31 പുതിയ മോഡലുകൾ; ഈ വർഷം കാറുകൾ വിപണി കീഴടക്കും
text_fieldsമുംബൈ: ഈ വർഷം ഇന്ത്യൻ വിപണിയിലേക്ക് ഇറങ്ങുന്നത് 30ലേറെ പുതിയ കാർ മോഡലുകൾ. മാരുതി സുസുകി, ടാറ്റ മോട്ടോർസ്, മഹീന്ദ്ര തുടങ്ങിയ വിവിധ കമ്പനികൾ ചേർന്നാണ് കാറുകൾ പുറത്തിറക്കുന്നത്. അഞ്ച് വർഷത്തിന് ശേഷം ആദ്യമായാണ് ഇത്രയേറെ മോഡൽ കാറുകൾ വിപണിയിലെത്തുന്നത്. കഴിഞ്ഞ വർഷം ജി.എസ്.ടി വെട്ടിക്കുറച്ചതിനെ തുടർന്ന് വില ഇടിഞ്ഞതും ഡിമാൻഡ് ഉയർന്നതുമാണ് പുതിയ മോഡലുകൾ പുറത്തിറക്കാൻ കമ്പനികൾക്ക് ഊർജം പകർന്നത്.
ഈ വർഷം വിപണിയിലെത്തുന്ന കാറുകളിൽ ഭൂരിഭാഗവും ഇലക്ട്രിക് ആണെന്ന പ്രത്യേകതകൂടിയുണ്ട്. ആദ്യം പുറത്തിറങ്ങാൻ പോകുന്നത് റിനോയുടെ ജനപ്രിയ സ്പോർട്സ് യൂട്ടിലിറ്റി വെഹിക്കിൾ (എസ്.യു.വി) ഡസ്റ്ററിന്റെ പുത്തൻതല എഡിഷനാണ്. ജനുവരി 26നാണ് ഡസ്റ്റർ വിപണിയിലെത്തുക. തൊട്ടുപിന്നാലെ മാരുതി സുസുകിയുടെ ആദ്യത്തെ ഇലക്ട്രിക് കാർ ഇ-വിറ്റാര രംഗത്തെത്തും. ടാറ്റ മോട്ടോർസ് രണ്ട് പുതിയ മോഡലുകളാണ് പദ്ധതിയിട്ടിരിക്കുന്നത്. അതിലൊന്ന് സിയെറ ഇ.വിയാണ്. വിയറ്റ്നാം ഇലക്ട്രിക് കാർ നിർമാതാക്കളായ വിൻഫാസ്റ്റ് മൂന്ന് മോഡലുകളുടെ വിൽപന തുടങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്. ചൈനയുടെ കാർ കമ്പനിയായ ലീപ്മോട്ടോർ ഫ്രാൻസിന്റെ സിട്രോണുമായി ചേർന്ന് രണ്ട് മോഡൽ കാറുകൾ വിൽക്കാനുള്ള ഒരുക്കത്തിലാണ്. ഇതിനെല്ലാം പുറമെ, ടൊയോട്ട കിർലോസ്കർ മോട്ടോർ ഒരു എസ്.യു.വി പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്.
ഡിസംബറോടെ മൊത്തം 31 പുതിയ മോഡൽ കാറുകളാണ് റോഡിലെത്തുക. 2021 മുതൽ ഇതുവരെ ഓരോ വർഷവും 10 മുതൽ 11 വരെ മോഡലുകളാണ് പുറത്തിറക്കിയിരുന്നത്. കഴിഞ്ഞ വർഷം 19 മോഡലുകൾ വിപണിയിലെത്തി. ഏഴ് സീറ്റുകളുള്ള മൾട്ടി പർപ്പസ് വെഹിക്കിളാണ് (എം.പി.വി) ഈ വർഷം ആദ്യം പുറത്തിറക്കുകയെന്ന് വിൻഫാസ്റ്റ് സി.ഇ.ഒ തപൻ ഘോഷ് പറഞ്ഞു. കുടുംബങ്ങൾക്ക് യാത്ര ചെയ്യാനും വാണിജ്യ ആവശ്യങ്ങൾക്ക് വേണ്ടിയുമാണ് പ്രീമിയം എം.പി.വി പുറത്തിറക്കുന്നത്. വ്യക്തികളുടെ സ്വകാര്യ ആവശ്യങ്ങൾക്ക് വേണ്ടി മാത്രമല്ല, കമ്പനികളുടെ ഫ്ലീറ്റുകളായും ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നതിനാലാണ് പ്രീമിയം എം.പി.വി. ഇതിനു പിന്നാലെ വ്യത്യസ്ത വിഭാഗങ്ങൾക്ക് വേണ്ടിയും പുതിയ മോഡലുകൾ പുറത്തിറക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മുൻ വർഷത്തെ അപേക്ഷിച്ച് ഡിസംബറിൽ പാസഞ്ചർ വാഹനങ്ങളുടെ വിൽപനയിൽ 27 ശതമാനത്തിന്റെ വർധനവാണുണ്ടായത്. കഴിഞ്ഞ വർഷം 4.49 ദശലക്ഷം കാറുകളാണ് പുറത്തിറക്കിയത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വോളിയമാണിത്. വിറ്റുപോയതിൽ 56 ശതമാനവും എസ്.യു.വികളാണ്. അതേസമയം, നിരവധി പുതിയ മോഡലുകൾ പുറത്തിറക്കുന്നുണ്ടെങ്കിലും ഈ വർഷം പാസഞ്ചർ കാറുകളുടെ ഡിമാൻഡ് ഉയരാൻ സാധ്യതയില്ലെന്ന് ഓട്ടോമോട്ടീവ് കൺസൾട്ടൻസി സ്ഥാപനമായ ജാറ്റോ ഡൈനാമിക്സിന്റെ പ്രസിഡന്റ് രവി ഭാട്ടിയ അഭിപ്രായപ്പെട്ടു. വൻകിട കമ്പനികൾ പുറത്തിറക്കുന്ന മിക്കതും പഴയ മോഡലുകൾ നവീകരിച്ചതാണ്. വിപണി മത്സരത്തിൽ പിടിച്ചുനിൽക്കാൻ മാത്രമേ ഇതു സഹായിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

