ടെക്കികൾക്ക് കഷ്ടകാലം; ഒരു ലക്ഷത്തിലേറെ പേരെ കൂട്ടമായി പിരിച്ചുവിട്ടു
text_fieldsന്യൂയോർക്ക്: ലോകത്തെ ടെക്കികൾ ഏറ്റവും പ്രതിസന്ധി നേരിട്ട കാലമാണിത്. സാങ്കേതിക രംഗത്തെ കമ്പനികൾ ചെലവ് ഗണ്യമായി വെട്ടിക്കുറച്ചതോടെ ആയിരക്കണക്കിന് ജീവനക്കാർക്കാണ് ജോലി നഷ്ടപ്പെട്ടത്. ഈ വർഷം പൂർത്തിയാകാൻ ഇനിയും രണ്ട് മാസങ്ങൾ അവശേഷിക്കെ 112,732 ഐ.ടി പ്രൊഫഷനലുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടെന്നാണ് കണക്ക്. 218 ഓളം കമ്പനികളുടെ ഡാറ്റ പരിശോധിച്ച് ഗവേഷണ സ്ഥാപനമായ ലെഓഫ്സ്.എഫ് വൈ ഐയാണ് കണക്കുകൾ പുറത്തുവിട്ടത്.
എ.ഐ സാങ്കേതിക വിദ്യ നടപ്പാക്കുന്നതിനാലും ആഗോള വ്യാപാര അനിശ്ചിതാവസ്ഥയും കാരണമാണ് ജീവനക്കാരുടെ എണ്ണം കുറക്കുന്നതെന്നാണ് ഭൂരിഭാഗം കമ്പനികളും പറയുന്നത്. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മിക്ക രാജ്യങ്ങളുടെയും ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് കനത്ത നികുതി പ്രഖ്യാപിച്ചതോടെയാണ് വ്യാപാര അനിശ്ചിതാവസ്ഥ രൂക്ഷമായത്.
ആമസോൺ, ഇൻറൽ, ടി.സി.എസ് തുടങ്ങിയ ടെക് ഭീമന്മാരാണ് വിവിധ രാജ്യങ്ങളിലെ ഐ.ടി സർവിസ്, കൺസൾട്ടിങ്, നിർമാണ മേഖലകളിൽനിന്ന് ഏറ്റവും കൂടുതൽ പേരെ പിരിച്ചുവിട്ടത്.
ക്ലൗഡ്, ഓപറേഷൻസ്, എച്ച്.ആർ എന്നിവയുൾപ്പെടെയുള്ള ബിസിനസ് യൂനിറ്റുകളിലായി ആമസോൺ 14,000 ജീവനക്കാരെ ഒഴിവാക്കി. അതായത്, കോർപറേറ്റ് ജീവനക്കാരുടെ എണ്ണം നാല് ശതമാനത്തോളം വെട്ടിക്കുറച്ചു.
മൊത്തം 30,000 പേരെ വരെ പിരിച്ചുവിടാനുള്ള കമ്പനിയുടെ പദ്ധതി ചരിത്രത്തിലെ ഏറ്റവും കടുത്ത തീരുമാനമാണെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. കോവിഡ് മഹാമാരിക്ക് ശേഷം അഞ്ച് വർഷത്തോളം വൻ നിയമനം നടത്തിയതിന് പിന്നാലെയാണ് കൂട്ടപ്പിരിച്ചുവിടൽ.
ഇന്റൽ ആഗോളതലത്തിൽ 24,000 ജീവനക്കാരെ ഒഴിവാക്കാനാണ് തീരുമാനിച്ചത്. മൊത്തം ജീവനക്കാരുടെ എണ്ണത്തിൽ 22 ശതമാനം വരുമിത്. ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി കമ്പനിയായ ടി.സി.എസ് സെപ്റ്റംബർ പാദത്തിൽ 19,755 ജീവനക്കാരെ പറഞ്ഞുവിട്ടുവെന്നാണ് കണക്ക്. ഇന്ത്യ-യു.എസ് വ്യാപാര ബന്ധം താറുമാറായതോടെയാണ് ടി.സി.എസ് ചെലവ് കുറക്കാൻ തീരുമാനിച്ചത്.
പേഴ്സണൽ കമ്പ്യൂട്ടറുകളുടെ ഡിമാൻഡ് കുറയുകയും എൻവിഡിയയോടും എ.എം.ഡിയോടും ശക്തമായ മത്സരം നേരിടുകയും ചെയ്യുന്നതിനിടെയാണ് ഇന്റൽ ജീവനക്കാരുടെ എണ്ണം കുറക്കുന്നത്.
ഇന്റലിന്റെ യു.എസ്, ജർമനി, കോസ്റ്ററിക്ക, പോളണ്ട് തുടങ്ങി വിപണികളിലെ പ്രവർത്തനങ്ങളെ നീക്കം മോശമായി ബാധിക്കുമെന്നാണ് സൂചന. യു.എസിൽ മാത്രം 5000 പേരെ ഇന്റൽ പിരിച്ചുവിട്ടെന്നാണ് ഔദ്യോഗിക വിവരം.
ഉപഭോക്താക്കളുടെ ഡിമാൻഡ് പരിഗണിച്ച് എ.ഐ രംഗത്തെ വൈദഗ്ധ്യം കുറഞ്ഞ ആയിരക്കണക്കിന് ജീവനക്കാരുടെ എണ്ണം കുറക്കുമെന്ന് കൺസൾട്ടിങ്, ഐ.ടി സേവന സ്ഥാപനമായ ആക്‌സഞ്ചർ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ 7.91 ലക്ഷത്തിൽനിന്ന് 7.79 ലക്ഷമായി ജീവനക്കാരുടെ എണ്ണം കുറഞ്ഞു.
മൈക്രോസോഫ്റ്റ് ഇതിനകം 4000 ജീവനക്കാരെ ഒഴിവാക്കി. ഇതിൽ ഭൂരിഭാഗവും സോഫ്റ്റ്വെയർ എൻജിനിയർമാരാണ്. വിവിധ വിഭാഗങ്ങളിലായി 6000 ജീവനക്കാരെകൂടി പറഞ്ഞുവിടാനുള്ള പദ്ധതിയിലാണ് കമ്പനി. രണ്ട് വർഷം മുമ്പ് 10,000 ജീവനക്കാരെ മൈക്രോസോഫ്റ്റ് പുറത്താക്കിയിരുന്നു.
48,000 പേരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ച യുനൈറ്റഡ് പാർസൽ സർവീസാണ് ഈ വർഷം ടെക്കികളെ ഏറ്റവും ഞെട്ടിപ്പിച്ചത്. ആയിരക്കണക്കിന് ഡെലിവറി ഡ്രൈവർമാർ ഉൾപ്പെടെ ഏകദേശം 34,000 പേർക്ക് തൊഴിൽ നഷ്ടപ്പെടും. ട്രംപ് താരിഫുകളും ഓഹരി വിലയിലെ ഇടിവും കാരണം യു.എസിലുടനീളമുള്ള 93 കേന്ദ്രങ്ങൾ കമ്പനി അടച്ചുപൂട്ടിയിരുന്നു. ഇനി 14,000 മാനേജ്‌മെന്റ് തസ്തികകൾ കൂടി വെട്ടിക്കുറക്കാനാണ് പദ്ധതി. ആമസോൺ ഡെലിവറികൾ കുറഞ്ഞതിനെ തുടർന്നാണ് പിരിച്ചുവിടലുകൾ. 2026 മധ്യത്തോടെ യു.പി.എസുമായുള്ള ബിസിനസ് പകുതിയായി കുറക്കാനാണ് ആമസോൺ നീക്കം.
ഇലക്ട്രിക് വാഹനങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച യു.എസിലെ മുൻനിര വാഹന നിർമാതാക്കളായ ഫോർഡ് മോട്ടോർസും ജീവനക്കാരെ കുറക്കുകയാണ്. തീരുമാനം നടപ്പാക്കിയാൽ 13,000 ത്തോളം പേർക്കാണ് ഫോർഡിൽനിന്ന് പിരിഞ്ഞുപോകേണ്ടി വരിക.
ഇതിനെല്ലാം പുറമെ, സിസ്കോയും ഗൂഗിളും മെറ്റയും ഒറാക്കിളും പിഡബ്ല്യുസിയും പാരമൗണ്ടും നൂറുകണക്കിന് ജീവനക്കാരെ ഉടൻ പിരിച്ചുവിടാനുള്ള നീക്കത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

