മേയ് 15ന് മുമ്പ് പെട്രോൾ ഡീസൽ വില വർധിപ്പിക്കാൻ സാധ്യത; ഗാർഹിക എൽ.പി.ജി വിലയും കൂട്ടും
text_fieldsന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ നീക്കവുമായി പൊതുമേഖലാ എണ്ണക്കമ്പനികൾ. മേയ് 15ന് മുമ്പ് വർധിപ്പിച്ചേക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പെട്രോൾ, ഡീസൽ വില ലിറ്ററിന് ഏകദേശം നാലുമുതൽ അഞ്ചുരൂപ വരെയാണ് കൂട്ടുക. ഗാർഹിക എൽ.പി.ജി സിലിണ്ടറുകളുടെ വിലയിൽ 40 മുതൽ 50 രൂപ വരെയും വർധിപ്പിച്ചേക്കാം.
വാണിജ്യ സിലിണ്ടറിന്റെ വില മേയ് ഒന്നിന് ഒറ്റയടിക്ക് 933 രൂപ കൂട്ടിയിരുന്നു. ഇതോടെ ഒരു സിലിണ്ടറിന്റെ വില 3000 രൂപ കടന്നു. ഹോട്ടൽ, റസ്റ്ററന്റ് മേഖലയെ വില വർധന കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിയിട്ടിരുന്നു. ക്ഷാമവും ഈ മേഖലക്ക് ഇരുട്ടടിയായിരുന്നു.
ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില ഉയരുന്ന സാഹചര്യത്തിൽ എണ്ണക്കമ്പനികൾ പ്രതിമാസം ഏകദേശം 30,000 കോടി രൂപയുടെ സാമ്പത്തിക നഷ്ടം നേരിടുന്നതിനാലാണ് വില വർധിപ്പിക്കാനുള്ള നീക്കമെന്ന് അധികൃതർ അറിയിച്ചു. ഇന്ധനവില വർധിപ്പിക്കാതെ മുന്നോട്ടുപോകാൻ കഴിയില്ലെന്ന് എണ്ണക്കമ്പനികൾ അറിയിച്ചതായാണ് വിവരം.
പശ്ചിമേഷ്യൻ യുദ്ധം തുടരുന്നതിനിടെ ക്രൂഡ് ഓയിൽ വില ബാരലിന് 70 ഡോളറിൽ നിന്ന് 126 ഡോളറായി ഉയർന്നിരുന്നു. വിതരണ തടസ്സങ്ങൾ, ഷിപ്പിങ് അപകടസാധ്യതകൾ, പശ്ചിമേഷ്യയിലെ അസ്ഥിരത തുടങ്ങിയ ആശങ്കകൾക്കിടയിലാണ് ആഗോള ക്രൂഡ് ഓയിൽ വില ബാരലിന് 126 ഡോളറായി ഉയർന്നത്. ലോകത്തിലെ എണ്ണ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹുർമുസ് കടലിടുക്ക് അടച്ചിട്ടിരിക്കുന്നതാണ് ആഗോള ഊർജ്ജ പ്രതിസന്ധിക്ക് കാരണം.
ആഭ്യന്തര എൽ.പി.ജി ഉൽപാദനം പ്രതിദിനം 36,000 ടണ്ണിൽ നിന്ന് 54,000 ടണ്ണായി വർധിപ്പിച്ചിരുന്നു. വിലക്കയറ്റത്തിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി പെട്രോളിനും ഡീസലിനും എക്സൈസ് തീരുവ കുറച്ചതായും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില വർധിപ്പിക്കുന്നതോടെ ചരക്കുനീക്കത്തിനെ അടക്കം പ്രതികൂലമായി ബാധിക്കും. അവശ്യ സാധനങ്ങളുടെ വിലയിൽ വൻ വർധനവ് നേരിടും. കൂടാതെ പെട്രോൾ -ഡീസൽ വാഹനങ്ങൾ ഉപയോഗിക്കുന്ന സാധാരണക്കാരെ കൂടുതൽ പ്രതിസന്ധിയിലാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

