ഇലക്ട്രിക് സ്കൂട്ടറുകൾ പെരുവഴിയിൽ; ഓഹരി വിപണിയിൽ കൂപ്പുകുത്തി ഒല
text_fieldsമുംബൈ: ഓഹരി വിപണിയിൽ കൂപ്പുകുത്തി രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക് സ്കൂട്ടർ കമ്പനിയായ ഒല ഇലക്ട്രിക്. സ്ഥാപകനും പ്രമോട്ടറുമായ ഭവീഷ് അഗർവാൾ തുടർച്ചയായി ഓഹരി വിൽപന നടത്തിയതാണ് കമ്പനിക്ക് തിരിച്ചടിയായത്. ഒന്നിന് 31.9 രൂപ എന്ന വിലയ്ക്ക് 9.6 കോടി ഓഹരികളാണ് ഭവീഷ് വിറ്റത്. ഓഹരി വിൽപനയിലൂടെ ബുധനാഴ്ച 142.3 കോടി രൂപയും വ്യാഴാഴ്ച 91.87 കോടി രൂപയും അദ്ദേഹം കീശയിലാക്കി. സെപ്റ്റംബർ വരെയുള്ള കണക്ക് പ്രകാരം ഒല ഇലക്ട്രിക്കിൽ ഭവീഷിന് 36.78 ശതമാനം ഓഹരിയുണ്ടായിരുന്നു.
260 കോടി രൂപയുടെ വായ്പ തിരിച്ചടക്കാനാണ് ഓഹരി വിൽപന നടത്തിയതെന്ന് നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ചിനെ ഭവീഷ് അറിയിച്ചു. ബാങ്കിൽ പണയം വെച്ച ഒല ഇലക്ട്രിക്കിന്റെ ഓഹരികൾ പൂർണമായും തിരിച്ചെടുക്കുകയെന്ന തീരുമാനത്തിന്റെ ഭാഗമായാണ് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി. പ്രമോട്ടറുടെ വിൽപനയെ തുടർന്ന് തുടർച്ചയായ മൂന്ന് ദിവസം ഓഹരി വില കുത്തനെ ഇടിഞ്ഞു. 31.26 രൂപയിലേക്ക് ഇടിഞ്ഞ ഓഹരി വില വെള്ളിയാഴ്ച ശക്തമായ തിരിച്ചുവരവ് നടത്തിയെങ്കിലും ജാഗ്രത പാലിക്കണമെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.
കഴിഞ്ഞ വർഷം ഓഹരി വിപണിയിൽ വ്യാപാരം തുടങ്ങിയ ശേഷം നിക്ഷേപകർക്ക് വൻ നഷ്ടം നൽകിയ കമ്പനിയാണ് ഒല. 76 രൂപക്കാണ് പ്രഥമ ഓഹരി വിൽപനയിൽ (ഐ.പി.ഒ) ഒല ഇലക്ട്രിക്കിനെ നിക്ഷേപകർ സ്വന്തമാക്കിയത്. പിന്നീട് 157 രൂപയിലേക്ക് ഓഹരി വില കുതിച്ചുകയറിയെങ്കിലും കമ്പനിയുടെ വിൽപനാനന്തര സേവനം മോശമായത് കനത്ത തിരിച്ചടിയാവുകയായിരുന്നു. തുടർന്ന് ഏറ്റവും കൂടുതൽ ഇലക്ട്രിക് സ്കൂട്ടർ വിൽക്കുന്ന കമ്പനിയിൽനിന്ന് ഒല ഇലക്ട്രിക് നവംബറോടെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്നതാണ് പിന്നീട് കണ്ടത്.
സ്കൂട്ടർ വിപണിയിലെ പരമ്പരാഗത കമ്പനിയായ ഹീറോ മോട്ടോർ കോർപറേഷന്റെ വിഡ ഒന്നാം സ്ഥാനത്തെത്തി. ഒപ്പം, ടി.വി.എസ് മോട്ടോറും ഏഥർ എനർജിയും ബജാജ് ഓട്ടോയും മത്സരം ശക്തമാക്കിയതോടെ ഒല ഇലക്ട്രിക് പെരുവഴിയിലായി. ഇലക്ട്രിക് സ്കൂട്ടറുകളുടെ ഗുണമേന്മയും സേവനവും മോശമാണെന്ന അഭിപ്രായം വ്യാപകമായതോടെ നിക്ഷേപകരും കമ്പനിയെ കൈവെടിഞ്ഞു. ഓഹരി വിലയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ 79 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.
ഈ വർഷം സെപ്റ്റംബർ പാദത്തിൽ 418 കോടി രൂപയുടെ സാമ്പത്തിക നഷ്ടമാണ് കമ്പനിക്കുണ്ടായത്. വരുമാനം 43 ശതമാനം കുറഞ്ഞ് 690 കോടിയിലെത്തി. അപൂർവ ധാതുക്കളുടെ കയറ്റുമതി ചൈന നിയന്ത്രിച്ചതിന് പിന്നാലെ ഒല ഭാരത് സെൽ എന്ന പേരിൽ സ്വന്തം ബാറ്ററി പാക്ക് പുറത്തിറക്കിയിരുന്നു. ഇതാദ്യമായാണ് ഒരു കമ്പനി ആഭ്യന്തരമായി വികസിപ്പിച്ച സെല്ലുകളും ബാറ്ററിയും ഘടിപ്പിച്ച ഇലക്ട്രിക് സ്കൂട്ടറുകൾ വിൽക്കുന്നത്. മാത്രമല്ല, വീടുകൾക്ക് വേണ്ടി ബാറ്ററി എനർജി സ്റ്റോറേജ് സംവിധാനവും ഒല പുറത്തിറക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

