പട്ടിണിയിൽനിന്ന് 14 കോടി കോടിയിലേക്ക്; പ്രതിസന്ധികളെ തോൽപിച്ച് ഐ.പി.എൽ താരം
text_fieldsമുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിലെ തകർപ്പൻ താരമാണ് കാർത്തിക് ശർമ്മ. കഴിഞ്ഞ ദിവസം അബൂദാബിയിൽ നടന്ന മിനി ലേലത്തിൽ 14.20 കോടി രൂപ നൽകിയാണ് ചെന്നൈ സൂപ്പർ കിങ്സ് താരത്തെ സ്വന്തമാക്കിയത്. ഒരു ക്രിക്കറ്റ് മത്സരത്തേക്കാൾ വെല്ലുവിളി നിറഞ്ഞ ജീവിതത്തിലൂടെ കടന്നുവന്നാണ് കാർത്തിക് ഐ.പി.എല്ലിലെ ഏറ്റവും ശ്രദ്ധേയ താരമായി മാറിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും പട്ടിണിയുമായിരുന്നു കാർത്തിക് എന്ന സൂപ്പർ സ്റ്റാറിന്റെ ഊർജം.
ഐ.പി.എൽ 19ാം എഡിഷന്റെ മിനി ലേലം പൂർത്തിയായ ശേഷം ജന്മനാടായ ഭരത്പൂറിലേക്ക് മടങ്ങിയ കാർത്തിക്കിന് രാജസ്ഥാനിലെ അഗർവാൾ ധരമശാലയിൽ ഖിർനി ഘട്ടിൽ വികാര നിർഭരമായ സ്വീകരണമാണ് നൽകിയത്. അഭിമാന താരത്തെ ഭരത്പൂർ ജില്ല ക്രിക്കറ്റ് അസോസിയേഷനും നഗരത്തിലെ പൗരപ്രമുഖരും ചേർന്ന് ആഘോഷത്തോടെ ആദരിച്ചു.
ആദരിക്കൽ ചടങ്ങിനിടെ കാർത്തിക്കിന്റെ അച്ഛൻ മനോജ് ശർമ്മ മനസ്സു തുറന്നു. തുച്ഛമായ വരുമാനം മാത്രമുണ്ടായിരുന്ന കാലത്ത് ഒരു ക്രിക്കറ്റ് താരത്തെ വളർത്തിയതിന്റെ വെല്ലുവിളിയും പ്രതിസന്ധിയുമാണ് അദ്ദേഹം പങ്കുവെച്ചത്. കാർത്തിക്കിന്റെ സ്വപ്നം യാഥാർഥ്യമാക്കാൻ കൈയിലുള്ളതെല്ലാം ചെലവഴിച്ചതിന്റെ കഥ അദ്ദേഹം ആദ്യമായി തുറന്നുപറഞ്ഞു. അവന്റെ ക്രിക്കറ്റ് പരിശീലനം മുടങ്ങരുതെന്ന് ഉറപ്പാക്കാൻ ബാഹ്നെറയിൽ ആകെയുണ്ടായിരുന്ന കൃഷി ഭൂമിയും അമ്മയുടെ ആഭരണങ്ങളും വിറ്റു. ജീവിതത്തിൽ ഏറ്റവും കടുത്ത വെല്ലുവിളി നേരിട്ട കാലഘട്ടമായിരുന്നു അതെന്ന് മനോജ് പറഞ്ഞു. എങ്കിലും അവന്റെ ക്രിക്കറ്റ് സ്വപ്നം വിടാൻ ഒരുക്കമായിരുന്നില്ല.
ഗ്വാളിയോറിൽ ഒരു ക്രിക്കറ്റ് ടൂർണമെന്റ് കളിക്കാൻ മകനോടെപ്പം പോയത് ജീവിതത്തിലെ മറക്കാൻ കഴിയാത്ത അനുഭവമായിരുന്നെന്ന് മനോജ് പറഞ്ഞു. നാലോ അഞ്ചോ ദിവസത്തെ ജീവിത ചെലവിനുള്ള പണം മാത്രമേ കൈയിലുണ്ടായിരുന്നുള്ളൂ. പക്ഷെ, കാർത്തിക്കിന്റെ പ്രകടനത്തിന്റെ മികവിൽ ടീം ഫൈനലിൽ കടന്നു. അതോടെ കൂടുതൽ ദിവസങ്ങൾ ഗ്വാളിയോറിൽ തങ്ങേണ്ടി വന്നു. റൂം വാടകക്ക് എടുക്കാനും ഭക്ഷണം കഴിക്കാനും പണം ഇല്ലായിരുന്നു. ഇതോടെ അച്ഛനും മകനും രാത്രി ഒരു ഷെൽട്ടറിൽ കഴിച്ചുകൂട്ടി. പല രാത്രിയും പട്ടിണി കിടന്നു. ഒടുവിൽ ടീം ഫൈനലിൽ ജയിക്കുകയും പ്രൈസ് മണി ലഭിക്കുകയും ചെയ്ത ശേഷമാണ് വീട്ടിലേക്ക് മടങ്ങാൻ കഴിഞ്ഞതെന്നും മനോജ് ഓർക്കുന്നു.
രണ്ടര വയസ്സുള്ളപ്പോഴാണ് കാർത്തിക് ഒരു ക്രിക്കറ്റ് താരമാകുമെന്ന് ആദ്യമായി കുടുംബത്തിന് തോന്നിയത്. അന്ന് സിക്സർ ലക്ഷ്യമിട്ട് കാർത്തിക് അടിച്ചു പറത്തിയ ബോൾ വന്ന് പതിച്ച് വീട്ടിലെ രണ്ട് ഫോട്ടോ ഫ്രെയിമുകൾ തകർന്നു വീണു. ‘‘അവന് ഒരു പ്രത്യേകതയുണ്ടെന്ന് ആ നിമിഷമാണ് ഞങ്ങൾക്ക് തോന്നിയത്’’ - മനോജ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

