സ്മാർട്ട്ഫോണോ ഇന്റര്‍നെറ്റ് കണക്ഷനോ ഇല്ലാതെ യു.പി.ഐ വഴി പണം അയക്കാം; അറിയാം ഇക്കാര്യങ്ങൾ
text_fieldsഇന്റര്‍നെറ്റ് കണക്ഷനോ സ്മാര്‍ട്ട്ഫോണോ ഇല്ലാതെ യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യു.പി.ഐ) വഴി പണമിടപാടുകൾ നടത്താം. രാജ്യത്തെ ആയിരക്കണക്കിന് ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കളെ ഡിജിറ്റല്‍ പേയ്മെന്റുമായി ബന്ധിപ്പിക്കുന്നതിനാണ് ‘UPI123Pay’ എന്ന പുതിയ രീതി ആർ.ബി.ഐ അവതരിപ്പിച്ചിട്ടുള്ളത്.
ഇന്ത്യയില്‍ 40 കോടിയിലധികം ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കള്‍ ഉണ്ടെന്നാണ് കണക്ക്. ഈ സാഹചര്യത്തിലാണ് ഇവർക്കുകൂടി ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിൽ ഡിജിറ്റല്‍ പേയ്മെന്റ് രീതി ആർ.ബി.ഐ അവതരിപ്പിച്ചത്. ഫീച്ചര്‍ ഫോണുകളും സ്മാര്‍ട്ട്ഫോണുകളും ഉള്ളവര്‍ക്ക് ഇപ്പോള്‍ ഡിജിറ്റലായി പുതിയ സൗകര്യം ഉപയോഗിച്ച് ഇടപാടുകള്‍ നടത്താവുന്നതാണ്.
കോളിംങ്, സെലക്ടിംങ്, പേയ്‌മെന്റ് എന്നീ മൂന്ന് ഘട്ടങ്ങളാണ് UPI123Pay യു.പി.ഐയില്‍ ഉള്ളത്. പണമയയ്ക്കുന്നതിന് മുമ്പ് ഉപയോക്താവ് ബാങ്ക് അക്കൗണ്ട് ഫീച്ചര്‍ ഫോണുമായി ബന്ധിപ്പിക്കണം. കൂടാതെ, ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഒരു യു.പി.ഐ പിന്‍ സജ്ജീകരിക്കുകയും വേണം.
യു.പി.ഐ പിന്‍ നല്‍കിയാല്‍ ഇടപാടുകള്‍ നടത്താന്‍ ഉപയോക്താവിന് തങ്ങളുടെ ഫീച്ചര്‍ ഫോണ്‍ ഉപയോഗിക്കാവുന്നതാണ്. ഇതിനായി ആദ്യം ഇന്റര്‍ ആക്റ്റീവ് വോയ്സ് റെസ്പോണ്‍സ് നമ്പര്‍ ഡയല്‍ ചെയ്യുക. മണി ട്രാൻസ്ഫർ, എല്‍പിജി ഗ്യാസ് റീഫില്‍, ഫാസ്ടാഗ് റീലോഡ്, മൊബൈല്‍ റീചാര്‍ജ്, ബാലന്‍സ് ചെക്ക് മുതലായവ ഓപ്ഷനുകളിൽ നിന്ന് ആവശ്യമുള്ള സേവനം തിരഞ്ഞെടുക്കുക.
പണം അയക്കുന്നതിനായി, ഫീച്ചര്‍ ഫോണ്‍ ഉപയോക്താവ് ആദ്യം സ്വീകര്‍ത്താവിന്റെ ഫോണ്‍ നമ്പര്‍ തിരഞ്ഞെടുക്കുകയും തുടര്‍ന്ന് ആവശ്യമുള്ള തുക നല്‍കുകയും വേണം, തുടര്‍ന്ന് യു.പി.ഐ പിന്‍ നല്‍കണം. ഒരാള്‍ക്ക് പണം നല്‍കുന്നതിന് മിസ്ഡ് കോള്‍ പേയ്മെന്റ് രീതിയോ ആപ്പ് അടിസ്ഥാനമാക്കിയുള്ള പേയ്മെന്റ് രീതിയോ ഉപയോഗിക്കാവുന്നതാണ്.
ഫീച്ചര്‍ ഫോൺ ഉപയോക്താക്കള്‍ക്ക് മര്‍ച്ചന്റ് ഔട്ട്ലെറ്റിലെ നമ്പറിലേയ്ക്ക് മിസ്ഡ് കോള്‍ ചെയ്തും യു.പി.ഐ ഇടപാടുകൾ നടത്താം. ഇന്റര്‍നെറ്റ് ഉപയോഗിക്കാതെ യു.പി.ഐ ഇടപാട് നടത്തുന്നതിന് നിങ്ങളുടെ ഫീച്ചര്‍ ഫോണില്‍ നിന്ന് ഒരു പ്രത്യേക നമ്പറിലേക്ക് കോള്‍ ചെയ്യുകയും യു.പി.ഐ ഓണ്‍ബോര്‍ഡിംഗ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും വേണം.
ഇന്ത്യയിലെ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം കൂടുതല്‍ പേരിലേയ്ക്ക് എത്തിക്കുക, ഇടപാടുകൾ കൂടുതൽ സുഗമമാക്കുക എന്നതാണ് UPI123Pay ആരംഭിച്ചതിന് പിന്നിലെ ലക്ഷ്യം. ‘ഉപഭോക്താക്കള്‍ക്കിടയിൽ യു.പി.ഐ ഇടപാടുകള്‍ കൂടുതൽ ലളിതമാക്കുന്നതിനും, ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റിൽ റീട്ടെയില്‍ ഉപഭോക്താക്കളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും സേവന ദാതാക്കളുടെ ശേഷി വര്‍ധിപ്പിക്കുന്നതിനുമാണ് ഫീച്ചർ ഫോണുകളിൽ ലഭ്യമാകുന്ന തരത്തിൽ യു.പി.ഐ സേവനങ്ങൾ ആരംഭിക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതെന്ന് ആർ.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറയുന്നു.