ദിവസവും കൈകൊണ്ട് അലക്കുന്നത് ഒരു ലക്ഷത്തിലേറെ വസ്ത്രങ്ങൾ, ഗിന്നസ് റെക്കോർഡ് തിളക്കം; പ്രതിസന്ധികൾക്കിടയിലും അതിജീവനം തുടരുന്ന മുംബൈയുടെ സ്വന്തം ധോബി ഘാട്ട്
text_fieldsമുംബൈ: മഹാലക്ഷ്മി റെയിൽവേ സ്റ്റേഷന് സമീപമാണ് ലോകത്തിലെ ഏറ്റവും വലിയ ഓപ്പൺ എയർ ലോണ്ടറി ധോബി ഘാട്ട് സ്ഥിതി ചെയ്യുന്നത്. ബ്രിട്ടീഷ് രാജ് കാലഘട്ടത്തിൽ 1890ലാണ് ധോബി ഘാട്ട് സ്ഥാപിച്ചത്. അലക്കുകാരുടെ സംഘടനയായ ധോബി കല്യാൺ & ഔദ്യോഗിക വികാസ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ കണക്കുകൾ പ്രകാരം മഹാലക്ഷ്മി ധോബി ഘാട്ടിന്‍റെ വാർഷിക വിറ്റുവരവ് ഏകദേശം 100 കോടി രൂപയാണ്. ദിവസവും 18 മുതൽ 20 മണിക്കൂർ വരെ, 7,000ത്തിലധികം ആളുകൾ കോൺക്രീറ്റ് വാഷിങ് ടാങ്കുകളിൽ വസ്ത്രങ്ങൾ അടിച്ച് കഴുകുകയും, സ്ക്രബ് ചെയ്യുകയും, ഡൈ ചെയ്യുകയും, ബ്ലീച്ച് ചെയ്യുകയും ചെയ്യുന്നു. പിന്നീട് അവ ഉണക്കിയെടുത്ത് ഭംഗിയായി ഇസ്തിരിയിട്ട് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നു. ദിവസവും ഒരു ലക്ഷത്തിലധികം വസ്ത്രങ്ങളാണ് ഇവിടെ അലക്കുന്നത്. സമ്പന്നരായ ചില ധോബികൾ കൈകൊണ്ട് അലക്കുന്നത് നിർത്തി പിന്നീട് വലിയ യന്ത്രങ്ങളിലുള്ള വാഷിങ്, ഡ്രൈയിങ് മെഷീനുകൾ സ്ഥാപിച്ചിട്ടുണ്ട്.
വീടുകളിൽ വാഷിങ് മെഷീനുകൾ എത്തിയതും വലിയ ഹോട്ടലുകളും ആശുപത്രികളും സ്വന്തമായി ലോണ്ടറികൾ ആരംഭിച്ചതും കാരണം ധോബി ഘാട്ടിലെ ബിസിനസ് പണ്ടത്തെപ്പോലെ അത്ര സജീവമല്ല. ലോണ്ടറികളെക്കാൾ തുഛമായ തുകക്കാണ് ധോബി ഘട്ടിൽ തുണി അലക്കി നൽകുന്നത്. മുബൈയിലെ ചില ഗാർമെന്‍റ് ഡീലർമാർ പഴയ വസ്ത്രങ്ങൾ വലിയ തോതിൽ ഇവിടെ കൊണ്ടുവന്ന് അലക്കി വൃത്തിയാക്കിയ ശേഷം പിന്നീട് ഇവ പുതിയവയാണെന്ന് പറഞ്ഞ് വിൽക്കാറുമുണ്ട്. കൊളാബ മുതൽ വിരാർ വരെ നഗരത്തിന്‍റെ എല്ലാ ഭാഗങ്ങളിൽ നിന്നും ധോബികൾ വസ്ത്രങ്ങൾ ശേഖരിക്കുന്നു. അടുത്തുള്ള ലോണ്ടറികൾ, ഗാർമെന്‍റ് ഡീലർമാർ, വിവാഹ അലങ്കാര ജോലിക്കാർ, കാറ്ററർമാർ, ഇടത്തരം ഹോട്ടലുകൾ, ക്ലബ്ബുകൾ എന്നിവയാണ് ഇവരുടെ പ്രധാന ഉപഭോക്താക്കൾ.
ഘട്ടിന്‍റെ പ്രവേശന കവാടത്തിൽ അഭിമാനത്തോടെ പ്രദർശിപ്പിച്ചിരിക്കുന്ന ഗിന്നസ് വേൾഡ് റെക്കോർഡ് ഇവിടുത്തെ മനുഷ്യരുടെ അധ്വാനം എത്രത്തോളമെന്ന് വിളിച്ചോതുന്നു. ഏറ്റവും കൂടുതൽ ആളുകൾ ഒരേസമയം ഒരിടത്ത് കൈകൊണ്ട് 496 വസ്ത്രങ്ങൾ അലക്കിയാണ് ഈ റെക്കോഡ് സ്വന്തമാക്കിയത്. 2011 മാർച്ച് 8ന് ധോബി കല്യാൺ ആൻഡ് ഔദ്യോഗിക വികാസ് കോഓപ്പറേറ്റീവ് സൊസൈറ്റിയാണ് ഈ നേട്ടം കൈവരിച്ചത്. വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് ധോബി ഘട്ട്. ദിവസേന നിരവധി വിദേശ ടൂറിസ്റ്റുകളാണ് ഇവിടെയെത്തുന്നത്.
ഒരു കാലത്ത് മുംബൈ നഗരത്തിന്‍റെ അഴുക്കുകൾ അലക്കി വെളുപ്പിച്ചിരുന്ന ധോബിഘാട്ടിന്‍റെ നിലവിലെ അവസ്ഥ അത്ര ശുഭകരമല്ല. ലോണ്ടറികളുടെ വരവിനൊപ്പം പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ ഭാഗമായുണ്ടായ എൽ.പി.ജി ക്ഷാമവും ധോബി ഘാട്ടിനെ പ്രതിസന്ധിയിലാക്കിയിരുന്നു. മുംബൈയിലെ 136 വർഷം പഴക്കമുള്ള മഹാലക്ഷ്മി ധോബി ഘാട്ടിൽ ഏകദേശം 731 കുടുംബങ്ങളാണ് ഡ്രൈ ക്ലീനിങ് ജോലിയെ ആശ്രയിച്ച് ജീവിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

