മസ്കിന്റെ കമ്പനിയെ മറികടന്നു; ഇനി ലോകത്തെ ഏറ്റവും വലിയ സ്റ്റാർട്ട്അപ്
text_fieldsന്യൂയോർക്ക്: ലോകത്തെ ഏറ്റവും വലിയ സ്റ്റാർട്ട്അപ് ഏതാണെന്ന ചോദ്യത്തിന് പുതിയ ഉത്തരമായി. ശതകോടീശ്വരനായ ഇലോൺ മസ്കിന്റെ ബഹിരാകാശ പേടക നിർമാണ കമ്പനിയായ സ്പേസ് എക്സ് ആയിരുന്നു നേരത്തെ ഏറ്റവും വലിയ സ്റ്റാർട്ട്അപ്.
എന്നാൽ, 500 ബില്ല്യൻ ഡോളർ അതായത് 44.33 ലക്ഷം കോടി രൂപയുടെ മൂല്യത്തോടെ ചാറ്റ്ജിപിടി ഉടമയായ സാം ആൾട്ട്മാന്റെ ഓപൺ എ.ഐ ആ സ്ഥാനം പിടിച്ചെടുത്തു. സ്പേസ്എക്സിന്റെ 400 ബില്ല്യൻ ഡോളർ മൂല്യമാണ് എ.ഐ സാങ്കേതിവിദ്യ രംഗത്തെ മുൻനിര സ്റ്റാർട്ട്അപ്പായ ഓപൺ എ.ഐ മറികടന്നത്.
ഉയർന്ന വിലയ്ക്ക് ജീവനക്കാർ 6.6 ബില്ല്യൻ ഡോളറിന്റെ (58,522 കോടി രൂപ) ഓഹരികൾ വിറ്റതോടെയാണ് കമ്പനിയുടെ മൂല്യം കുതിച്ചുയർന്നത്. നിലവിലെയും മുൻ ജീവനക്കാരും വിറ്റ ഓഹരികൾ ത്രൈവ് കാപിറ്റൽ, സോഫ്റ്റ് ബാങ്ക് ഗ്രൂപ്പ് കോർപറേഷൻ, ഡ്രാഗനീർ ഇൻവെസ്റ്റ്മെന്റ് ഗ്രൂപ്പ്, അബുദാബിയിലെ എം.ജി.എക്സ്, ടി. റോവ് പ്രൈസ് തുടങ്ങിയ നിക്ഷേപക കമ്പനികളാണ് സ്വന്തമാക്കിയത്. ഈ വർഷം ആദ്യം സോഫ്റ്റ് ബാങ്കിന്റെ നേതൃത്വത്തിൽ നടന്ന ഓഹരി ഇടപാടുകളോടെ 300 ബില്ല്യൻ ഡോളറായിരുന്ന മൂല്യം കുത്തനെ ഉയരുകയായിരുന്നു. ബ്ലൂംബർഗാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. എന്നാൽ, റിപ്പോർട്ടിനോട് പ്രതികരിക്കാൻ ഓപൺ എ.ഐയും നിക്ഷേപക കമ്പനികളും തയാറായില്ല.
2015ൽ ഇലോൺ മസ്കും സാം ആൾട്ട്മാനും ചേർന്ന് സ്ഥാപിച്ച കമ്പനിയാണ് ഓപൺ എ.ഐ. ലാഭേച്ഛയില്ലാത്ത സ്ഥാപനമായി തുടങ്ങിയ കമ്പനി സാങ്കേതിക രംഗത്തെ അതികായനായ മൈക്രോസോഫ്റ്റുമായി ചേർന്ന് പുതിയ പദ്ധതികൾ തുടങ്ങിയിരുന്നു. അഭിപ്രായ ഭിന്നതയെ തുടർന്ന് ആൾട്ട്മാനുമായി തെറ്റിപ്പിരിഞ്ഞ മസ്ക്, മൈക്രോസോഫ്റ്റിൽനിന്ന് കോടികൾ സ്വന്തമാക്കിയ ഓപൺ എ.ഐ സ്ഥാപക ഉദ്ദേശം ഉപേക്ഷിച്ചെന്നാണ് ആരോപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

