ഇന്ധനവിലയിൽ ആശ്വാസം: പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ച് നയാര
text_fieldsനയാര എനർജി
ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞതിനെത്തുടർന്ന്, രാജ്യത്തെ സ്വകാര്യ ഇന്ധന വിൽപനയിൽ പ്രമുഖരായ നയാര എനർജി പെട്രോളിന് 5 രൂപയും ഡീസലിന് 3 രൂപയും കുറച്ചു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ആദ്യമായാണ് ഇത്തരമൊരു വിലക്കുറവ് ഇന്ധനക്കമ്പനി പ്രഖ്യാപിക്കുന്നത്.
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്ക് അയവു വന്നതോടെ ആഗോള വിപണിയിൽ അസംസ്കൃത എണ്ണയുടെ വിലയിൽ വന്ന കുറവാണ് ഈ തീരുമാനത്തിന് വഴിയൊരുക്കിയത്. നയാര എനർജിയുടെ രാജ്യമെമ്പാടുമുള്ള 7,000-ത്തിലധികം ഇന്ധന സ്റ്റേഷനുകളിൽ ഇതിനകം പുതുക്കിയ വില പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഓരോ സംസ്ഥാനത്തെയും പ്രാദേശിക നികുതികൾക്കനുസരിച്ച് പമ്പ് വിലയിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകാം.
യുദ്ധസാഹചര്യങ്ങളെത്തുടർന്ന് അടഞ്ഞുകിടന്നിരുന്ന പ്രധാനപ്പെട്ട സമുദ്രപാതകൾ തുറന്നതോടെ ക്രൂഡ് ഓയിലിന്റെയും പ്രകൃതിവാതകത്തിന്റെയും ലഭ്യത വീണ്ടും സാധാരണ നിലയിലായിട്ടുണ്ട്. ഇത് വിതരണത്തെക്കുറിച്ചുള്ള ആശങ്കകൾ അകറ്റാനും അന്താരാഷ്ട്ര വിപണിയെ സ്ഥിരപ്പെടുത്താനും സഹായിച്ചതിനെ തുടർന്നാണ് നിലവിൽ മാറ്റങ്ങൾ വന്നിട്ടുള്ളത്.
അതേസമയം പൊതുമേഖലാ ഇന്ധന കമ്പനികൾ നിലവിൽ വിലയിൽ മാറ്റം വരുത്തിയിട്ടില്ല. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ പൊതുമേഖലാ ഭീമന്മാർ രാജ്യത്തെ ഇന്ധന വിപണിയുടെ 90 ശതമാനത്തിലധികം നിയന്ത്രിക്കുന്നുണ്ടെങ്കിലും അവർ നിലവിലെ നിരക്കുകൾ തന്നെയാണ് തുടരുന്നത്. ഡൽഹിയിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഔട്ട്‌ലെറ്റുകളിൽ പെട്രോളിന് 102.12 രൂപയും ഡീസലിന് 95.20 രൂപയുമാണ് ഇപ്പോഴും ഈടാക്കുന്നത്.
പശ്ചിമേഷ്യൻ പ്രതിസന്ധി ആരംഭിച്ച സമയത്ത് ആദ്യം ഇന്ധനവില വർധിപ്പിച്ച കമ്പനികളിലൊന്നായിരുന്നു നയാര. മാർച്ച് 26ന് പെട്രോളിന് 5 രൂപയും ഡീസലിന് 3 രൂപയും അവർ വർധിപ്പിച്ചിരുന്നു. ആ വർധനവ് പൂർണമായും പിൻവലിച്ചുകൊണ്ടാണ് നയാര ഇപ്പോൾ വില കുറച്ചിരിക്കുന്നത്. മേയ് മാസത്തിൽ പൊതുമേഖലാ കമ്പനികൾ പലതവണയായി പെട്രോളിനും ഡീസലിനും 7.50 രൂപ വീതം വർധിപ്പിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചുയർന്ന സാഹചര്യത്തിലായിരുന്നു ഈ വിലവർധനവ്.
എന്തായാലും, വിപണിയിലെ ഈ മാറ്റം ഉപഭോക്താക്കൾക്ക് വലിയൊരു ആശ്വാസമായിരിക്കുകയാണ്. റിഫൈനറിയിലെ അറ്റകുറ്റപ്പണികൾക്ക് ശേഷം ഉൽപ്പാദനം വർധിപ്പിച്ചിട്ടുണ്ടെന്നും രാജ്യത്തിന്റെ ഇന്ധന ഉപഭോഗം നിറവേറ്റാൻ തങ്ങളുടെ മുഴുവൻ ശൃംഖലയെയും സജ്ജമാക്കിയിട്ടുണ്ടെന്നും കമ്പനി വൃത്തങ്ങൾ അറിയിച്ചു. ഗുജറാത്തിലെ വദിനറിൽ 20 ദശലക്ഷം ടൺ വാർഷിക ശേഷിയുള്ള ഓയിൽ റിഫൈനറി പ്രവർത്തിപ്പിക്കുന്ന കമ്പനിയാണ് നയാര എനർജി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

