സ്കൂട്ടർ വാങ്ങാൻ ആളില്ല; സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി ഒലയുടെ പുതിയ ഉത്പന്നം
text_fieldsമുംബൈ: ഇലക്ട്രിക് വാഹന വിൽപനയിൽ കനത്ത ഇടിവ് നേരിട്ടതോടെ മാറ്റങ്ങൾക്ക് ഒരുങ്ങി ഒല ഇലക്ട്രിക്. ദീപാവലിയോട് അനുബന്ധിച്ച് ഇരുചക്ര വാഹനമല്ലാത്ത പുതിയ ഉത്പന്നം പുറത്തിറക്കാനാണ് പദ്ധതി. ഒക്ടോബർ 17ന് ഉത്പന്നത്തിന്റെ പ്രഖ്യാപനം നടത്തുമെന്നാണ് കമ്പനി സ്ഥിരീകരിച്ചത്. ഒലയുടെ പുതിയ ഉത്പന്നത്തെ കുറിച്ചുള്ള ടീസർ സമൂഹ മാധ്യമങ്ങളിൽ വൻ ചർച്ചയായി. എനർജി സ്റ്റോറേജ് ബിസിനസാണ് ഒല തുടങ്ങാൻ പോകുന്നതെന്നാണ് പലരും അഭിപ്രായപ്പെട്ടത്.
ഒല ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഭവീശ് അഗർവാളാണ് പുതിയ ഉത്പന്നത്തെ കുറിച്ചുള്ള സൂചന ‘എക്സ്’ൽ പങ്കുവെച്ചത്. എക്കാലത്തും ഉപയോഗമുള്ളതാണ് വൈദ്യുതി. എന്നാൽ, വ്യക്തികൾക്ക് എവിടേക്കും കൊണ്ടുപോകാൻ കഴിയുന്ന പുതിയ സാങ്കേതിക വിദ്യയായി വൈദ്യുതി മാറിയെന്നായിരുന്നു അഗർവാളിന്റെ പരാമർശം.
ഇലക്ട്രിക് സ്കൂട്ടർ വിൽപന കുത്തനെ ഇടിഞ്ഞ ഘട്ടത്തിലാണ് പുതിയ ഉത്പന്നവുമായി ഒല രംഗത്തെത്തുന്നത്. സെപ്റ്റംബറിലെ ഇരുചക്ര വാഹന വിൽപന കണക്ക് പ്രകാരം ഒല ഇലക്ട്രിക് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. വിപണി പങ്കാളിത്തം 13 ശതമാനമായി കുറഞ്ഞു. ബജാജ്, ടി.വി.എസ്, ഏഥർ, ഹീറോ തുടങ്ങിയ കമ്പനികൾക്ക് പിന്നിലാണ് ഒല. വിൽപനാനന്തര സേവനവുമായി ബന്ധപ്പെട്ട് ഉയർന്ന വ്യാപക പരാതികളാണ് ഒലയുടെ സ്കൂട്ടറുകളിൽ ഉപഭോക്താക്കളുടെ പ്രതീക്ഷ നഷ്ടപ്പെടുത്തിയത്. ഓഹരി വിപണിയിലും ഒല ഇലക്ട്രിക്കിന് കനത്ത തിരിച്ചടി നേരിട്ടിരുന്നു.
അതേസമയം, ഊർജ സംഭരണ മേഖലയിലാണ് നിക്ഷേപിക്കുന്നതെങ്കിൽ വൻ അവസരമാണ് ഒലയെ കാത്തിരിക്കുന്നതെന്ന് വ്യവസായ മേഖലയിലെ പ്രമുഖർ അഭിപ്രായപ്പെട്ടു. 2030 ഓടെ രാജ്യത്തെ ഊർജ സംഭരണ വിപണി 30 ബില്ല്യൻ ഡോളർ അതായത് 2.63 ലക്ഷം കോടി കടക്കുമെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

