സെൻട്രൽ മനാമയിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് തുറന്നു
text_fieldsസെൻട്രൽ മനാമയിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് ബഹ്റൈൻ വഖഫ് കൗൺസിൽ ചെയർമാൻ ശൈഖ് റാഷിദ് മുഹമ്മദ് സാലിം അൽ ഹാജിരി ഉദ്ഘാടനം ചെയ്യുന്നു. ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ യൂസുഫലി സമീപം.
മനാമ: ചില്ലറ വ്യാപാരരംഗത്തെ പ്രമുഖരായ ലുലു ഗ്രൂപ്പ്, സേക്രഡ് ഹാർട്ട് ചർച്ചിന് സമീപം സെൻട്രൽ മനാമയിൽ പുതിയ ഹൈപ്പർ മാർക്കറ്റ് തുറന്നു. ബഹ്റൈനിലെ ലുലുവിന്റെ പതിനൊന്നാമത് ഹൈപ്പർമാർക്കറ്റാണിത്. ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ യൂസുഫലിയുടെ സാന്നിധ്യത്തിൽ ബഹ്റൈൻ വഖഫ് കൗൺസിൽ ചെയർമാൻ ശൈഖ് റാഷിദ് മുഹമ്മദ് സാലിം അൽ ഹാജിരി ഉദ്ഘാടനം നിർവഹിച്ചു.
വ്യവസായ വാണിജ്യ മന്ത്രാലയം അണ്ടർസെക്രട്ടറി ഇമാൻ അഹമ്മദ് അൽ-ദോസെരി, ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ്, ലുലു ബഹ്റൈൻ ഡയറക്ടർ ജൂസർ രൂപാവാല, നയതന്ത്രജ്ഞർ, വ്യവസായ പ്രമുഖർ, തുടങ്ങിയവർ സന്നിഹിതരായിരുന്നു.
പലചരക്ക്, ഫ്രഷ് ഫ്രൂട്ട്‌സ്, വെജിറ്റബിൾസ്, ഫാഷൻ സാമഗ്രികൾ, ഗൃഹോപകരണങ്ങൾ, ഇലക്‌ട്രോണിക്‌സ് തുടങ്ങിയ ആവശ്യമുള്ള എല്ലാ സാധനങ്ങളും മനാമ ഹൈപ്പർമാർക്കറ്റിൽ ലഭ്യമാണ്. ബ്രെഡുകളും കേക്കുകളും ചൂടോടെ ലഭ്യമാകുന്ന ഇൻ-ഹൗസ് ബേക്കറിയും സജ്ജീകരിച്ചിട്ടുണ്ട്.
പുതിയ ട്രെൻഡുകളനുസരിച്ച് ഷോപ്പിങ് നടത്താനുള്ള അവസരവും ഉപഭോക്താക്കൾക്ക് ലഭിക്കും. ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായ സ്ഥലത്താണ് ഹൈപ്പർമാർക്കറ്റ്. റെസിഡൻഷ്യൽ, കൊമേഴ്‌സ്യൽ ഏരിയയുടെ ഹൃദയഭാഗത്തുള്ള ഹൈപ്പർമാർക്കറ്റ് മികച്ച ഷോപ്പിങ് അനുഭവം പ്രദാനം ചെയ്യും.
ബഹ്റൈനിൽ രണ്ട് പുതിയ ഹൈപ്പർ മാർക്കറ്റുകൾ ഉടൻ തുറക്കും -എം.എ. യൂസുഫലി
മനാമ: ബഹ്റൈനിൽ അവന്യൂസിലും ദിയാർ അൽ മുഹറഖിലും പുതിയ ഹൈപ്പർ മാർക്കറ്റുകൾ ഉടൻ തുറക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലി. ആഗോളതലത്തിൽ ലുലു ഗ്രൂപ്പിന്റെ 261-മത്തെ ഹൈപ്പർമാർക്കറ്റാണ് മനാമയിൽ തുറന്നത്. 55,000 ചതുരശ്രയടി വിസ്തീർണ്ണത്തിലുള്ള ഹൈപ്പർ മാർക്കറ്റിൽ ഉപഭോക്താക്കൾക്കായി മികച്ച ഷോപ്പിങ് അനുഭവമാണ് ഒരുക്കിയിട്ടുള്ളത്.
ശക്തമായ റീട്ടെയിൽ ശൃംഖല എന്ന നിലയിലുള്ള ബഹ്റൈനിലെ ലുലു ഗ്രൂപ്പിന്റെ വളർച്ചക്ക് എല്ലാ സഹായ സഹകരണങ്ങളും ചെയ്തു തരുന്ന ഹമദ് രാജാവിനും കിരീടാവകാശിക്കും നന്ദി അറിയിക്കുകയാണ്. മനാമ സെന്ററിലെ ഹൈപ്പർ മാർക്കറ്റ് ആരംഭിക്കുവാൻ എല്ലാ സൗകര്യങ്ങളും പിന്തുണയും നൽകിയ ബഹ്റൈൻ വഖഫ് കൗൺസിലിനും നന്ദി പറയുന്നു. ആറ് മാസത്തിനുള്ളിൽ, ബഹ്‌റൈനിൽ 200 ദശലക്ഷം ദീനാറിന്റെ നിക്ഷേപമാണ് ലുലു നടത്തുന്നതെന്നും എം.എ. യൂസുഫലി പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

