മെലോണിക്ക് മെലഡി മിഠായി സമ്മാനിച്ച് മോദി; വീഡിയോ വൈറലായതോടെ ഓഹരി വിപണിയിൽ പാര്‍ലെക്ക് മധുരക്കയറ്റം
text_fieldsഇറ്റലി സന്ദർശന വേളയിൽ നരേന്ദ്ര മോദി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ്ജിയ മെലോണിക്ക് മെലഡി മിഠായി സമ്മാനിച്ച വിഡിയോ വലിയ ചർച്ചയാവുകയാണ്. സന്ദർശന വേളയിൽ ഒരു പാക്കറ്റ് മെലഡി മിഠായി ആണ് മോദി മെലോണിക്ക് സമ്മാനിച്ചത്. ഇതിനു പിന്നാലെ ഓഹരി വിപണിയിൽ മധുരം നുണയുകയാണ് പാർലെ ഇന്‍റസ്ട്രീസ്. ഇന്ന് ഉച്ച വരെ നഷ്ടത്തിലാണ് കമ്പനി ഓഹരി വില പോയിക്കൊണ്ടിരുന്നതെങ്കിൽ, വീഡിയോ പുറത്തു വന്നതിനു പിന്നാലെ 4.84 രൂപയിൽ നിന്നും 5.25 രൂപയിലേക്കാണ് ഓഹരി കുതിച്ചു കയറിയത്.
എന്നാൽ ഈ കഥയിൽ ചെറിയൊരു ട്വിസ്റ്റുണ്ട്. പാർലെ ഇന്‍റസ്ട്രീസിന് പാർലെ മെലഡിയുമായി യാതൊരു ബന്ധവുമില്ല. പാർലെ പ്രൊഡക്ട്സാണ് പാർലെ ജി, ക്രാക്ക്ജാക്ക്, ഹൈഡ് ആന്‍റ് സീക്ക്, പാർലെ മെലഡി തുടങ്ങിയ ഉത്പന്നങ്ങൾ നിർമ്മിക്കുന്നത്. പാർലെ പ്രൊഡക്ട്സ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടില്ല. മെലോനിക്ക് മോദി മെലഡി നൽകിയതോടെ ഇന്ത്യൻ ഉത്പന്നങ്ങൾക്കും കമ്പനിക്കും ആഗോള ശ്രദ്ധ ലഭിച്ചുവെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.
റിയൽ എസ്റ്റേറ്റ്, ഇൻഫ്രാസ്ട്രക്ചർ നിർമ്മാണം, മാലിന്യ സംസ്‌കരണം, മാലിന്യ പുനരുപയോഗം എന്നിങ്ങനെയാണ് പാർലെ ഇന്‍റസ്ട്രീസിന്‍റെ മേഖലകൾ. പേരിന്‍റെ സാമ്യതകൊണ്ട് ഇന്ന് പാർലെ ഇന്‍റസ്ട്രീസിന് ഭാഗ്യക്കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ്ജിയ മെലോണി തന്നെ തന്‍റെ എക്സ് അക്കൗണ്ടിൽ വീഡിയോ പങ്കുവെക്കുകയായിരുന്നു. 12 സെക്കന്‍റ് ആണ് വിഡിയോ ദൈർഘ്യം. മെലഡി എന്ന ഹാഷ് ടാഗോടെയാണ് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇതിനു പിന്നാലെ വിമർശനങ്ങളും ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

