എഥനോൾ ചേർത്ത് വിറ്റിട്ടും എണ്ണക്കമ്പനികളുടെ കൊള്ളയടി
text_fieldsകൊച്ചി: കുറക്കാവുന്ന സാഹചര്യമുണ്ടായിട്ടും ഇന്ധനവില നൂറിലേക്കുയർത്തി ഉപഭോക്താക്കളെ കൊള്ളയടിക്കാൻ എണ്ണക്കമ്പനികളുടെ നീക്കം. ഇതിനെതിരെ പെട്രോൾ പമ്പുടമകൾതന്നെ രംഗത്തെത്തി. പത്ത് ശതമാനം എഥനോൾ ചേർത്ത പെട്രോൾ വിൽപന തുടങ്ങിയിട്ടും നൂറ്ശതമാനം പെട്രോൾ എന്ന നിലയിലാണ് വില ഉയർത്തുന്നത്. പ്രകൃതി സൗഹൃദ ബയോ ഇന്ധനം എന്ന കാഴ്ചപ്പാടോടെയാണ് ഫെബ്രുവരി നാല് മുതൽ സംസ്ഥാനത്ത് പത്ത് ശതമാനം എഥനോൾ ചേർത്ത് പെട്രോൾ വിൽപന തുടങ്ങിയത്.
മറ്റ് സംസ്ഥാനങ്ങളിൽ ഇത് നേരത്തേ നിലവിൽവന്നു. വാഹനങ്ങളിൽ ഇന്ധന ടാങ്കുകളിൽ പല കാരണങ്ങളാൽ കാണപ്പെടുന്ന ജലാംശം എഥനോളുമായി കലരുന്നത് പെട്രോളിെൻറ ഗുണനിലവാരത്തെ ബാധിക്കും. വാഹനങ്ങളുടെ എൻജിൻ തകരാറിന് വരെ ഇത് കാരണമാകുന്നതിനാൽ പലയിടങ്ങളിലും ഉപഭോക്താക്കളും പമ്പുടകളും തമ്മിൽ ഇതേചൊല്ലി തർക്കമുണ്ട്. ദിവസവും പലതവണ പരിശോധിച്ച് പെട്രോളിൽ ജലാംശമില്ലെന്ന് ഉറപ്പാക്കാനാണ് പമ്പുകൾക്ക് എണ്ണക്കമ്പനികളുടെ നിർദേശം. ഇത് പലപ്പോഴും പ്രായോഗികമല്ല.
പത്ത് ശതമാനം എഥനോൾ ചേർത്ത പെട്രോൾ ലിറ്ററിന് ഏഴ് രൂപ വരെ കുറച്ചുനൽകാനാകുമെന്നാണ് പമ്പുടമകൾ പറയുന്നത്. 2017 ജൂണിൽ നിലവിൽവന്ന കമീഷനാണ് പമ്പുടമകൾക്ക് ഇപ്പോഴും നൽകുന്നത്. പെട്രോൾ ലിറ്ററിന് 3.20 രൂപയും ഡീസലിന് 2.20 രൂപയും. ഉപഭോക്താക്കളിൽനിന്ന് വൻ തുക ഈടാക്കുന്ന എണ്ണക്കമ്പനികൾ തങ്ങൾക്ക് പ്രവർത്തനച്ചെലവിന് ആനുപാതികമായി കമീഷൻ വർധിപ്പിച്ച് നൽകുന്നില്ലെന്നും പമ്പുടമകൾ പരാതിപ്പെടുന്നു. ലിറ്ററിന് 29.78 രൂപ മാത്രം അടിസ്ഥാന വിലയുള്ള പെട്രോളാണ് 32.98 രൂപ എക്സൈസ് നികുതിയും സംസ്ഥാന വിൽപന നികുതിയായ 18.94 രൂപയും വ്യാപാരി കമീഷനും സെസ്സുമെല്ലാം ചേർത്ത് ഇത്രയും ഉയർന്ന വിലയ്ക്ക് ഉപഭോക്താക്കൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നത്. 30.95 രൂപയാണ് ഡീസലിെൻറ അടിസ്ഥാനവില.
പെട്രോൾ 90നരികെ
കൊച്ചി: മൂന്നാം ദിവസവും ഇന്ധനവില വർധിച്ചതോടെ പെട്രോളിന് 90 രൂപക്കടുത്തായി. ചില ജില്ലകളിൽ ഗ്രാമീണ മേഖലകളിൽ 90ലെത്തി. വ്യാഴാഴ്ച പെട്രോളിന് 25ഉം ഡീസലിന് 31ഉം പൈസയാണ് കൂടിയത്. തിരുവനന്തപുരം 89.73, 83.91, കൊച്ചി 87.79, 82.05, കോഴിക്കോട് 88.16, 82.44 എന്നിങ്ങനെയാണ് യഥാക്രമം വ്യാഴാഴ്ച പെട്രോൾ, ഡീസൽ വില. എട്ട് ദിവസത്തിനിടെ മാത്രം അഞ്ച് തവണയായി പെട്രോളിന് 1.10 രൂപയും ഡീസലിന് 1.49 രൂപയുമാണ് വർധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

