ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നൻ മുകേഷ് അംബാനി തന്നെ; ഷാറൂഖ് ഖാനും ബില്യണർ ക്ലബ്ബിൽ -ഹുറൂൺ ഇന്ത്യ സമ്പന്ന പട്ടിക പുറത്ത്
text_fieldsമുകേഷ് അംബാനി, ഷാരൂഖ് ഖാൻ
ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും സമ്പന്നനെന്ന പദവി ഗൗതം അദാനിയിൽ നിന്ന് തിരിച്ചുപിടിച്ച് മുകേഷ് അംബാനി. എം3എം ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2025 പുറത്തുവിട്ട പട്ടികയിലാണ് അംബാനി ഒന്നാമതെത്തിയത്. 9.55ലക്ഷം കോടി രൂപയുടെ ആസ്തിയുമായാണ് റിലയൻസ് ഇൻഡസ്ട്രീസ് സ്ഥാപകനായ മുകേഷ് അംബാനി ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നൻ എന്ന കിരീടം സ്വന്തമാക്കിയത്. 8.15 ലക്ഷം കോടി രൂപയുടെ ആസ്തിയുമായി ഗൗതം അദാനിയാണ് പട്ടികയിൽ രണ്ടാംസ്ഥാനത്ത്.
2024ൽ 11.6 ലക്ഷം കോടിയുടെ ആസ്തിയുമായി ഹുറൂൺ സമ്പന്ന പട്ടികയിൽ അദാനിയായിരുന്നു ഒന്നാമത്. 2023ലെ ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റിൽ അംബാനിയായിരുന്നു ഒന്നാമത്. 2022ൽ അദാനിയും. ചുരുക്കത്തിൽ ഇന്ത്യയിലെ സമ്പന്ന പട്ടം കുറച്ചു വർഷങ്ങളായി കൈവശം വെച്ച് പോരുകയാണ് അദാനിയും അംബാനിയും.
എച്ച്.സി.എൽ ടെക്നോളജീസ് ചെയർപേഴ്സൻ റോഷ്നി നാടാർ മൽഹോത്രയാണ് ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്ന വനിത. 2.84 ലക്ഷം കോടി രൂപയാണ് ഇവരുടെ ആസ്തി.രാജ്യത്തെ കോടീശ്വരൻമാരുടെ എണ്ണം 350 കടന്നിട്ടുണ്ട്. ഈ പട്ടികയിലുള്ളവരുടെ ആകെ സമ്പത്ത് 167ലക്ഷം കോടിയാണ്. ഇന്ത്യയുടെ ജി.ഡി.പിയുടെ പകുതിയോളം വരുമിത്.
യുവാക്കളും കോടീശ്വരൻമാരുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. പെർപ്ലക്സിറ്റി സ്ഥാപകൻ അരവിന്ദ് ശ്രീനിവാസ്(31) ആണ് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരൻ. 21,900 കോടി രൂപയാണ് അരവിന്ദിന്റെ ആസ്തി. മുംബൈയാണ് കോടീശ്വരൻമാരുടെ പ്രധാന തട്ടകം. രണ്ടാംസ്ഥാനത്ത് ന്യൂഡൽഹിയാണ്. ബംഗളുരുവാണ് മൂന്നാമത്.
ഷാരൂഖ് ഖാനാണ് ബോളിവുഡിലെ ഏറ്റവും സമ്പന്നനായ നടൻ. 12,490 കോടിയുടെ ആസ്തിയുമായാണ് ഷാരൂഖ് ബില്യണയർ ക്ലബിൽ ഇടംനേടിയത്. ഇന്ത്യയിലെ വിവിധ മേഖലകളിലെ സെലിബ്രിറ്റികളുടെ സമ്പത്ത് വിലയിരുത്തി ഹുറുൺ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന വാർഷിക പട്ടികയിലാണ് ഷാറൂഖ് ഒന്നാമതെത്തിയത്. 7790 കോടിയുടെ ആസ്തിയുമായി ജൂഹി ചാവ്ലയാണ് ബോളിവുഡ് താര സമ്പന്നരുടെ പട്ടികയിൽ രണ്ടാംസ്ഥാനത്ത്. 2,160 കോടിയുടെ ആസ്തിയുമായി ഹൃതിക് റോഷനാണ് മൂന്നാംസ്ഥാനത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

