ബ്രിട്ടനിൽ വിവാദമായി പുതിയ നികുതി; ശതകോടീശ്വരൻ ലക്ഷ്മി മിത്തൽ നാടുവിട്ടു
text_fieldsലണ്ടൻ: ബ്രിട്ടനിലെ ശതകോടീശ്വരനും ഇന്ത്യൻ വംശജനുമായ വ്യവസായി ലക്ഷ്മി മിത്തൽ നാടുവിട്ടു. രാജ്യത്തെ സമ്പന്നരെ ലക്ഷ്യമിട്ട് യു.കെയിലെ ലേബർ സർക്കാർ പുതിയ നികുതി അവതരിപ്പിക്കാൻ തയാറെടുക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നാടുവിടൽ. ബുധനാഴ്ചയാണ് രാജ്യത്തിന്റെ ചാൻസലർ ഓഫ് ദി എക്സ്‌ചെക്കർ അതായത് ധനമന്ത്രി റേച്ചൽ റീവ്സ് ബജറ്റ് അവതരിപ്പിക്കുന്നത്. ബജറ്റിന് മുമ്പ് രാജ്യം വിടുന്ന അവസാനത്തെ ശതകോടീശ്വരനാണ് 75 കാരനായ മിത്തൽ.
രാജസ്ഥാനിൽ ജനിച്ച മിത്തൽ ഇനി ദുബൈയിലാണ് കഴിയുക. ദുബൈയിൽ അദ്ദേഹത്തിന് ആഢംബര ഭവനമുണ്ട്. മാത്രമല്ല യു.എ.ഇയിലെ നഇയ ദ്വീപിനടുത്ത് വൻതോതിൽ ഭൂമി വാങ്ങിയതായും റിപ്പോർട്ടുണ്ട്.
ഈ വർഷത്തെ സണ്ടെ ടൈംസ് പത്രത്തിന്റെ സമ്പന്നരുടെ പട്ടികയിൽ ഉൾപ്പെട്ട മിത്തൽ, 15.4 ബില്ല്യൻ പൗണ്ട് ആസ്തിയുമായി ബ്രിട്ടനിൽ എട്ടാം സ്ഥാനത്താണ്. ലോകത്തെ ഏറ്റവും വലിയ ഉരുക്കുനിർമാണ കമ്പനിയായ ആർസലർ മിത്തൽ സ്ഥാപനകനാണ് അദ്ദേഹം.
ബ്രിട്ടീഷ് സർക്കാർ നേരിടുന്ന 20 ബില്ല്യൻ പൗണ്ടിന്റെ ധനക്കമ്മി പരിഹരിക്കുകയെന്ന ലക്ഷ്യമിട്ടാണ് സമ്പന്നർക്ക് മേൽ നികുതി ചുമത്താനുള്ള നീക്കം. ലേബർ പാർട്ടി കഴിഞ്ഞ വർഷം അധികാരത്തിൽ വന്ന ശേഷം ആദ്യമായി അവതരിപ്പിച്ച ബജറ്റിൽ ഓഹരി അടക്കമുള്ള മൂലധന നേട്ടങ്ങൾക്ക് നികുതി വർധിപ്പിച്ചിരുന്നു. സംരഭം വിൽക്കുന്നവർക്ക് നൽകിയിരുന്ന നികുതിയിളവ് കുറച്ചു. കുടുംബ ബിസിനസ് ഏറ്റെടുക്കുന്നവർക്കുമേൽ കൂടുതൽ അനന്തരാവകാശ നികുതിയും ചുമത്തി.
പുതിയ ബജറ്റിൽ യു.കെ വിടുന്നവർക്കുമേൽ 20 ശതമാനം ‘എക്സിറ്റ് ടാക്സ്’ ചുമത്താൻ അടക്കം പദ്ധതിയുണ്ടെന്ന അഭ്യൂഹം സമ്പന്നർക്കിടയിൽ ആശങ്കക്കിടയാക്കിയിരുന്നു. പ്രശ്നം അനന്തരാവകാശ നികുതിയാണെന്ന് മിത്തലിന്റെ സഹായി സണ്ടെ ടൈംസിനോട് പറഞ്ഞു. വരുമാനത്തിനുമേലോ മൂലധന നേട്ടത്തിനുമേലോ അല്ല അനന്തരാവകാശ നികുതി നികുതി ചുമത്തുന്നത്. ലോകമെമ്പാടുമുള്ള മുഴുവൻ ആസ്തികൾക്കും യു.കെയിൽ അനന്തരാവകാശ നികുതി നൽകേണ്ടി വരുന്നതിന്റെ കാരണം പല സമ്പന്നർക്കും മനസ്സിലാകുന്നില്ല. അതുകൊണ്ട്, നാടുവിടുകയല്ലാതെ മറ്റു മാർഗമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
40 ശതമാനം വരെ അനന്തരാവകാശ നികുതിയാണ് യുകെ ചുമത്തുന്നത്. അതേസമയം, ദുബായിയോ സ്വിറ്റ്സർലൻഡോ അത്തരം തീരുവകൾ ചുമത്തുന്നില്ല. മിത്തലിന്റെ മുമ്പ് ഇന്ത്യൻ വംശജനും എ.ഐ സ്റ്റാർട്ട്അപ് ഉടമയുമായ 37കാരൻ ഹെർമൻ നരൂളയും ഈയിടെ ബ്രിട്ടൻ ഉപേക്ഷിച്ചിരുന്നു. രണ്ട് വയസ്സ് മുതൽ ബ്രിട്ടനിൽ കഴിയുന്ന നരൂള ദുബൈയിലേക്കാണ് താമസം മാറ്റിയത്. ഓഹരി വിറ്റില്ലെങ്കിൽ പോലും ബ്രിട്ടനിൽനിന്ന് പോകുകയാണെങ്കിൽ നികുതി നൽകണമെന്ന് പറയുന്നത് ഭ്രാന്താണെന്നായിരുന്നു എക്സിറ്റ് ടാക്സിനെ കുറിച്ച് നരൂലയുടെ ആദ്യ പ്രതികരണം. എക്‌സിറ്റ് ടാക്സിനുള്ള നീക്കം സർക്കാർ ഉപേക്ഷിച്ചുവെന്ന റിപ്പോർട്ടുകൾക്ക് ശേഷവും തീരുമാനം മാറ്റാൻ അദ്ദേഹം തയാറായില്ല.
ലണ്ടൻ ആസ്ഥാനമായ റിവോൾട്ടിന്റെ സഹസ്ഥാപകനായ നിക്ക് സ്റ്റോറോൺസ്‌കി യു.എ.ഇയിലേക്ക് മാറിയതോടെയാണ് എക്സിറ്റ് ടാക്സ് വിവാദമായത്. ഓഹരി വിൽപനയിലൂടെ നൽകേണ്ടിവരുന്ന മൂന്ന് ബില്ല്യൻ പൗണ്ടിന്റെ നികുതിയാണ് നാടുവിട്ടതിലൂടെ അദ്ദേഹം വെട്ടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

