സ്മാർട്ട് ഫോൺ വാങ്ങുന്നവർ ശ്രദ്ധിക്കുക; ഇനി വൻ വില നൽകേണ്ടി വരും
text_fieldsന്യൂഡൽഹി: നിങ്ങൾ പുതിയ മൊബൈൽ സ്മാർട്ട് ഫോൺ വാങ്ങാനിരിക്കുകയാണെങ്കിൽ ശ്രദ്ധിക്കുക, വില അധികം വൈകാതെ കുത്തനെ ഉയരും. കാരണം, രാജ്യത്ത് മെമ്മറി ചിപ്പുകൾക്ക് വൻ ക്ഷാമമാണ് നേരിടുന്നത്. എ.ഐ ഡാറ്റ സെന്ററുകൾ വളരാൻ തുടങ്ങിയതോടെയാണ് മെമ്മറി ചിപ്പുകൾക്ക് ക്ഷാമം നേരിട്ടത്.
എ.ഐ ഡാറ്റ സെന്ററുകളുടെ ആവശ്യം വർധിച്ചതോടെ ഉയർന്ന ബാൻഡ്‍വിഡ്തിലുള്ള മെമ്മറി ചിപ്പുകൾ നിർമിക്കാനാണ് കമ്പനികൾ പ്രാധാന്യം നൽകുന്നത്. ഇതു കാരണം മൊബൈൽ ഫോണുകൾക്ക് ആവശ്യമായ കുറഞ്ഞ ബാൻഡ്‍വിഡ്തിലുള്ള മെമ്മറി ചിപ്പുകളുടെ വിതരണം ഇടിഞ്ഞതായാണ് റിപ്പോർട്ട്.
നിലവിൽ ഉയർന്ന വിലയുള്ള സ്മാർട്ട് ഫോണുകളെ ചിപ് ക്ഷാമം ബാധിക്കില്ല. എന്നാൽ, ഇടത്തരം, താഴ്ന്ന വിലയിലുള്ള സ്മാർട്ട്‌ഫോണുകൾക്ക് വില കുതിച്ചുയരുമെന്ന് ചിപ് നിർമാണ വ്യവസായ മേഖലയിലെ ഗവേഷകരായ ട്രെൻഡ്ഫോഴ്സ് പറയുന്നു.
ക്ഷാമം രൂക്ഷമാകുന്നതിന് മുമ്പ് ആവശ്യത്തിന് ചിപ് ലഭ്യമാക്കാൻ മൊബൈൽ ഫോൺ നിർമാതാക്കൾ ശ്രമം തുടങ്ങിയിട്ടുണ്ട്. ചിപ്പുകളുടെ വില പത്ത് ശതമാനത്തിലേറെയാണ് ഉയരുകയെന്നും ട്രെൻഡ്ഫോഴ്സ് റിപ്പോർട്ട് വ്യക്തമാക്കി.
മൊബൈൽ ഫോണുകളിലും ടാബ്‍ലറ്റുകളിലും ഉപയോഗിക്കുന്ന എൽ.പി.ഡി.ഡി.ആർ.4എക്സ് (ലോ-പവർ ഡബിൾ ഡാറ്റ റേറ്റ് 4എക്സ്) ചിപ്പുകളുടെ വിലയാണ് ഉയരുക. കുറഞ്ഞ വൈദ്യുതിയിൽ കൂടുതൽ ശക്തമായ മെമ്മറി ലഭിക്കുമെന്നതാണ് ഈ ചിപ്പുകളുടെ പ്രത്യേകത.
അതുപോലെ മൊബൈൽ ഫോണുകളിൽ പവർ ഓഫ് ചെയ്താലും ഡാറ്റ നിലനിർത്തുന്ന നൻഡ് ഫ്ലാഷ് സ്റ്റോറേജ് ഘടകത്തിനും വില വർധിക്കും. അഞ്ച് മുതൽ 10 ശതമാനം വരെയാണ് വർധിക്കുകയെന്നും റിപ്പോർട്ടിൽ പറയുന്നു.
സ്മാർട്ട്‌ഫോണുകൾക്ക് മെമ്മറി ചിപ്പുകൾ വിതരണം ചെയ്യുന്നതിനേക്കാൾ എ.ഐ ഡാറ്റ സെന്ററുകൾക്ക് ഉയർന്ന ബാൻഡ്‍വിഡ്തിലുള്ള മെമ്മറി ചിപ്പുകൾ നിർമിക്കുന്നതാണ് കമ്പനികൾക്ക് ലാഭമെന്ന് കൗണ്ടർപോയിന്റ് റിസർച്ചിലെ അനലിസ്റ്റ് പർവ് ശർമ്മ പറഞ്ഞു.
ഏറ്റവും പ്രധാനപ്പെട്ട മെമ്മറി, സ്റ്റോറേജ് ഘടകങ്ങൾക്ക് ചെലവ് വർധിച്ചാൽ സ്മാർട്ട് ഫോൺ കമ്പനികൾ ഫീച്ചറുകൾ കുറക്കുകയോ അല്ലെങ്കിൽ വില കൂട്ടുകയോ ചെയ്യുമെന്നാണ് വ്യവസായ രംഗത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.
പുതിയ സ്മാർട്ട്‌ഫോണുകളുടെ വില വർധിപ്പിച്ചതിന് പിന്നാലെ ഉപഭോക്താക്കളിൽനിന്ന് ഷവോമി വൻ പ്രതിഷേധം നേരിട്ടിരുന്നു. നിർമാണ ചെലവ് വർധിച്ചതിനാൽ വില കൂട്ടാതിരിക്കാൻ നിർവാഹമില്ലെന്നാണ് ഷവോമി പ്രസിഡന്റ് ലു വെയ്ബിങ് സമൂഹ മാധ്യമങ്ങളിൽ പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

