വരുന്നൂ, മൊബൽ ഫോണിൽ വൻ താരിഫ് വർധന
text_fieldsമുംബൈ: അധികം വൈകാതെ മൊബൈൽ ഫോൺ ഉപയോഗത്തിന് നിങ്ങൾ അധികം താരിഫ് നൽകേണ്ടി വരും. രണ്ട് വർഷങ്ങൾക്ക് ശേഷം രാജ്യത്തെ ടെലകോം സേവന കമ്പനികൾ താരിഫ് വർധിപ്പിക്കാൻ ഒരുങ്ങുകയാണ്. ജൂലൈയിൽ താരിഫ് വർധനയുണ്ടാകുമെന്നാണ് വിവരം. താരിഫ് വർധന മാർച്ചിലുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. റിലയൻസ് ജിയോയുടെ പ്രഥമ ഓഹരി വിൽപനയും വോഡഫോൺ ഐഡിയയുടെ ഫണ്ട് സമാഹരണവും കാരണമാണ് താരിഫ് വർധന വൈകുന്നത്. ഇത്തവണ 15 ശതമാനം അതായത് അടിസ്ഥാന റീചാർജ് പാക്കിൽ 50 രൂപയുടെ വർധനയുണ്ടാകുമെന്നാണ് മോത്തിലാൽ ഓസ്‍വാൾ ഫിനാൻഷ്യൽ സർവിസസ് പറയുന്നത്. 2022 ജൂലൈയിലാണ് അവസാനമായി ടെലികോം സേവന കമ്പനികൾ താരിഫ് ചുമത്തിയത്.
ഈ വർഷം ജൂണോടെ റിലയൻസ് ജിയോയുടെ ഐ.പി.ഒ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. ഇതേസമയത്ത് തന്നെയാണ് ഫണ്ട് സ്വരൂപിക്കാൻ വോഡഫോൺ ഐഡിയയും ആലോചിക്കുന്നത്. അവസാനം താരിഫ് ഉയർത്തിയതിന്റെ തൊട്ടുമുമ്പ് 2024 ഏപ്രിലാണ് വോഡഫോൺ ഐഡിയ 18,000 കോടി രൂപയുടെ ഫണ്ട് സമാഹരം നടത്തിയത്. മാത്രമല്ല, ഈ വർഷം ഏപ്രിൽ-മേയ് കാലയളവിൽ പശ്ചിമ ബംഗാളിലും തമിഴ്നാട്ടിലും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കാലയളവിൽ വരിക്കാരുടെ എണ്ണത്തിൽ കാര്യമായ മാറ്റമുണ്ടാകാൻ സാധ്യതയില്ലാത്തതിനാൽ താരിഫ് വർധിപ്പിക്കാറില്ല.
ആഗോള തലത്തിൽ ഇന്ത്യയിലാണ് മൊബൈൽ ഫോൺ താരിഫ് ഏറ്റവും കുറവെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം ഡിസംബറിൽ ടെലികോം സേവന ദാതാക്കൾ താരിഫ് വർധിപ്പിക്കുമെന്നാണ് മോത്തിലാൽ ഓസ്‍വാൾ പ്രതീക്ഷിച്ചിരുന്നത്. കമ്പനിയുടെ വരുമാനവും ലാഭവും ഉയർത്തുമെന്നതിനാൽ താരിഫ് വർധിപ്പിക്കുമെന്ന് റിലയൻസ് ജിയോ അറിയിച്ചിരുന്നു. വിപണിയിലെ ലീഡറായ റിലയൻസ് ജിയോ താരിഫ് ഉയർത്തിയാലേ മറ്റു കമ്പനികളും നടപടി സ്വീകരിക്കൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

