Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്; റിപ്പോ 5.25 ശതമാനത്തിൽ തുടരും, ജി.ഡി.പി വളർച്ചാ അനുമാനം കുറച്ചു

text_fields
bookmark_border
rbi governor sanjay malhotra
cancel

മുംബൈ: ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും പശ്ചിമേഷ്യയിലെ സംഘർഷവും തുടരുന്നതിനിടെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) റിപ്പോ നിരക്ക് 5.25 ശതമാനത്തിൽ നിലനിർത്തി. ഗവർണർ സഞ്ജയ് മൽഹോത്രയുടെ അധ്യക്ഷതയിൽ ചേർന്ന പണനയ സമിതി യോഗമാണ് നിരക്ക് മാറ്റമില്ലാതെ തുടരാൻ തീരുമാനിച്ചത്. പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യം കണക്കിലെടുത്ത് നിഷ്പക്ഷ നയ നിലപാട് തുടരാനും തീരുമാനിച്ചു.

ഇറാൻ സംഘർഷത്തെ തുടർന്നുള്ള അസംസ്കൃത എണ്ണവില വർധന, രൂപയുടെ മൂല്യത്തകർച്ച, മൺസൂൺ -എൽനിനോ പ്രതിസന്ധി എന്നിവ പണപ്പെരുപ്പ സാധ്യത കൂട്ടുന്നതായി റിസർവ് ബാങ്ക് വിലയിരുത്തി. കൂടാതെ ഏപ്രിലിൽ കേന്ദ്ര ​ബാങ്കിന്റെ മുൻ നയ അവലോകനത്തിനുശേഷം ആഗോള ഭൗമരാഷ്ട്രീയ സ്ഥിതി കൂടുതൽ വെല്ലുവിളികൾ നിറഞ്ഞതായി. നിലവിലെ സാഹചര്യത്തിൽ പലിശനിരക്കിൽ മാറ്റം വരുത്തുന്നതിനേക്കാൾ ജാഗ്രതാപരമായ സമീപനമാണ് ഉചിതമെന്ന് ഗവർണർ സഞ്ജയ് മൽഹോത്ര വ്യക്തമാക്കി. കൂടാതെ ആഗോള സാഹചര്യങ്ങളിൽ കൂടുതൽ വ്യക്തതയുണ്ടാകുന്നതുവരെ കാത്തിരുന്ന് വിലയിരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ ജി.ഡി.പി വളർച്ച അനുമാനത്തിലും റിസർവ് ബാങ്ക് മാറ്റം വരുത്തി. 2026-27 സാമ്പത്തിക വർഷ​ത്തെ ജി.ഡി.പി വളർച്ചാ അനുമാനം 6.6 ശതമാനമായി കുറച്ചു. കൂടാതെ പണപ്പെരുപ്പ അനുമാനം 5.1 ശതമാനമായും ആർ.ബി.ഐ ഉയർത്തി.

പശ്ചിമേഷ്യയിലെ സംഘർഷം മൂലമുണ്ടായ അനിശ്ചിതത്വമായിരുന്നു ആർ‌.ബി.‌ഐ ഗവർണറുടെ പ്രസ്താവനയിലെ പ്രധാന വിഷയം. വ്യാപാര മാർഗങ്ങൾ, വിതരണ ശൃംഖലകൾ, ഊർജ്ജ വിപണികൾ എന്നിവയിലെ തടസ്സങ്ങൾ കാരണം ആഗോള സമ്പദ്‌വ്യവസ്ഥയിൽ അനിശ്ചിതത്വം നേരിടുന്നു. ഊർജ്ജ വിലയിലെ കുത്തനെയുള്ള വർധനവും വിതരണ ശൃംഖലയിലെ തടസ്സങ്ങളും ലോകമെമ്പാടുമുള്ള സാമ്പത്തിക പ്രവർത്തനങ്ങളെ ബാധിച്ചു തുടങ്ങി. സംഘർഷം എത്രകാലം തുടരുമെന്നും ആഗോള വ്യാപാര, ഊർജ്ജ വിപണികളിൽ അതിന്റെ ആഘാതം എത്രത്തോളം ഗുരുതരമാകുമെന്നും ഇപ്പോഴും വ്യക്തമല്ലാത്തതിനാൽ അനിശ്ചിതത്വം തുടരുമെന്നും ആർ.ബി.ഐ മുന്നറിയിപ്പ് നൽകി.

ആഗോള സംഭവവികാസങ്ങൾക്ക് പുറമെ ആഭ്യന്തര അപകടസാധ്യതകളും ആർ‌.ബി.‌ഐ നിരീക്ഷിച്ചു. മൺസൂൺ പ്രവചനവും എൽ നിനോ സാധ്യതയിലും കേന്ദ്ര ബാങ്ക് ആശങ്ക അറിയിച്ചു. ദുർബലമായ മൺസൂൺ കാർഷിക ഉൽപാദനത്തെയും ഭക്ഷ്യവസ്തുക്കളുടെ വിലയെയും ബാധിച്ചേക്കാം ഇത് കൂടുതൽ പണപ്പെരുപ്പ സമ്മർദ്ദങ്ങൾക്ക് കാരണമാകുമെന്നും റിസർവ് ബാങ്ക് അറിയിച്ചു. റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുന്നതിനാൽ ഭവനവായ്പ ഉൾപ്പെടെയുള്ള ഫ്ലോട്ടിങ് പലിശ നിരക്കിലുള്ള വായ്പകളുടെ നിരക്കിൽ ഉടൻ മാറ്റമുണ്ടാകില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - RBI keeps repo rate steady at 5.25 percent reduces GDP growth projection for FY27
Next Story