വൈറലായി ‘നതിങ്’ സി.ഇ.ഒയുടെ ഓട്ടോറിക്ഷ യാത്ര; ആദ്യ സ്റ്റോർ ബംഗളൂരുവിൽ
text_fieldsബംഗളൂരു: സ്മാർട്ട്‌ഫോൺ ബ്രാൻഡായ നതിങ് ഇന്ത്യയിലെ ആദ്യത്തെ ഫ്ലാഗ്ഷിപ് സ്റ്റോർ ഔദ്യോഗികമായി തുറന്നു. ബംഗളൂരുവിലാണ് സ്റ്റോർ തുറന്നത്. ബ്രാൻഡഡ് ഓട്ടോറിക്ഷയിൽ സി.ഇ.ഒ കാൾ പെയ് ഉദ്ഘാടനത്തിന് വരുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ‘നതിങ്’ എന്ന ബ്രാൻഡ് പേരുകൾ പതിച്ച വെള്ള ഓട്ടോറിക്ഷയിലായിരുന്നു കാൾ പെയിയുടെ വരവ്. സ്റ്റോറിന് പുറത്ത് തടിച്ചുകൂടിയ ആരാധകർ ആർപ്പുവിളികളോടെയാണ് അദ്ദേഹത്തെ സ്വീകരിച്ചത്.
ആവേശം അവിടെ അവസാനിച്ചില്ല. സ്റ്റോറിലെ ആദ്യ ഉപഭോക്താവിന് പേയ് നേരിട്ട് ബിൽ അടിച്ചുനൽകുകയും ചെയ്തതോടെ ആവേശം വാനോളം ഉയർന്നു. നൂറുകണക്കിന് ആളുകളാണ് സ്റ്റോർ ഔദ്യോഗികമായി തുറക്കുന്നതിന് മുമ്പുതന്നെ ക്യൂവിൽ കാത്തുനിന്നത്. സ്വീകരണത്തിനും സ്റ്റോറിന് പുറത്തുള്ള വീഡിയോകളും നിമിഷങ്ങളും പങ്കുവെച്ചതിനും അദ്ദേഹം ബംഗളൂരു നിവാസികൾക്ക് നന്ദി പറഞ്ഞു. ‘നതിങ്’ സ്മാർട്ട് ഫോൺ ഉപയോക്താക്കളിൽ പലരും ഇന്ത്യയിലാണ്. അവരിൽ ഭൂരിഭാഗവും ബംഗളൂരുവിലാണ്. ഇവിടെ ശക്തമായ ഒരു ടെക് സമൂഹവുമുണ്ട്. അതുകൊണ്ട് സ്വാഭാവികമായാണ് ഇവിടെ തുടങ്ങാൻ തോന്നിയതെന്ന് പെയ് പറഞ്ഞു.
മണിക്കൂറുകൾക്കകം ആയിരക്കണക്കി ആളുകൾ കണ്ട വിഡിയോക്ക് രസകരമായ നിരവധി പ്രതികരണങ്ങളും ലഭിച്ചു. നിരവധി വർഷങ്ങളായി നതിങ് ഫോണുകൾക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നെന്നും ആവേശഭരിതരായ ജനക്കൂട്ടത്തിനും തിരക്കിനും ഇടയിൽ ബ്രാൻഡിന്റെ ഇന്ത്യയിലെ ആദ്യ സ്റ്റോർ ഒടുവിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നാണ് ഒരു സന്ദർശകൻ പ്രതികരിച്ചത്. ഉദ്ഘാടനവും പേയിയുടെ വരവും കാണാൻ 2,000ത്തിലധികം ആളുകൾ കാത്തിരുന്നതായി മറ്റൊരു ഉപയോക്താവ് അവകാശപ്പെട്ടു. ലോകത്ത് സമാനതകളില്ലാത്ത ടെക് കമ്മ്യൂണിറ്റിയാണ് ബംഗളൂരുവിന്റെതെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

