പാൽ വില 8 രൂപ കൂട്ടിയ നന്ദിനിയുടെ തീരുമാനം: ബംഗളൂരുവിൽ ഹോട്ടൽ ഭക്ഷണ വില ഇനി പൊള്ളും
text_fieldsബംഗളൂരു: നന്ദിനി പാലിന്‍റെ വില 8 രൂപ വർധിപ്പിച്ച നടപടി അധിക സാമ്പത്തിക ഭാരം ഉണ്ടാക്കിയേക്കുമെന്ന ആശങ്കയിലാണ് ബംഗളൂരു നിവാസികൾ. പാൽ വില കൂട്ടിയ നടപടിയിലൂടെ നഗരത്തിലുടനീളമുള്ള ഹോട്ടലുകൾ, കഫേകൾ, റസ്റ്റോറന്‍റുകൾ എന്നിവിടങ്ങളിൽ ചായ, കാപ്പി, പ്രഭാതഭക്ഷണം എന്നിവയുടെ നിരക്കുകൾ ഉയർന്നേക്കും.
ഒക്ടോബർ 29ന് ചേർന്ന കർണാടക കാബിനറ്റ് യോഗത്തിലാണ് നന്ദിനി പാൽ വില ലിറ്ററിന് 8 രൂപ വർധിപ്പിക്കാൻ അംഗീകാരം നൽകിയത്. വില പരിഷ്കരണത്തോടെ, ടോൺഡ് പാലിന്റെ വില ലിറ്ററിന് 46 രൂപയിൽ നിന്ന് 54 രൂപയായി ഉയരും. പുതിയ നിരക്കുകൾ നവംബർ 1 മുതൽ നിലവിൽ വരും. വർധിപ്പിച്ച 8 രൂപയിൽ 7 രൂപ നേരിട്ട് ക്ഷീരകർഷകർക്കും ബാക്കി 1 രൂപ മിൽക്ക് യൂണിയനുകൾക്കുമാണ് ലഭിക്കുക. കാലിത്തീറ്റ, മരുന്നുകൾ, ഗതാഗതം, പാക്കേജിങ് എന്നിവയുടെ ചെലവ് വർധിച്ചത് ചൂണ്ടിക്കാട്ടിയാണ് മിൽക്ക് യൂനിയനുകൾ വില വർധന ആവശ്യപ്പെട്ടത്.
പാൽ വിലയിലെ പെട്ടെന്നുള്ള വർധനവിനെ തുടർന്ന് ബംഗളൂരു ഹോട്ടൽസ് അസോസിയേഷൻ മെനു നിരക്കുകളിൽ വർധനവുണ്ടായേക്കുമെന്ന് വ്യക്തമാക്കി വാർത്താക്കുറിപ്പ് ഇറക്കി. പാൽ വില ലിറ്ററിന് 2-3 രൂപ മാത്രമാണ് വർധിച്ചതെങ്കിൽ, ഹോട്ടലുകൾ ഉപഭോക്താക്കളിലേക്ക് ഭാരം കൈമാറാതെ അധിക ചെലവ് സ്വന്തമായി സഹിക്കുമായിരുന്നുവെന്ന് അസോസിയേഷൻ വ്യക്തമാക്കി. എന്നാൽ ലിറ്ററിന് 8 രൂപയുടെ വലിയ വർധനവ് ഉണ്ടായ സാഹചര്യത്തിൽ, പാൽ ഉപയോഗിച്ച് തയ്യാറാക്കുന്ന എല്ലാ ഭക്ഷണ-പാനീയങ്ങളുടെയും വില വർധിപ്പിക്കുകയല്ലാതെ ഹോട്ടലുകൾക്ക് മറ്റ് വഴികളില്ല.
പാലിന് പുറമെ മറ്റ് നിത്യോപയോഗ സാധനങ്ങളുടെ വിലയും പ്രവർത്തനച്ചെലവും ഉയർന്നുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഫലമായി, വരുന്ന ആഴ്ചകളിൽ ബംഗളൂരു നിവാസികൾ ബേക്കറികൾ, സൗത്ത് ഇന്ത്യൻ ടിഫിൻ സെന്ററുകൾ, പ്രാദേശിക കഫേകൾ എന്നിവയിൽ നിന്നുള്ള പ്രഭാതഭക്ഷണത്തിന് കൂടുതൽ തുക നൽകേണ്ടി വരും.നവംബർ 1 മുതൽ എല്ലാ റസ്റ്റോറന്റുകളും ഉടൻ വില വർധിപ്പിക്കില്ലെന്നും അസോസിയേഷൻ വ്യക്തമാക്കിയിട്ടുണ്ട്.
ഓരോ ഹോട്ടൽ ഉടമകളും അവരുടെ പ്രതിദിന ഉപഭോഗം, പ്രവർത്തനച്ചെലവ്, ലാഭവിഹിതം എന്നിവ വിലയിരുത്തിയ ശേഷം മാത്രമായിരിക്കും പരിഷ്കരിച്ച നിരക്കുകൾ നടപ്പിലാക്കുക. വറുതിയുടെ കാലത്ത് കർഷകരെ സംരക്ഷിക്കാൻ പാൽ വില വർദ്ധനവ് അനിവാര്യമാണെന്നാണ് കർണാടക മുഖ്യമന്ത്രി ശിവകുമാറിന്‍റെ മറുപടി.
സംസ്ഥാനം രൂക്ഷമായ വരൾച്ച അനുഭവിക്കുന്ന ഘട്ടത്തിൽ കർഷകരുടെ താല്പര്യം സംരക്ഷിക്കാൻ പാൽ വില വർദ്ധനവ് അനിവാര്യമായിരുന്നുവെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ശനിയാഴ്ച ന്യായീകരിച്ചു. മാതാവായി കരുതുന്ന പശുവിനോടുള്ള സർക്കാരിന്റെ ആദരവും കന്നുകാലികളെ സംരക്ഷിക്കാനുള്ള പ്രതിബദ്ധതയുമാണ് ഈ തീരുമാനത്തിൽ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വിഭാഗം പാലിനും ലിറ്ററിന് 8 രൂപ വർധിപ്പിക്കാൻ വ്യാഴാഴ്ചയാണ് കർണാടക മന്ത്രിസഭ അംഗീകാരം നൽകിയത്. ക്ഷീരകർഷകർ ലിറ്ററിന് 12 രൂപ വർധന ആവശ്യപ്പെട്ടിരുന്നതായി ശിവകുമാർ പറഞ്ഞു.

