ബാങ്ക് പണിമുടക്ക് പിൻവലിച്ചു; മൂന്നു ദിവസത്തെ സമരം മാറ്റിവെച്ചതായി ജീവനക്കാരുടെ സംഘടന
text_fieldsന്യൂഡൽഹി: ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്ക് പിൻവലിച്ചു. അഞ്ചുദിവസ പ്രവൃത്തിവാരം ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടനകൾ തിങ്കളാഴ്ച മുതൽ മൂന്നുദിവസത്തെ രാജ്യവ്യാപക പണിമുടക്കാണ് പ്രഖ്യാപിച്ചിരുന്നത്.
ജീവനക്കാരുടെയും ഓഫിസർമാരുടെയും സംഘടന കൂട്ടായ്മയായ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയൻസാണ് (യു.എഫ്.ബി.യു) സമരം താൽക്കാലികമായി മാറ്റിവെച്ചതായി ഔദ്യോഗികമായി അറിയിച്ചത്. ഞായറാഴ്ച രാത്രി ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐ.ബി.എ) നടത്തിയ നിർണായക ചർച്ചകൾക്കൊടുവിലാണ് തീരുമാനമായത്. പ്രവൃത്തി ദിനങ്ങൾ അഞ്ചായി ചുരുക്കാൻ തത്വത്തിൽ ധാരണയായെന്നാണ് സൂചന. മൂന്ന് ദിവസത്തെ സമരത്തിന്‍റെ ഭാഗമായി ഞായറാഴ്ച ബാങ്കുകൾ തുറന്ന് പ്രവർത്തിച്ചിരുന്നു.
സമരം പിൻവലിച്ചതോടെ തിങ്കളാഴ്ച മുതൽ രാജ്യത്തെ ബാങ്കിങ് സേവനങ്ങൾ സാധാരണ നിലയിൽ തുടരും.ബാങ്കുകളിൽ അഞ്ച് ദിവസത്തെ പ്രവൃത്തിദിനം നടപ്പാക്കുന്നതിനായി, ബാക്കിയുള്ള ശനിയാഴ്ചകൾ കൂടി അവധിയായി പ്രഖ്യാപിക്കുന്ന വിഷയം പഠിക്കാൻ ഐ.ബി.എയുടെയും യു.എഫ്.ബി.യുവിന്റെയും നേതൃത്വത്തിൽ ഉന്നതതല സമിതി ഉടൻ രൂപവത്കരിക്കാൻ യോഗത്തിൽ ധാരണയായി. ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ, വിഷയങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ഈ സമിതി എല്ലാ സാധ്യതകളും പരിശോധിക്കും.
സെപ്റ്റംബർ 11ന് നടത്തിയ ഏകദിന രാജ്യവ്യാപക പണിമുടക്കിന്റെ തുടർച്ചയായാണ് മൂന്നുദിവസത്തെ സമരം പ്രഖ്യാപിച്ചിരുന്നത്. പണിമുടക്കിനെ തുടർന്ന് സേവനങ്ങൾ തടസ്സപ്പെട്ടേക്കാമെന്ന് എസ്.ബി.ഐ ഉൾപ്പെടെ പൊതുമേഖല ബാങ്കുകൾ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. അത്യാവശ്യ ബാങ്കിങ് ഇടപാടുകൾ മുൻകൂട്ടി പൂർത്തിയാക്കണമെന്നും പണത്തിനായി എ.ടി.എം/എ.ഡി.ഡബ്ല്യു.എം സംവിധാനങ്ങളും മറ്റ് ആവശ്യങ്ങൾക്ക് യു.പി.ഐ, ഇന്റർനെറ്റ്, മൊബൈൽ ബാങ്കിങ് തുടങ്ങിയ ഡിജിറ്റൽ സേവനങ്ങളും ഉപയോഗിക്കണമെന്നും എസ്.ബി.ഐ നിർദേശിച്ചു.
യു.എഫ്.ബി.യുവാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. ഒക്ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

