മറ്റൊരു 'ബോംബു'മായി ഹിൻഡൻബർഗ്; പുതിയ റിപ്പോർട്ട് ഉടൻ
text_fieldsഅദാനി ഗ്രൂപ്പിനെ പ്രതിസന്ധിയിലാക്കിയ വൻ വെളിപ്പെടുത്തലുകൾ നടത്തിയ ഹിൻഡൻബർഗ് റിസർച്ച് പുതിയ റിപ്പോർട്ട് പുറത്തുവിടാനൊരുങ്ങുന്നു. മറ്റൊരു വൻ വെളിപ്പെടുത്തലുമായി റിപ്പോർട്ട് ഉടൻ പുറത്തുവരുമെന്നാണ് ഹിൻഡൻബർഗിന്‍റെ അറിയിപ്പ്. റിപ്പോർട്ടിന്‍റെ ഉള്ളടക്കം സംബന്ധിച്ച് സൂചനയൊന്നും നൽകിയിട്ടില്ല.
നേരത്തെ, ജനുവരി 24ന് സാമ്പത്തിക ക്രമക്കേട് ആരോപിച്ചുള്ള ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിറകെ അദാനി ഗ്രൂപ് കമ്പനികളുടെ ഓഹരി വില കുത്തനെ ഇടിഞ്ഞിരുന്നു. ലോക സമ്പന്നരിൽ രണ്ടാമതുണ്ടായിരുന്ന ഗൗതം അദാനി 30നും പിറകിലേക്ക് പിന്തള്ളപ്പെടുകയും ചെയ്തിരുന്നു.
ദശാബ്ദങ്ങളായി കമ്പനി സ്റ്റോക്ക് കൃത്രിമത്വത്തിലും അക്കൗണ്ട് തട്ടിപ്പിലും ഏര്‍പ്പെടുകയാണെന്നാണ് ഹിൻഡൻബർഗ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. ഓഹരികൾ പ്ലെഡ്ജ് ചെയ്ത് വലിയ തോതിൽ കടം വാങ്ങി. കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണവുമുയര്‍ത്തിയിരുന്നു. ന്യായമായതിലും 85 ശതമാനത്തോളം ഉയര്‍ന്ന തുകയിലാണ് അദാനി ഗ്രൂപ്പ് ഓഹരികളുടെ വ്യാപാരം നടക്കുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് അദാനി ഗ്രൂപ്പിന് കീഴിലെ സ്ഥാപനങ്ങളുടെ ഓഹരി വില വൻതോതിൽ ഇടിഞ്ഞത്. ചില അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങൾ അദാനിയുടെ ബോണ്ടുകളിൽ വായ്പ നൽകില്ലെന്നും പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യൻ ഓഹരി വിപണിയെ തന്നെ പിടിച്ചുലച്ച റിപ്പോർട്ട് വൻ രാഷ്ട്രീയ വിവാദത്തിനും തിരികൊളുത്തിയിരുന്നു. അദാനിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് പാർലമെന്‍റിൽ പ്രതിപക്ഷ കക്ഷികൾ ശബ്ദമുയർത്തുകയും ചെയ്തിരുന്നു.