എണ്ണ വില വർധിപ്പിച്ച് നയാര;കൂട്ടിയത് പെട്രോളിന് അഞ്ചുരൂപയും ഡീസലിന് മൂന്നുരൂപയും
text_fieldsന്യൂഡൽഹി: പെട്രോൾ, ഡീസൽ വില വർധിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ചില്ലറ വിൽപന കമ്പനിയായ നയാര എനർജി. പെട്രോൾ ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയുമാണ് വർധിപ്പിച്ചത്. വില വർധന ശനിയാഴ്ച പുലർച്ചെയോടെ നിലവിൽ വന്നു. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണ വില കുത്തനെ ഉയർന്ന സാഹചര്യത്തിലാണ് കമ്പനിയുടെ നീക്കം.
ഈ വർഷം ഇതിനകം നിരവധി തവണ നയാര പെട്രോൾ-ഡീസൽ വില വർധിപ്പിച്ചിട്ടുണ്ട്. യു.എസ്-ഇറാൻ യുദ്ധം തുടങ്ങിയതിന് പിന്നാലെ ആഭ്യന്തര വിപണിയിൽ ആദ്യം എണ്ണ വില വർധിപ്പിച്ചത് നയാരയാണ്. മാർച്ച് 26ന് പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർധിപ്പിച്ചിരുന്നു. മേയ് 25ന് പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയും വർധിപ്പിച്ചു. അതേസമയം, പശ്ചിമേഷ്യ സംഘർഷം അയഞ്ഞതിനെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണ വില കുറഞ്ഞ സാഹചര്യത്തിൽ ജൂലൈ ഒന്നിന് കമ്പനി പെട്രോൾ വില ലിറ്ററിന് അഞ്ച് രൂപയും ഡീസൽ വില മൂന്ന് രൂപയും കുറച്ചു.
ചില്ലറ വിൽപനയിലെ നഷ്ടം കാരണം നയാര, ജിയോ-ബി.പി തുടങ്ങിയ കമ്പനികളുടെ ചില പമ്പുകളിൽ പെട്രോൾ, ഡീസൽ വിൽപന കുറച്ചിരുന്നു. വിൽപനക്ക് നിയന്ത്രണം ഏർപ്പെടുത്തരുതെന്ന് സ്വകാര്യ കമ്പനികൾക്ക് വ്യാഴാഴ്ച കേന്ദ്ര സർക്കാർ നിർദേശം നൽകിയതിന് പിന്നാലെയാണ് വില വർധിപ്പിക്കാനുള്ള നയാരയുടെ തീരുമാനം. വിവിധ സംസ്ഥാനങ്ങളിലായി 7108 പമ്പുകളാണ് നയാരക്കുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

