യു.പി.ഐയിലെ ‘പുൾ പേയ്മെന്റ്സ്’ സേവനം തുടരും; വായ്പ തിരിച്ചടവ് മുടങ്ങില്ല
text_fieldsമുംബൈ: യു.പി.ഐ ഉപഭോക്താക്കളുടെ ഇഷ്ടപ്പെട്ട സേവനമായ പുൾ പെയ്മെന്റ് ഇനിയും ഉപയോഗിക്കാം. കാരണം സേവനം പൂർണമായും നിർത്തലാക്കാനുള്ള സമയപരിധി നാഷനൽ പെയ്മെന്റ് കോർപറേഷൻ (എൻ.പി.സി.ഐ) നീട്ടും. ഉപഭോക്താക്കൾക്ക് പരസ്പരം പണം ആവശ്യപ്പെടാനും അയച്ചുനൽകാനും പിൻവലിക്കാനും യു.പി.ഐ ആപ്പുകളിലുള്ള സൗകര്യമാണ് പുൾ പെയ്മെന്റ്.
യു.പി.ഐ പെയ്മെന്റ് സംവിധാനത്തിൽ മാത്രമാണ് ഈ സൗകര്യം ലഭ്യമായിരുന്നത്. എന്നാൽ, സുഹൃത്തുക്കളാണെന്ന വ്യാജേന പലരും ഉപഭോക്താക്കളിൽനിന്ന് പണം ആവശ്യപ്പെടാനും പിൻവലിക്കാനും തുടങ്ങിയ ശേഷമാണ് പുൾ പെയ്മെന്റ് സൗകര്യം നിർത്തലാക്കാൻ എൻ.പി.സി.ഐ ആലോചിച്ചത്.
പ്രതിമാസ വരിസഖ്യ നൽകൽ, വൈദ്യുതി ബിൽ അടക്കൽ, അംഗത്വം പുതുക്കൽ, ഒട്ടോമാറ്റിക് വായ്പ തിരിച്ചടവ്, ഇ.എം.ഐ എന്നിവയെല്ലാം പുൾ പെയ്മെന്റിൽ ഉൾപ്പെടുന്നതാണ്. സേവനം അവസാനിപ്പിക്കുന്നതോടെ പുൾ പെയ്മെന്റിനെ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന പ്രതിമാസ ഇ.എം.ഐ അടവിനെ ബാധിക്കുമെന്നാണ് സൂചന. സേവനം നിർത്തുമ്പോൾ വായ്പ തിരിച്ചടവിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതായി പെയ്മെന്റ് സ്റ്റാർട്ട്അപ് സ്ഥാപകൻ പറഞ്ഞു.
ഒക്ടോബർ 31നകം വ്യക്തികൾ തമ്മിൽ ഇടപാട് നടത്താനുള്ള പുൾ പെയ്മെന്റ് സൗകര്യം നിർത്തലാക്കുമെന്നാണ് എൻ.പി.സി.ഐ നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, വ്യവസായ മേഖലയിലെ പ്രതിനിധികൾ എൻ.പി.സി.ഐ നേതൃത്വവുമായി ചർച്ച നടത്തിയതിന് ശേഷം സമയപരിധി നീട്ടുകയായിരുന്നു.
ഭൂരിഭാഗം വൻകിട യു.പി.ഐ പെയ്മെന്റ് കമ്പനികളും ഈ സേവനം അവസാനിപ്പിച്ചിട്ടുണ്ടെങ്കിലും ചെറുകിട ബ്രാൻഡുകളും കച്ചവടക്കാരും ഉപയോഗിക്കുന്നത് തുടരുകയാണ്. ഇവർ ക്യൂആർ കോഡ് പെയ്മെന്റ് സൗകര്യത്തിലേക്ക് മാറിയെന്ന് ഉറപ്പാക്കാൻ വ്യവസായ മേഖല കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചില രഹസ്യ വൃത്തങ്ങൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

