ഇന്ത്യയുടെ ആദ്യ എ.ഐ ഐ.പി.ഒ വിപണിയിൽ; ടി.സി.എസ് അടക്കം ഐ.ടി ഭീമന്മാർക്ക് വെല്ലുവിളി
text_fieldsമുംബൈ: ആർട്ടിഫിഷ്യൽ ഇന്ററലിജൻസ് (എ.ഐ) കമ്പനിയുടെ ഇന്ത്യയിലെ ആദ്യത്തെ പ്രഥമ ഓഹരി വിൽപനക്ക് (ഐ.പി.ഒ) തുടക്കം. ഫ്രാക്റ്റൽ അനലിറ്റിക്സിന്റെ ഐ.പി.ഒയാണ് ഓഹരി വിപണിയിലെത്തിയത്. പരമ്പരാഗത ഐ.ടി സോഫ്റ്റ്വെയർ കമ്പനികളിൽനിന്ന് മാറി നിക്ഷേപകർക്ക് എ.ഐ കമ്പനിയുടെ ഓഹരികൾ സ്വന്തമാക്കാനുള്ള അവസരമാണിത്. 2834 കോടി രൂപയാണ് ഐ.പി.ഒയിലൂടെ ഫ്രാക്റ്റൽ അനലിറ്റിക്സ് സമാഹരിക്കുക. 900 രൂപക്കാണ് ഐ.പി.ഒയിൽ ഓഹരികൾ വിൽക്കുന്നത്. ഫെബ്രുവരി ഒമ്പതിന് തുടങ്ങിയ ഐ.പി.ഒ 11ന് അവസാനിക്കും.
രാജ്യത്തെ ഐ.ടി മേഖല എ.ഐ സാങ്കേതികവിദ്യയിൽനിന്ന് വെല്ലുവിളി നേരിടുന്ന ഘട്ടത്തിലാണ് ഫ്രാക്റ്റൽ അനലിറ്റിക്സ് ഐ.പി.ഒ എത്തുന്നത്. കഴിഞ്ഞ നിരവധി ദിവസങ്ങളിലായി ടി.സി.എസ്, ഇൻഫോസിസ്, വിപ്രോ തുടങ്ങിയ വൻകിട ഐ.ടി സേവന കമ്പനികളുടെ ഓഹരികൾ കുത്തനെ ഇടിഞ്ഞിരുന്നു.ഇന്ത്യയുടെ ഐ.ടി വിജയത്തിന് പതിറ്റാണ്ടുകളോളം അടിത്തറ പാകിയ തൊഴിൽ-അധിഷ്ടിത ഔട്ട്‌സോഴ്‌സിങ് മോഡലിന് യു.എസിലെ എ.ഐ സ്റ്റാർട്ട്അപ് ആന്ത്രോപിക് പുറത്തിറക്കിയ പുതിയ ടൂളുകൾ വെല്ലുവിളി ഉയർത്തുമെന്ന ആശങ്കയുടെ പശ്ചാത്തലത്തിലാണ് കൂട്ടവിൽപന. ആന്ത്രോപിക്കിന്റെ ക്ലോഡ് എ.ഐ ഏജന്റിനായി ‘കോവർക്ക്’ പ്ലഗിനുകൾ പുറത്തിറക്കിയതിനെ തുടർന്നാണ് ഐ.ടി ഓഹരികളിൽ വിൽപന ആരംഭിച്ചത്. കഴിഞ്ഞ അഞ്ച് വ്യാപാര ദിവസത്തിനിടെ കൂട്ടവിൽപനയിൽ 2.5 ലക്ഷം കോടി രൂപയാണ് ഐ.ടി ഓഹരികളിൽനിന്ന് നഷ്ടമായത്. കോവിഡ് കാലത്തിന് ശേഷം ആദ്യമായാണ് നിഫ്റ്റി ഐ.ടി സൂചിക ഇത്രയും രൂക്ഷമായ വിൽപന സമ്മർദം നേരിടുന്നത്.
പരമ്പരാഗത ഐ.ടി ഔട്ട്‌സോഴ്‌സിങ് മോഡലിന്റെ ഭാവിയെ കുറിച്ചുള്ള നിക്ഷേപകരുടെ ആശങ്കയാണ് കൂട്ടവിൽപനക്ക് കാരണമെന്ന് ബൊനാൻസയിലെ റിസർച്ച് അനലിസ്റ്റ് അഭിനവ് തിവാരി പറഞ്ഞു. ആന്ത്രോപിക്കിന്റെ പുതിയ എ.ഐ ടൂളുകൾ വന്നതോടെ തൊഴിൽ-അധിഷ്ടിത ഡാറ്റ അനാലിസിസ്, കോഡിങ് എന്നിവയുടെ കാലം അവസാനിക്കുകയാണെന്ന ആശങ്ക ശക്തമാകുകയാണുണ്ടായത്. അതേസമയം, ഐ.ടി ഓഹരികളിലെ വിൽപന സമ്മർദം താൽകാലികം മാത്രമാണെന്നും എ.ഐ സാങ്കേതിക വിദ്യയുടെ വളർച്ച എല്ലാ ഐ.ടി കമ്പനികളെയും ഒരുപോലെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നിരവധി ജീവനക്കാരെ ആശ്രയിക്കുന്ന പരമ്പരാഗത ഐ.ടി കമ്പനികളിൽനിന്ന് വ്യത്യസ്തമായി, എ.ഐയിലും അനലിറ്റിക്സ് സൊല്യൂഷനുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനിയാണ് ഫ്രാക്റ്റൽ എന്റർപ്രൈസസെന്നും അഭിനവ് തിവാരി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

