ഒമാനിലെ ഏറ്റവും വിശ്വസ്ത ബ്രാൻഡ്: ലുലു എക്സ്ചേഞ്ചിന് പുരസ്കാരം
text_fields‘മോസ്റ്റ് ട്രസ്റ്റഡ് ബ്രാൻഡ്’ അവാർഡ് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ്
ബിൻ മുഹമ്മദ് അൽ യൂസഫിൽനിന്ന് ലുലു എക്സ്ചേഞ്ച് ഒമാൻ ജനറൽ മാനേജർ ലതീഷ് വിചിത്രൻ, ലുലു എക്സ്ചേഞ്ച് ഒമാൻ ഡെപ്യൂട്ടി ജനറൽ മാനേജർ ബിജു നായർ, ഒമാനൈസേഷൻ ആൻഡ്
ഗവൺമെന്റ് റിലേഷൻസ് മേധാവി മുഹമ്മദ് അൽ കിയുമി എന്നിവർ ഏറ്റുവാങ്ങുന്നു
മസ്കത്ത്: ഒമാനിലെ ഏറ്റവും വിശ്വസ്ത ബ്രാൻഡിനുള്ള പുരസ്കാരം സ്വന്തമാക്കി രാജ്യത്തെ മുൻനിര പണിമിടപാട് സ്ഥാപനമായ ലുലു എക്സ്ചേഞ്ച്. മണി എക്സ്ചേഞ്ച് വിഭാഗത്തിലാണ് ‘മോസ്റ്റ് ട്രസ്റ്റഡ് ബ്രാൻഡ്’ അവാർഡ് ലഭിച്ചത്. സുൽത്താനേറ്റിലെ മുൻനിര പബ്ലിഷിങ് ഹൗസുകളിലൊന്നായ അപെക്സ് മീഡിയയാണ് (മസ്കത്ത് ഡെയ്ലി) അവാർഡ് ഏർപ്പെടുത്തിയത്. പൊതുജനങ്ങളിൽനിന്ന് പരമാവധി വോട്ട് നേടുന്ന ബ്രാൻഡുകൾക്കാണ് ‘ഒമാന്റെ ഏറ്റവും വിശ്വസ്ത ബ്രാൻഡ്’ പുരസ്കാരം നൽകുന്നത്. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് ബിൻ മുഹമ്മദ് അൽ യൂസഫിൽനിന്ന് ലുലു എക്സ്ചേഞ്ച് ഒമാൻ ജനറൽ മാനേജർ ലതീഷ് വിചിത്രൻ, ലുലു എക്സ്ചേഞ്ച് ഒമാൻ ഡെപ്യൂട്ടി ജനറൽ മാനേജർ ബിജു നായർ, ഒമാനൈസേഷൻ ആൻഡ് ഗവൺമെന്റ് റിലേഷൻസ് മേധാവി മുഹമ്മദ് അൽ കിയുമി എന്നിവർ അവാർഡ് ഏറ്റുവാങ്ങി.
ഉപഭോക്തൃ സംതൃപ്തിക്ക് മുൻഗണന നൽകുന്ന ഒരു സേവന ദാതാവ് എന്ന നിലയിൽ ലുലു എക്സ്ചേഞ്ചിന്റെ വർധിച്ചുവരുന്ന ഉപഭോക്തൃ താൽപര്യമാണ് ഈ പുരസ്കാരം കാണിക്കുന്നതെന്ന് മാനേജ്മെന്റ് ഭാരവാഹികൾ പറഞ്ഞു. ഒമാനിലെ ജനങ്ങൾ ലുലു എക്സ്ചേഞ്ചിൽ അർപ്പിക്കുന്ന ആഴത്തിലുള്ള വിശ്വാസമാണ് ഈ അവാർഡ്. അവരുടെ മികച്ച പിന്തുണയും വോട്ടുകളും ലുലു എക്സ്ചേഞ്ചിനെ മണി എക്സ്ചേഞ്ച് വിഭാഗത്തിൽ ഒമാന്റെ ഏറ്റവും വിശ്വസനീയമായ ബ്രാൻഡായി അംഗീകരിക്കുന്നതിലേക്ക് നയിച്ചുവെന്നും ഭാരവാഹികൾ പറഞ്ഞു.
ലുലു എക്സ്ചേഞ്ചിൽ വിശ്വാസം അർപ്പിച്ചതിനു ഞങ്ങളുടെ ഉപഭോക്താക്കളോട് ആത്മാർഥമായ നന്ദി അറിയിക്കുകയാണെന്ന് ലുലു എക്സ്ചേഞ്ച് ഒമാൻ ഡയറക്ടർ ഷെയ്ഖ് മുഹമ്മദ് ഹമദ് അലി അൽ ഗസാലി പറഞ്ഞു. സേവനങ്ങൾ നൽകുന്നതിൽ കമ്പനിയുടെ അചഞ്ചലമായ പ്രതിബദ്ധത തെളിയിക്കുന്നതാണ് പുരസ്കാരം. ഇനിയും കൂടുതൽ മികച്ച നിലയിൽ സേവനങ്ങളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
അർഹമായ അംഗീകാരം നേടിയതിന് മുഴുവൻ ജീവനക്കാരെയും ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് എം.ഡി. അദീബ് അഹമ്മദ് അഭിനന്ദിച്ചു. ഏറ്റവും വിശ്വസനീയമായ ബ്രാൻഡായി അംഗീകരിക്കപ്പെട്ടതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഞങ്ങളുടെ ബ്രാഞ്ചുകളിലൂടെയും ഡിജിറ്റൽ സൊല്യൂഷനുകളിലൂടെയും ഒമാനിലെ ജനങ്ങൾക്ക് മികച്ച സേവനങ്ങൾ നൽകാൻ ലുലു എക്സ്ചേഞ്ച് പ്രതിജ്ഞാബദ്ധമാണ്. ഈ അംഗീകാരം ഉപഭോക്താക്കളെ മികച്ച രീതിയിൽ സേവിക്കുന്നതിനായി ആധുനിക സൗകര്യങ്ങൾ വിപുലീകരിക്കാനും സ്വീകരിക്കാനും ഞങ്ങളെ പ്രചോദിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ നേട്ടത്തിന് അർഹമാക്കിയ ഒമാനിലെ ജനങ്ങളുടെ അചഞ്ചലമായ പിന്തുണക്ക് നന്ദി പറയുകയാണെന്ന് ലുലു എക്സ്ചേഞ്ച് ഒമാൻ ജനറൽ മാനേജർ ലതീഷ് വിചിത്രൻ പറഞ്ഞു. ഉപഭോക്താക്കൾക്ക് മികച്ച സേവനങ്ങളുമായി കമ്പനി മുൻപന്തിയിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ക്രോസ്-ബോർഡർ പേമെന്റ് സൊല്യൂഷനുകൾ, കറൻസി എക്സ്ചേഞ്ച് സേവനങ്ങൾ, മൂല്യവർധിത സേവനങ്ങൾ എന്നിവയാണ് ലുലു എക്സ്ചേഞ്ച് നൽകുന്നത്. കമ്പനിയുടെ വൈവിധ്യമാർന്ന സേവനങ്ങൾ അതിന്റെ വിവിധങ്ങളായ ശാഖകളിലും ഡിജിറ്റൽ പേമെന്റ് ആപ്പായ ലുലു മണിയിലൂടെയും ലഭ്യമാണ്. 2011ൽ പ്രവർത്തനമാരംഭിച്ച ലുലു എക്സ്ചേഞ്ച് ഒമാനിലെ ഏറ്റവും മികച്ച സാമ്പത്തിക സേവന ദാതാക്കളിൽ ഒന്നാണ്. അബൂദാബി ആസ്ഥാനമായുള്ള ആഗോള സാമ്പത്തിക സേവന കൂട്ടായ്മയായ ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സിന്റെ ഭാഗമാണ് കമ്പനി. ലുലു എക്സ്ചേഞ്ച് ഒമാനിന് ആഗോള പേമെന്റ് നെറ്റുവർക്കുകളുമായും പങ്കാളിത്തമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

