10, 20 രൂപയുടെ പ്ലാസ്റ്റിക് നോട്ടുകൾക്ക് അനുമതി; പേപ്പർ നോട്ടുകൾ പിൻവലിക്കുമോ?
text_fieldsന്യൂഡൽഹി: രാജ്യത്ത് ആദ്യമായി പോളിമർ അഥവാ ‘പ്ലാസ്റ്റിക്’ കറൻസി നോട്ടുകൾ പുറത്തിറക്കുന്നതിനുള്ള നടപടികൾക്ക് കേന്ദ്രസർക്കാർ അനുമതി നൽകി. 10, 20 രൂപയുടെ 100 കോടി വീതം പ്ലാസ്റ്റിക് നോട്ടുകളാണ് പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കുന്നത്.
പരീക്ഷണം വിജയകരമായാൽ ഈ വിഭാഗങ്ങളിൽ സ്ഥിരമായി പ്ലാസ്റ്റിക് നോട്ടുകൾ ഉപയോഗിക്കും. രാജ്യസഭയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സെൻട്രൽ ബോർഡിന്റെ ശിപാർശയുടെ അടിസ്ഥാനത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സമർപ്പിച്ച നിർദേശം കേന്ദ്രസർക്കാർ അംഗീകരിക്കുകയായിരുന്നു. പൊതുവായി ‘പ്ലാസ്റ്റിക് നോട്ട്’ എന്ന് വിളിക്കുന്ന പോളിമർ നോട്ട് പ്രത്യേക പോളിമർ ഫിലിം ഉപയോഗിച്ച് നിർമിക്കുന്നതാണ്.
സാധാരണ പ്ലാസ്റ്റിക് ഷീറ്റ് പോലെ തോന്നുമെങ്കിലും കറൻസിക്കായി ഉപയോഗിക്കുന്ന പോളിമർ ഫിലിമിൽ പ്രത്യേക സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടുത്താൻ കഴിയും. പ്ലാസ്റ്റിക് നോട്ടുകൾ പുറത്തിറക്കിയാലും നിലവിലുള്ള പേപ്പർ നോട്ടുകളും പ്രചാരത്തിലുണ്ടാകും. ആസ്ട്രേലിയ, കാനഡ, യു.കെ തുടങ്ങിയ രാജ്യങ്ങളിൽ പോളിമർ നോട്ടുകൾ ഉപയോഗത്തിലുണ്ട്.
എന്താണ് പ്ലാസ്റ്റിക് നോട്ട്?
പ്രത്യേക പ്ലാസ്റ്റിക് പോളിമർ ഷീറ്റുകളാണ് ഈ നോട്ടുകളുടെ നിർമാണത്തിനായി ഉപയോഗിക്കുന്നത്. കൂടുതൽ കാലം ഈടുനിൽക്കുമെന്നതാണ് ഇതിന്‍റെ നേട്ടം. കൂടാതെ വേഗത്തിൽ കീറില്ല, നനയില്ല, മുഷിഞ്ഞ് പോകില്ല എന്നതും ഇവയുടെ പ്രത്യേകതയാണ്. 1988ൽ ആസ്ട്രേലിയയാണ് ആദ്യമായി പോളിമർ നോട്ടുകൾ ഉപയോഗിക്കുന്നത്.
നിലവിൽ കാനഡ, ബ്രിട്ടൻ, ന്യൂസിലൻഡ്, സിംഗപ്പൂർ, മലേഷ്യ, വിയറ്റ്നാം ഉൾപ്പെടെ അറുപതോളം രാജ്യങ്ങളിൽ പ്ലാസ്റ്റിക് നോട്ട് ഉപയോഗിക്കുന്നുണ്ട്. നിലവിലെ ഇന്ത്യൻ കറന്‍സിക്കായി ഉപയോഗിക്കുന്നത് കോട്ടൺ പേപ്പറാണ്. അവ പരമാവധി രണ്ട് വർഷം വരെ മാത്രമെ ഈടുനില്‍ക്കുകയുള്ളൂ. മധ്യപ്രദേശിലെയും മൈസൂരുവിലെയും മില്ലുകളിൽ നിന്നാണ് ഇതിനായുള്ള പേപ്പറുകൾ സംഭരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

