വരുന്നത് ഏറ്റവും വലിയ സ്വകാര്യവത്കരണം; 2.5 ലക്ഷം കോടിയുടെ ആസ്തി വിൽക്കാൻ ഒരുങ്ങി റെയിൽവേ
text_fieldsന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യവത്കരണ പദ്ധതിക്ക് ഒരുങ്ങി റെയിൽവേ. അഞ്ച് വർഷത്തിനകം 2.5 ലക്ഷം കോടി രൂപയുടെ ആസ്തി വിൽക്കാനാണ് പദ്ധതി. നാഷനൽ മോണിറ്റൈസേഷൻ പൈപ്ലൈൻ (എൻ.എം.പി 2.0) പദ്ധതിയുടെ രണ്ടാം ഘട്ടമായാണ് സ്വകാര്യവത്കരണം. സ്റ്റേഷനുകൾ, ട്രെയിനുകൾ, ചരക്ക് ഗതാഗത സംവിധാനം തുടങ്ങിയ റെയിൽവേയുടെ ആസ്തികളിൽ പൊതു-സ്വകാര്യ പങ്കാളിത്ത മാതൃക നടപ്പാക്കിയാണ് (പി.പി.പി) ഈ ലക്ഷ്യം കൈവരിക്കുകയെന്ന് മന്ത്രാലയം വക്താവ് പറഞ്ഞു.
സ്വകാര്യവത്കരണത്തിലൂടെ അഞ്ച് വർഷത്തിനകം 1.7 ലക്ഷം കോടി രൂപ സമാഹരിക്കാനാണ് റെയിൽവേക്ക് നേരത്തെ കേന്ദ്ര സർക്കാർ നിർദേശം നൽകിയിരുന്നത്. എന്നാൽ, ഈ ലക്ഷ്യം 2.5 ലക്ഷം കോടി രൂപയായി ഉയർത്തുകയായിരുന്നു. അതായത് സ്വകാര്യവത്കരണ ലക്ഷ്യത്തിൽ 50 ശതമാനത്തിന്റെ വർധനവാണുണ്ടായത്.
സ്വകാര്യ കമ്പനികളുടെ സഹകരണത്തോടെ വികസിപ്പിക്കുന്ന റെയിൽവേയുടെ ആസ്തികളിൽനിന്ന് വരുമാനം പങ്കുവെക്കാനാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്. ചരക്ക് ഗതാഗതത്തിനുള്ള റെയിൽവേയുടെ ഗതി ശക്തി കാർഗോ ടെർമിനലുകൾ സ്വകാര്യവത്കരിച്ച് കൂടുതൽ ട്രെയിനുകൾ ഓടിക്കും. ആന്ധ്ര പ്രദേശിലെ വിജയവാഡ പോലെ മറ്റു സ്റ്റേഷനുകളും പി.പി.പി മാതൃകയിൽ വാണിജ്യ തലത്തിൽ വികസിപ്പിക്കുന്നതോടെ വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നഗരഹൃദയങ്ങളിലുള്ള റെയിൽവേയുടെ വിലയേറിയ ഭൂമിയിൽ സ്വകാര്യ പങ്കാളിത്തത്തോടെ വാണിജ്യ, ഭവന സമുച്ചയങ്ങൾ പണിയും. നിലവിൽ കൊൽക്കത്തയിലെ സാൾട്ട് ഗോലയിലും ഡൽഹിയിലെ സേവാ നഗർ-ലോധി കോളനിയിലും അടക്കം ഇത്തരം പദ്ധതി നടപ്പാക്കുന്നുണ്ട്.
നാഷനൽ മോണിറ്റൈസേഷൻ പൈപ്ലൈന്റെ ആദ്യ ഘട്ടം നടപ്പാക്കിയപ്പോൾ സ്വകാര്യ ട്രെയിൻ സർവിസ് അടക്കമുള്ള പദ്ധതികൾക്ക് റെയിൽവേ താൽപര്യം കാണിച്ചിരുന്നില്ല. എന്നാൽ, സ്വകാര്യവത്കരണ പദ്ധതി ഊർജിതമാക്കണമെന്ന് ഈയിടെ നടന്ന ഉന്നതതല ചർച്ചയിൽ റെയിൽവേക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. പി.പി.പി മാതൃകയിൽ വികസിപ്പിച്ച സ്റ്റേഷനുകളിൽനിന്ന് റെയിൽവേയുടെ മൊത്തം വരുമാനത്തിന്റെ പകുതി നേടാമെന്നാണ് നിതി ആയോഗ് 2021ൽ കണക്കൂകൂട്ടിയത്.
ന്യൂഡൽഹി റെയിൽവേ സ്റ്റേഷനും മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് റെയിൽവേ സ്റ്റേഷനും വികസിപ്പിക്കാൻ ഗൗതം അദാനിയുടെ അദാനി റെയിൽവേയ്സ്, ജി.എം.ആർ ഹൈവേയ്സ്, ഗോദ്റേജ് പ്രോപർട്ടിസ്, ഒബ്റോയ് റിയാൽറ്റി തുടങ്ങിയ വൻകിട കമ്പനികൾ താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, സ്വകാര്യ കമ്പനികൾക്ക് നൽകാനുള്ള തീരുമാനം റദ്ദാക്കി റെയിൽവേ സ്റ്റേഷൻ വികസന പദ്ധതി കേന്ദ്ര സർക്കാർ സ്വയം ഏറ്റെടുത്ത് നടത്തുകയായിരുന്നു.
റെയിൽവേ അടക്കം പൊതുമേഖല സ്ഥാപനങ്ങളുടെ ആസ്തി വിൽക്കുന്നതിലൂടെ 10 ലക്ഷം കോടി രൂപ സമാഹരിക്കാൻ കഴിഞ്ഞ ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച പദ്ധതി ഉടൻ നടപ്പാക്കുമെന്നാണ് സൂചന. പദ്ധതി നടപ്പാക്കുന്നതിന്റെ മുന്നോടിയായി സ്വകാര്യവത്കരിക്കാനുള്ള ആസ്തികൾ സംബന്ധിച്ച് വിവിധ മന്ത്രാലയങ്ങളുമായി ചർച്ച നടന്നുകൊണ്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

