വിദേശ ആസ്തികൾ വെളിപ്പെടുത്തണം, ഇല്ലെങ്കിൽ ജയിൽ; മുന്നറിയിപ്പുമായി ആദായനികുതി വകുപ്പ്
text_fieldsമുംബൈ: ‘‘ജീവനക്കാർ വിദേശ ആസ്തിയും വരുമാനവും വെളിപ്പെടുത്തണം. ഇല്ലെങ്കിൽ വൻ തുക പിഴയടക്കേണ്ടി വരികയോ ജയിലിൽ കിടക്കേണ്ട വരികയോ ചെയ്യും’’. രാജ്യത്തെ വൻകിട ബഹുരാഷ്ട്ര കമ്പനികൾക്ക് ആദായ നികുതി വകുപ്പ് നൽകിയ മുന്നറിയിപ്പാണിത്. ആസ്തികൾ വെളിപ്പെടുത്താൻ ഡിസംബർ 31വരെയാണ് സമയപരിധി നൽകിയത്.
പ്രമുഖ കൺസ്യൂമർ ഹെൽത് കെയർ, ടെലികോം, സെമികണ്ടക്ടർ ഡിസൈനർ കമ്പനികൾക്കാണ് നോട്ടിസ് ലഭിച്ചത്. രാജ്യത്തെ അവരുടെ 30 ഓളം ജീവനക്കാർക്ക് വിദേശത്തു സ്വത്തുള്ളതായി വിവരം കിട്ടിയിട്ടുണ്ടെന്ന് കമ്പനികൾക്ക് അയച്ച ഇ-മെയിലിൽ ആദായ നികുതി വകുപ്പ് വ്യക്തമാക്കി. രഹസ്യസ്വഭാവം ഉറപ്പുവരുത്താനാണ് ജീവനക്കാരുടെ പേര് വിവരം വെളിപ്പെടുത്താത്തത്. ഇവർ വിദേശ സ്വത്തുക്കളും വരുമാനവും വെളിപ്പെടുത്തണമെന്നും വകുപ്പ് ആവശ്യപ്പെട്ടു. വിവരം അറിയിച്ചിട്ടും വെളിപ്പെടുത്താത്ത ജീവനക്കാരുടെമേൽ 10 ലക്ഷം രൂപ വരെ പിഴ ചുമത്തും. മാത്രമല്ല, കള്ളപ്പണം തടയൽ നിയമ പ്രകാരം തടവു ശിക്ഷ ലഭിക്കുമെന്നും ആദായ നികുതി വകുപ്പ് അറിയിച്ചു.
ആദായ നികുതി വകുപ്പ് ഒരിക്കലും അറിയില്ലെന്ന തെറ്റിദ്ധാരണ മൂലം വിദേശ ബാങ്കിലെ അക്കൗണ്ടിൽ ഡിവിഡന്റും മൂലധന നേട്ടവും ലഭിച്ച കാര്യം വെളിപ്പെടുത്തേണ്ടതില്ലെന്നാണ് ബഹുരാഷ്ട്ര കമ്പനികളുടെ ജീവനക്കാർക്ക് ടാക്സ് പ്രഫഷനൽസ് നൽകുന്ന ഉപദേശം. നിയമ നടപടികളോടുള്ള തികഞ്ഞ അവഗണന മനോഭാവമാണ് ജീവനക്കാരുടെ നിലപാടിന് പിന്നിൽ.
എന്നാൽ, മറ്റ് രാജ്യങ്ങളുമായി ഡാറ്റ പങ്കിടണമെന്ന് ആവശ്യപ്പെടുന്ന യു.എസ് ഇന്റേണൽ റവന്യൂ സർവിസിന്റെ ഫോറിൻ അക്കൗണ്ട് ടാക്സ് കംപ്ലയൻസ് ആക്ടും യു.എസ് ഒഴികെയുള്ള രാജ്യങ്ങൾ സാമ്പത്തിക വിവരങ്ങൾ പങ്കിടുന്ന കോമൺ റിപ്പോർട്ടിങ് സ്റ്റാൻഡേർഡ്സും കാരണം വിദേശ ആസ്തിയും വരുമാനവും സംബന്ധിച്ച വിവരങ്ങൾ ആദായ നികുതി വകുപ്പിന് ലഭിക്കും.
കേട്ടുകേൾവി പോലുമില്ലാത്ത വേഗത്തിലാണ് ഡാറ്റ കൈമാറ്റം ചെയ്യപ്പെടുന്നതെന്ന് നികുതി, വിദേശ വിനിമയ രംഗത്ത് പ്രവർത്തിക്കുന്ന മുംബൈ ആസ്ഥാനമായുള്ള പഴയ സ്ഥാപനമായ ജയന്തിലാൽ തക്കർ & കമ്പനിയുടെ പാട്ണർ രാജേഷ് ഷാ പറഞ്ഞു. വർഷത്തിന്റെ പകുതിയോടെ തന്നെ സർക്കാറിന് എല്ലാ വിവരങ്ങളും ലഭിക്കുന്നുണ്ട്. റിട്ടേണുകൾ പുതുക്കാനും പുതിയത് സമർപ്പിക്കാനും കേസിൽ പെടാതിരിക്കാനും എസ്.എം.എസും ഇ-മെയിലുകളും വഴി നികുതിദായകരെ ആദായ നികുതി വകുപ്പ് ഓർമപ്പെടുത്താറുണ്ട്. നിലവിലെ സാഹചര്യത്തിൽ വിദേശ ആസ്തികൾ വെളിപ്പെടുത്തുകയല്ലാതെ നികുതി ദായകർക്ക് മറ്റു മാർഗമില്ലെന്നും അദ്ദേഹം പറഞ്ഞു.
വിദേശ ബാങ്ക് അക്കൗണ്ടിൽ പലിശ, ലാഭവിഹിതം, വാടക, മൂലധന നേട്ടം, മറ്റ് വരുമാനം എന്നിവ ലഭിച്ചവർ ഇക്കാര്യം ആദായ നികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ വെളിപ്പെടുത്തണം. എന്നാൽ, ബഹുരാഷ്ട്ര കമ്പനികളിലെ നിരവധി ഉന്നത ജീവനക്കാർ വിദേശ ആസ്തികൾ മറച്ചുവെക്കുകയും നികുതി വെട്ടിക്കുകയുമാണ് ചെയ്യുന്നത്. ഈ വർഷം ജൂലൈ ഒന്നിന് പ്രാബല്യത്തിൽ വന്ന കള്ളപ്പണം (വെളിപ്പെടുത്താത്ത വിദേശ വരുമാനവും ആസ്തികളും) നികുതി ചുമത്തൽ നിയമ പ്രകാരം നിങ്ങളുടെ പേരിലുള്ള വിദേശത്തെ ട്രസ്റ്റിനും ഓഹരി വിപണിയിൽ വ്യാപാരം ചെയ്യപ്പെടാത്ത കമ്പനികൾക്കും നിഴൽ കമ്പനികൾക്കും ബാങ്ക് അക്കൗണ്ടിലുള്ള പണത്തിലുംമേൽ നികുതി ചുമത്താം. അതേസമയം, ജീവനക്കാരുടെ വിദേശ ആസ്തികൾ കണ്ടെത്താനും നിരീക്ഷിക്കാനും കമ്പനികളുടെ മേൽ അന്യായ ബാധ്യത അടിച്ചേൽപ്പിക്കലാണ് ആദായ നികുതി വകുപ്പിന്റെ നിലപാടെന്ന് സി.എ സ്ഥാപകനായ ആഷിശ് കരുന്ദിയ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

