ആരാധകർക്ക് കോളടിച്ചു; എച്ച്.ബി.ഒ മാക്സിനെ ഏറ്റെടുക്കാൻ നെറ്റ്ഫ്ലിക്സ്
text_fieldsമുംബൈ: നിങ്ങൾ നെറ്റ്ഫ്ലിക്സ് ആരാധകനാണെങ്കിൽ ഒരു സന്തോഷ വാർത്തയുണ്ട്. അധികം വൈകാതെ നെറ്റ്ഫ്ലിക്സിലൂടെ കുറഞ്ഞ ചെലവിൽ കൂടുതൽ സിനിമകളും ടി.വി ഷോകളും ആസ്വദിക്കാൻ കഴിയും. കാരണം, കുറഞ്ഞ ചെലവിൽ എച്ച്.ബി.ഒ മാക്സ്, നെറ്റ്ഫ്ലിക്സ് സേവനങ്ങൾ ഒരുമിച്ചു നൽകാനുള്ള പദ്ധതിയിലാണ് കമ്പനി. പക്ഷെ, ബഹുരാഷ്ട്ര മാധ്യമ സ്ഥാപനമായ വാർണർ ബ്രോസ് ഡിസ്കവറിയിൽനിന്ന് ഡിജിറ്റൽ സ്ട്രീമിങ് പ്ലാറ്റ്ഫോമായ എച്ച്.ബി.ഒ മാക്സ് ഏറ്റെടുക്കുന്നതു വരെ കാത്തിരിക്കണം. ഏറ്റെടുക്കൽ യാഥാർഥ്യമായാൽ എച്ച്.ബി.ഒ മാക്സിന്റെ സിനിമകളുടെയും ടി.വി ഷോകളുടെയും വലിയൊരു ശേഖരം നെറ്റ്ഫ്ലിക്സിന് സ്വന്തമാകും.
നിലവിൽ നെറ്റ്ഫ്ലിക്സിന്റെയും എച്ച്.ബി.ഒ മാക്സിന്റെയും വരിക്കാരായവർക്ക് ഇനി വെവ്വേറെ പണം നൽകേണ്ടതില്ല. രണ്ട് വൻകിട ഡിജിറ്റൽ വിഡിയോ സ്ട്രീമിങ് സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാകും. രണ്ട് ആഗോള വിഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമുകൾ തമ്മിൽ ലയിപ്പിക്കുന്നത് ഉപഭോക്താക്കളുടെ ചോയിസ് കുറക്കുമെന്നും വരിസംഖ്യ ഉയർത്തുമെന്നുമുള്ള കേന്ദ്ര സർക്കാറിന്റെ ആശങ്കക്കിടെയാണ് നെറ്റ്ഫ്ലിക്സിന്റെ നീക്കം.
വരുമാനം കുറയുകയും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുകയും ചെയ്തത് കാരണം സിനിമ, ടെലിവിഷൻ സ്റ്റുഡിയോകളും എച്ച്.ബി.ഒ, സി.എൻ.എൻ തുടങ്ങി ചാനലുകളും എച്ച്.ബി.ഒ മാക്സ് വിഡിയോ സ്ട്രീമിങ് സേവനവും വിൽക്കാനുള്ള പദ്ധതിയിലാണ് യു.എസിലെ വാർണർ ബ്രോസ് ഡിസ്കവറി. ഇതിൽ സ്റ്റുഡിയോയും സ്ട്രീമിങ് ബിസിനസുമാണ് നെറ്റ്ഫ്ലിക്സ് ലക്ഷ്യമിടുന്നത്. ഓഹരികൾ വാങ്ങുന്നതിന് പകരം പണം നൽകി ആസ്തികൾ സ്വന്തമാക്കാനുള്ള പദ്ധതിയാണ് നെറ്റ്ഫ്ലിക്സ് മുന്നോട്ടുവെച്ചത്. നേരത്തെ സമർപ്പിച്ച ഏറ്റെടുക്കൽ പദ്ധതി ആകർഷമല്ലാത്തതിനാൽ പുതുക്കി നൽകുകയായിരുന്നു.
ദിവസങ്ങൾക്കുള്ളിൽ ഇടപാട് പൂർത്തിയാകുമെന്നാണ് റോയിട്ടേസ് റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, നെറ്റ്ഫ്ലിക്സ് സമർപ്പിച്ച ഇടപാട് അംഗീകരിച്ചോയെന്ന് വാർണർ ബ്രോസ് ഡിസ്കവറി വ്യക്തമാക്കിയിട്ടില്ല. കോടിക്കണക്കിന് ഡോളർ ബാങ്ക് വായ്പയെടുത്തായിരിക്കും ഇടപാടിന് വേണ്ടി നെറ്റ്ഫ്ലിക്സ് പണം കണ്ടെത്തുകയെന്നാണ് സൂചന. 59 ബില്ല്യൻ ഡോളർ അതായത് 5.30 ലക്ഷം കോടി രൂപ വിപണി മൂലധനമുള്ള കമ്പനിയാണ് വാർണർ ബ്രോസ് ഡിസ്കവറി. ഒരു ഓഹരിക്ക് 30 ഡോളർ നൽകണമെന്നാണ് കമ്പനി മുന്നോട്ടുവെച്ച നിബന്ധന.
ആനിമൽ പ്ലാനറ്റ് അടക്കം ചാനലുകളുടെ ഉടമയായിരുന്ന ഡിസ്കവറി ഐ.എൻ.സിയുമായി ലയിച്ചാണ് 2022ൽ ന്യൂയോർക്ക് ആസ്ഥാനമായി വാർണർ ബ്രോസ് ഡിസ്കവറി എന്ന കമ്പനി സ്ഥാപിച്ചത്. പരസ്യ വരുമാനം കുറയുന്നതും ടാറ്റ സ്കൈ അടക്കമുള്ള സാറ്റലൈറ്റ് ചാനൽ വിതരണക്കാരിൽനിന്നുള്ള വരുമാനത്തിലെ അനിശ്ചിതാവസ്ഥയും കാരണമാണ് കമ്പനി ആസ്തികൾ വിൽക്കുന്നത്. മാത്രമല്ല, പരമ്പരാഗത ടി.വി ചാനലുകളിൽനിന്ന് ഡിജിറ്റൽ വിഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിലേക്ക് പ്രേക്ഷകർ ചുവടുമാറിയതും ഇന്ത്യയിലും യു.എസിലുമായി ശക്തമായ സാന്നിധ്യമുള്ള കമ്പനിക്ക് തിരിച്ചടിയായി.
സി.എൻ.എൻ, എച്ച്.ബി.ഒ തുടങ്ങിയ ജനപ്രിയ ചാനലുകളും സ്റ്റുഡിയോയും വിൽക്കാൻ ഒക്ടോബറിലാണ് പദ്ധതിയിട്ടത്. നെറ്റ്ഫ്ലിക്സിന് പുറമെ, പാരമൗണ്ട് സ്കൈഡാൻസും കോംകാസ്റ്റും ആസ്തികൾ വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ടി.വി ചാനലുകളും സ്റ്റുഡിയോയും വിഡിയോ സ്ട്രീമിങ് സേവനങ്ങളും അടക്കം പൂർണമായും വാങ്ങാൻ മൂന്ന് ഓഫറുകളാണ് പാരാമൗണ്ട് നൽകിയത്. അതേസമയം, സ്റ്റുഡിയോകളിലും സ്ട്രീമിങ് സേവനത്തിലും മാത്രമേ കോംകാസ്റ്റിനും നെറ്റ്ഫ്ലിക്സിനും താൽപര്യമുള്ളൂ. ഇടപാട് യാഥാർഥ്യമായാൽ നെറ്റ്ഫ്ലിക്സിന്റെയും എച്ച്.ബി.ഒ മാക്സിന്റെയും ഉപഭോക്താക്കൾക്ക് വലിയ നേട്ടമാകുമെന്നാണ് ബന്ധപ്പെട്ടവർ അവകാശപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

