആഗോള രാഷ്ട്രീയ അനിശ്ചിതാവസ്ഥയുടെ പശ്ചാത്തലത്തിൽ പ്രകൃതി സൗഹൃദ ഊർജ സാങ്കേതിക വിദ്യകൾ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് ചൈന. ഇതിന്റെ ഭാഗമായി വിദേശ രാജ്യങ്ങളുമായുള്ള ചൈനീസ് കമ്പനികളുടെ സഹകരണ കരാറുകൾ സർക്കാർ നിരീക്ഷിക്കുന്നുണ്ട്. ഇതോടെ ലിഥിയം അയേൺ ബാറ്ററി അടക്കമുള്ളവ ആഭ്യന്തരമായി വികസിപ്പിക്കാനുള്ള വിദേശ രാജ്യങ്ങളുടെ ശ്രമം പ്രതിസന്ധിയിലാവുകയായിരുന്നു. 2070 ഓടെ കാർബൺ പുറന്തള്ളൽ പൂർണമായും ഒഴിവാക്കുന്ന രാജ്യമെന്ന് സ്വപ്നം യാഥാർഥ്യമാക്കാൻ ചൈനയുമായി വ്യാപാര ബന്ധം ശക്തമാക്കാതെ ഇന്ത്യക്ക് കഴിയില്ലെന്നാണ് സൂചന.
അതേസമയം, ലിഥിയം അയേൺ ബാറ്ററി സെൽ നിർമാണ പദ്ധതിയിൽ മാറ്റമില്ലെന്ന് റിലയൻസ് വക്താവ് അറിയിച്ചു. കമ്പനിയുടെ എനർജി സ്റ്റോറേജ് പദ്ധതിയിൽ ഉൾപ്പെട്ടതാണ് ബാറ്ററി സെൽ നിർമാണവും ബി.ഇ.എസ്.എസും. ഈ പദ്ധതി യാഥാർഥ്യമാക്കാനുള്ള ശ്രമം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും വക്താവ് പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ വ്യവസായി പോലും പ്രകൃതി സൗഹൃദ ഊർജ മേഖലയിലെ നിക്ഷേപ പദ്ധതിക്ക് വെല്ലുവിളി നേരിടുന്നുവെന്നാണ് ചൈനയുടെ നീക്കം നൽകുന്ന സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

